Latest News

ചതിക്കപ്പെട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ ഒരമ്മയും മകനും; രാജലക്ഷ്മിയ്ക്കും കമല്‍നാഥിനും ആശ്രയം റെയില്‍വേ പ്ലാറ്റ്‌ഫോം

2017-03-15 02:36:38am |

തൃപ്പൂണിത്തുറ: എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നവരാണ് ഈ അമ്മയും മകനും. പക്ഷേ ഇന്ന് ഉടുതുണിക്ക് മറുതുണിയില്ലാതെ, കയറികിടക്കാന്‍ തെരുവിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇവര്‍. ഉറ്റവരുടെയും ഉടയവരുടെയും ചതിക്കുഴിയില്‍ അകപ്പെട്ട് കിടപ്പാടം പോലും നഷ്ട്ടപ്പെട്ട രാജലക്ഷ്മിയ്ക്കും മകന്‍ കമല്‍നാഥിനും ഇപ്പോള്‍ എറണാകുളത്തെ റെയില്‍വേ പ്ലാറ്റ്‌ഫോമുകളാണ് ആശ്രയം.

ഓച്ചിറയ്ക്കടുത്തു ക്ളാപ്പന സ്വദേശിനിയാണ് രാജലക്ഷ്മി. നല്ല സാമ്പത്തിക നിലവാരമുള്ള കുടുംബമായിരുന്നു ഇവരുടേത്. കൊച്ചി തേവര മട്ടമ്മലില്‍ ബാബു എന്നയാളാണ് രാജലക്ഷ്മിയെ വിവാഹം കഴിച്ചത്. ഭര്‍ത്താവിന്റെ വീട്ടുകാരും നല്ല സാമ്പത്തിക നിലയിലുള്ളവരാണ്. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു. അതോടെ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ ചേര്‍ന്ന് രാജലക്ഷ്മിയെയും മകനെയും പുറത്താക്കി.

സ്ത്രീധനമായി 50 പവന്‍ നല്‍കിയാണ് വീട്ടുകാര്‍ രാജലക്ഷ്മിയുടെ വിവാഹം നടത്തിയത്. അതും ഭര്‍ത്താവിന്റെ വീട്ടുകാര്‍ തട്ടിയെടുത്തെന്ന് ഇവര്‍ പറയുന്നു. രാജലക്ഷ്മിക്ക് അമ്മ വില്‍പ്പത്ര പ്രകാരം നല്‍കിയിരുന്ന സ്വത്ത് രാജലക്ഷ്മിയുടെ സഹോദരങ്ങളും കള്ളപ്രമാണമുണ്ടാക്കി െകെവശപ്പെടുത്തുകയും ചെയ്തു. പഠനെവെകല്യമുള്ള കുട്ടികളെയും ഓട്ടിസം ബാധിച്ച കുട്ടികളെയും പഠിപ്പിക്കുവാന്‍ പരിശീലിപ്പിക്കുന്ന രാജലക്ഷ്മി അത്തരത്തിലുള്ള സ്ഥാപനം തുടങ്ങുവാന്‍ വാടക കെട്ടിടമെടുത്ത് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം ശാഖയില്‍ അപേക്ഷ നല്‍കിയെങ്കിലും അവരും െകെയൊഴിഞ്ഞു.

വാടക ഒരുമാസം നല്‍കിയില്ല എന്ന കാരണത്താല്‍ ഏറണാകുളത്തെ വീട്ടുടമ ഇവരുടെ അഡ്വാന്‍സ് തുക പോലും നല്‍കാതെ ഇറക്കിവിട്ടു. രാജലക്ഷ്മി എച്ച്.ഡി.എഫ്.സി ബാങ്കില്‍ നിന്നും ലോണെടുത്ത് വാങ്ങിയ ആള്‍ട്ടോ കാര്‍ പരിചയക്കാരിയായ ശോഭാമണി എന്ന സ്വകാര്യ ഇന്‍ഷുറന്‍സ് ഏജന്റ് വായ്പ താന്‍ അടച്ചുകൊള്ളാം എന്ന ഉറപ്പിന്മേല്‍ കൊണ്ടുപോയതാണ് . ഇപ്പോള്‍ കാറുമില്ല വായ്പ തിരിച്ചടയ്ക്കുന്നുമില്ല. ശോഭാമണി എവിടെയാണെന്നുപോലും ഇപ്പോള്‍ രാജലക്ഷ്മിക്ക് അറിയില്ല.

കാറിന്റെ വായ്പ മുടങ്ങിയതിന് ഇപ്പോള്‍ ബാങ്ക് ജപ്തി നടപടികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. വാടക വീട്ടില്‍നിന്നും ഇറക്കി വിടുമ്പോള്‍ ഉണ്ടായിരുന്ന ഫര്‍ണിച്ചറും വസ്ത്രവുമെല്ലാം കൊണ്ടുവരുവാന്‍ ഏര്‍പ്പാടാക്കിയ മരട് സ്വദേശിയായ ഡ്രൈവര്‍ ആ സാധനങ്ങളുമായി മുങ്ങിയെന്നും ഇവര്‍ പറയുന്നു.

നല്ല നിലയില്‍ കഴിഞ്ഞിരുന്ന ഈ അമ്മയുടെയും മകന്റെയും ദുരവസ്ഥ സുഹൃത്തില്‍നിന്നും മനസിലാക്കിയ തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തിനുസമീപം പൂര്‍ണശ്രീ എന്ന സ്ഥാപനം നടത്തുന്ന സീന എന്ന യുവതി ഇന്നലെ അമ്മയെയും മകനെയും തൃപ്പൂണിത്തുറയില്‍ വിളിച്ചുവരുത്തി. ഇവരുടെ മരടിലെ കൊച്ചുവീട്ടില്‍ താല്‍ക്കാലികമായി താമസിക്കുവാന്‍ സൗകര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ അത് എത്ര നാളെന്നറിയില്ല.അവകാശപ്പെട്ട സ്വത്തും പണവും എല്ലാം തട്ടിയെടുത്ത സ്വന്തം സഹോദരങ്ങളും ബന്ധുക്കളും മണിമേടകളില്‍ കഴിയുമ്പോള്‍ ഒന്നുമില്ലാതെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നിരിക്കുകയാണ് ഈ അമ്മയും മകനും.