Latest News

മുന്നില്‍ പൈലറ്റ്‌, പിന്നില്‍ ഇടിവണ്ടി; കൊല്ലത്തു മുകേഷാണു താരം..!

2017-07-16 04:49:40am |

കൊല്ലം: മുകേഷാണ്‌ ഇപ്പോള്‍ കൊല്ലത്തു താരം! മുന്നില്‍ പൈലറ്റ്‌, പിന്നില്‍ പോലീസിന്റെ "ഇടിവണ്ടി". സി.പി.എം. നേതാക്കളുടെ അകമ്പടി വേറെ. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ്‌ അറസ്‌റ്റിലായതിനെ തുടര്‍ന്നാണു മുകേഷിനു നിനച്ചിരിക്കാതെ "സുരക്ഷ" വേണ്ടിവന്നത്‌. മുഖ്യമന്ത്രിക്കും കേന്ദ്ര മന്ത്രിക്കും ലഭിക്കാത്ത സുരക്ഷയാണ്‌ എം.എല്‍.എയ്‌ക്ക്‌. കോണ്‍ഗ്രസ്‌, ബി.ജെ.പി. പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്നാണു കനത്ത സുരക്ഷാവലയം ഒരുക്കിയതെന്നാണു വിശദീകരണം.

എം.എല്‍.എ. എന്ന നിലയില്‍ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന സുവനീറിന്റെ പ്രകാശനത്തിനായി കൊല്ലം പ്രസ്‌ ക്ലബില്‍ എത്തിയ മുകേഷിന്‌ ഏര്‍പ്പെടുത്തിയ പോലീസ്‌ സുരക്ഷ കണ്ടു നഗരവാസികളും യാത്രക്കാരും ഞെട്ടി. ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ ഉള്‍പ്പടെയുള്ള അമ്പതോളം പോലീസുകാരും രണ്ടു വലിയ വണ്ടിനിറയെ എ.ആര്‍. ക്യാമ്പിലെ പോലീസുകാരും അണിനിരന്നിരുന്നു. എസ്‌കോര്‍ട്ടായി രണ്ടു വണ്ടി പോലീസ്‌ വേറെയും. മുകേഷിനെ തടയാനാണെന്നു തെറ്റിദ്ധരിച്ചു കഴിഞ്ഞദിവസം പെരുമണ്‍ തീവണ്ടി ദുരന്തദിനാചരണത്തില്‍ റീത്തുമായി എത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ വളഞ്ഞിട്ടുപിടിച്ച പോലീസുകാര്‍ ഇന്നലെയും ജാഗരൂഗരായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ചപോലെ പ്രതിഷേധക്കാരുടേയോ ദിനാചരണക്കാരുടേയോ പൊടിപോലും കണ്ടില്ല. ഏതായാലും സി.പി.എം. മുകേഷിനെ കൈവിടില്ലെന്നു തെളിയിക്കുന്നതായിരുന്നു പ്രസ്‌ ക്ലബിലെ പ്രകാശന ചടങ്ങ്‌.

അമ്മയുടെ യോഗത്തില്‍ മുകേഷ്‌ മാധ്യമങ്ങളോടു പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നും നടന്‍ ദിലീപ്‌ അറസ്‌റ്റിലായതിനെത്തുടര്‍ന്നും സി.പി.എം. കൊല്ലം ജില്ലാ കമ്മറ്റിയില്‍ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളും അമര്‍ഷവും മറന്നാണ്‌ പി.കെ. ഗുരുദാസന്‍ ഉള്‍പ്പടെയുള്ള സി.പി.എം. നേതാക്കള്‍ മുകേഷിനെ ചടങ്ങില്‍ പുകഴ്‌ത്തിയത്‌. പോരെങ്കില്‍ മുകേഷിന്റെ മുഖചിത്രത്തോടെ സിനിമാ വാരികയെ വെല്ലുന്ന 26 പേജുള്ള, എം.എല്‍.എയുടെ നേട്ടങ്ങള്‍ വിവരിക്കുന്ന ബഹുവര്‍ണ സുവനീറും പ്രകാശനം ചെയ്‌തു. തൊട്ടടുത്ത ഇരവിപുരം മണ്ഡലത്തിലെ എം. നൗഷാദ്‌ എം.എല്‍.എയുടെ സാന്നിധ്യത്തിലാണു മുകേഷിന്റേതു മാത്രമായി സുവനീര്‍ പ്രസിദ്ധീകരിച്ചത്‌.