Latest News

കാവി രാഷ്ട്രീയമല്ലെന്നുറപ്പാക്കി; പിണറായിയുടെ ആശിര്‍വാദത്തോടെ കമല്‍ ഹാസ്സന്‍ സിപിഎമ്മിലേയ്ക്ക്

2017-09-09 02:51:56am |

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്‍ കമല്‍ ഹാസ്സന്‍ ഓണക്കാലത്ത് നടത്തിയ കൂടികാഴ്ചയ്ക്ക് പിന്നാലെ കമലിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ശക്തമായ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഏത് പാര്‍ട്ടിയിലേയ്ക്കാകും കമലെത്തുക എന്ന സംശയങ്ങളുയരുന്നതിനിടെ ആദ്യം തന്നെ കമല്‍ ബിജെപിയെ തള്ളിയിരുന്നു. ഒരിക്കലും കാവി രാഷ്ട്രീയമായിരിക്കില്ല തന്റേതെന്ന് വ്യക്തമാക്കിയ കമല്‍ സിപിഎമ്മുമായി കൈ കോര്‍ക്കുന്നതായാണ് സൂചന.

ഹിന്ദുത്വ വര്‍ഗ്ഗീയതയ്‌ക്കെതിരെ നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച കമല്‍ വര്‍ഗ്ഗീയ വിരുദ്ധ പ്രചരണത്തില്‍ സിപിഎമ്മുമായി യോജിച്ച് നീങ്ങും. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം 16-ാം തീയതി കോഴിക്കോട് വര്‍ഗീയ ഫാസിസത്തിനെതിരെ നടക്കുന്ന ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

രജനികാന്തിന്റെ രാഷ്ട്രീയ പക്ഷത്തെക്കുറിച്ച് സ്ഥിതീകരണം ലഭിക്കാത്തതിനാലാണ് തന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് കമല്‍ പ്രഖ്യാപിക്കാത്തതെന്നാണ് സൂചന. എന്നാല്‍ തമിഴ്‌നാട്ടില്‍ മതേതര മുന്നണിക്ക് കമല്‍ നേതൃത്വം നല്‍കണമെന്നാണ് ഇടതു പക്ഷം. എന്നാലിത് കമല്‍ ഹാസ്സനാണ് തീരുമാനിക്കേണ്ടതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എകെ പദ്മനാഭന്‍ പറഞ്ഞു.