Latest News

മോഷണക്കുറ്റാരോപണത്തെ തുടര്‍ന്ന് കൂട്ടയാത്മഹത്യാശ്രമം: അച്ഛന് പിന്നാലെ മകളും...

2017-06-18 04:52:08am |

ചാത്തന്നൂര്‍(കൊല്ലം): മോഷണക്കുറ്റം ആരോപിച്ചു വ്യാപാരസ്‌ഥാപന ഉടമകള്‍ മര്‍ദിച്ചതിനെത്തുടര്‍ന്ന്‌ ആത്മഹത്യക്കു ശ്രമിച്ചു മരണമടഞ്ഞ നെടുങ്ങോലം വട്ടവിളവീട്ടില്‍ ബാലചന്ദ്രനു(53) പിന്നാലെ മകള്‍ അഞ്‌ജുചന്ദ്രനും(18) മരിച്ചു. ബാലചന്ദ്രന്റെ ഭാര്യ സുനിത(45) ഇപ്പോഴും അപകടനില തരണം ചെയ്‌തിട്ടില്ല.

കൊല്ലം പരവൂര്‍ നെടുങ്ങോലത്തു കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെയായിരുന്നു സംഭവം. പരവൂര്‍ മഞ്ചാടി മുക്കിലെ പലചരക്ക്‌ മൊത്തവ്യാപാര സ്‌ഥാപനത്തിലെ ജീവനക്കാരനായ ബാലചന്ദ്രനെ മോഷണകുറ്റം ആരോപിച്ചു കടയുടമകള്‍ മര്‍ദിച്ചതിലുള്ള മാനഹാനിയെത്തുടര്‍ന്നാണു കുടുംബം ആത്മഹത്യക്കു ശ്രമിച്ചത്‌. മൂവരേയും പാരിപ്പളളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ബാലചന്ദ്രന്‍ മരിച്ചു. ഭാര്യ സുനിതയും മകള്‍ അഞ്‌ജുവും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അഞ്‌ജു അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതാണ്‌. എന്നാല്‍ ഇന്നലെ രാവിലെ ആറോടെ മരിച്ചു. പ്ലസ്‌ ടൂ വിദ്യാര്‍ഥിനിയായ അഞ്‌ജു പഠനത്തില്‍ മിടുക്കിയായിരുന്നു.

ചാത്തന്നൂര്‍ എസ്‌.എന്‍ ട്രസ്‌റ്റ്‌ സ്‌കൂളില്‍ പത്താം ക്ലാസില്‍ ഒന്‍പത്‌ എ പ്ലസ്‌ വാങ്ങിയാണു വിജയിച്ചത്‌. കൂടാതെ 2015-ലെ സംസ്‌ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ഹിന്ദി കവിതാരചനയില്‍ എ ഗ്രേഡും നേടിയിട്ടുണ്ട്‌. പിതാവിന്റെ സംസ്‌കാരം ഇന്നലെ രാവിലെ 11നു നടത്താനിരിക്കെയാണു അഞ്‌ജു മരിച്ചത്‌. തുടര്‍ന്ന്‌ ഇരുവരുടേയും മൃതദേഹങ്ങള്‍ വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ജോലിക്കു നിന്ന കടയില്‍നിന്നും പണം അപഹരിച്ചുവെന്ന്‌ ആരോപിച്ചാണ്‌ ബാലചന്ദ്രനെ കടയുടമയും മക്കളും മറ്റു ജീവനക്കാരും ചേര്‍ന്നു മര്‍ദിച്ചത്‌.

വിവാഹം കഴിച്ചയച്ച മൂത്തമകള്‍ ബിനിചന്ദ്രന്റെ വര്‍ക്കലയിലെ ഭര്‍ത്തൃഗൃഹത്തിലും കടയുടമയും കൂട്ടാളികളുമെത്തി പണാപഹരണവുമായി ബന്ധപ്പെട്ടു ബഹളമുണ്ടാക്കിയിരുന്നു. ഇതിനുപുറമെ കഴിഞ്ഞ തിങ്കളാഴ്‌ച ബാലചന്ദ്രനെ വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടുപോയി പരവൂരിലെ കടയില്‍വച്ചു വീണ്ടും മര്‍ദിച്ചു. തുടര്‍ന്ന്‌ പോലീസെത്തി ബാലചന്ദ്രനേയും കടയുടമയേയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി കേസ്‌ ഒത്തുതീര്‍പ്പാക്കി.

ഇതിനുശേഷമാണ്‌ ആത്മഹത്യാശ്രമം നടന്നത്‌. കേസില്‍ പരവൂര്‍ പോലീസ്‌ എട്ടുപേരെ അറസ്‌റ്റ്‌ ചെയ്‌തു. പോലീസ്‌ കണ്ടെടുത്ത ജീവനക്കാരന്റെ ആത്മഹത്യാകുറിപ്പില്‍ പറഞ്ഞിട്ടുള്ള കടയുടമ പരവൂര്‍ കൂനയില്‍ രേവതിയില്‍ രാജേന്ദ്രന്‍ (50), ഇയാളുടെ മക്കളായ അരുണ്‍ രാജ്‌ (30), അതുല്‍രാജ്‌ (28), കടയിലെ ജീവനക്കാരനായ പൂതക്കുളം കലയ്‌ക്കോട്‌ രേവതിയില്‍ രാജന്‍ (50), പൂതക്കുളം ഞാറക്കോട്‌ പുരയിടം വീട്ടില്‍ സദാശിവന്‍ കൃഷ്‌ണകുമാര്‍ (36), കലയ്‌ക്കോട്‌ ഷാലുഭവനില്‍ മോഹനന്‍ (38), അതുല്‍ രാജിന്റെ സുഹൃത്തുക്കളുമായ ഒഴുകുപാറ മഹി നിവാസില്‍ വീട്ടില്‍ മനു (27), തഴുത്തല പേരയം ചേരിയില്‍ കാര്‍ത്തികയില്‍ രഞ്‌ജിത്ത്‌ (23) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവര്‍ റിമാന്‍ഡിലാണ്‌.