Latest News

പഴകിയ പടുതയ്ക്കു കീഴില്‍ ജടപിടിച്ചമുടിയും കീറിയ വസ്ത്രങ്ങളുമായി രണ്ടുപേര്‍; ആരും കൂട്ടിനില്ലാത്ത വയോധിക ദമ്പതികള്‍ക്ക് കൂട്ട് നാലു നായ്ക്കള്‍

2017-10-09 02:12:38am |

രാജാക്കാട്: ഇടിഞ്ഞുവീഴാവുന്ന കെട്ടിടം. അതിനുമുകളില്‍ പഴകിയ പടുതയ്ക്കു കീഴില്‍ ജടപിടിച്ചമുടിയും കീറിയ വസ്ത്രങ്ങളുമായി രണ്ടുപേര്‍- പേച്ചിമുത്തുവും സ്വര്‍ണ്ണത്തായിയും. അറിവ് സമ്പാദ്യമാണെങ്കില്‍ സ്വര്‍ണ്ണത്തായി ഇന്ന് സമ്പന്നയായേനെ. ആയിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഇവര്‍ ഇന്ന് ഇരുളിലാണ്. ജീവിതവും, രോഗവും പകര്‍ന്ന ഇരുളില്‍. പക്ഷേ പട്ടിണിക്കിടക്കയിലും ഇവരുടെ സമ്പാദ്യം നാലു നായ്ക്കളാണ്.

ഇവര്‍ ഉറങ്ങുമ്പോള്‍ ഉറങ്ങാതിരിക്കാനും ആരും ഉപദ്രവിക്കാതെ കരുതലോടെ കാവലിരിക്കാനും മക്കളില്ലാത്ത ഇവര്‍ പോറ്റിവളര്‍ത്തിയ നാലു നായ്ക്കള്‍. പൂപ്പാറിയിലെ തൊണ്ടിമലയിലാണ് ആരും കൂട്ടിനില്ലാത്ത വയോധിക ദമ്പതികള്‍ക്ക് കൂട്ടായി നായ്ക്കള്‍ ഇരിക്കുന്നത്.

എഴുപത്തിരണ്ട് വയസുകാരായ പൂപ്പാറ തോണ്ടിമലയിലെ പേച്ചിമുത്ത് , സ്വര്‍ണ്ണത്തായ് എന്നിവരാണ് കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ ഇവിടെ ദുരിത ജീവിതം നയിക്കുന്നത്. മേല്‍ക്കൂര തകര്‍ന്ന് ഏത് നീമിഷവും ഇടിഞ്ഞ് വീഴാറായ ഒറ്റമുറി കെട്ടിടത്തിന് മുകളില്‍ പ്ലാസ്റ്റിക് പടുത വലിച്ച് കെട്ടി ഇതിനുള്ളിലാണ് ഈ വൃദ്ധ ദമ്പതിമാരുടെ ജീവിതം. തമിഴ്‌നാട് സ്വദേശികളായ ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെയെത്തിയതാണ്. ദേവികുളം സര്‍ക്കാര്‍ എല്‍.പി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായിരുന്നു സ്വര്‍ണ്ണത്തായ്.

uploads/news/2017/10/153804/old-1.jpg

പേച്ചിമുത്ത് തയല്‍ക്കടയിലെ ജീവനക്കാരനും. പ്രണയിച്ചു വിവാഹം കഴിച്ച ഇരുവര്‍ക്കും കുട്ടികളില്ലായിരുന്നു. വീട്ടില്‍ വളര്‍ത്തിയ നാലു നായ്ക്കളായിരുന്നു കൂട്ടിന്.ഒരുമാസം മുന്‍പ് വരെ പേച്ചിമുത്ത് ജോലിക്ക് പോയിരുന്നു പ്രായാധിക്യമായതോടെ ഇരുവരും ഒറ്റയ്ക്കായി. അസുഖങ്ങള്‍ ബാധിച്ചതോടെ ഒരേ കട്ടിലില്‍ ഇരുവരും കിടപ്പായി. ഇവര്‍ കിടക്കുന്ന കട്ടിലിനരികിലെ കസേരയില്‍ ഇവര്‍ക്ക് കൂട്ടായി നായ്ക്കള്‍ ഉണര്‍ന്നിരിക്കും മറ്റാരും ഉപദ്രവിക്കാതിരിക്കാന്‍.

കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ആശാപ്രവര്‍ത്തകര്‍ ഇരുവരുടെയും ദുരിതാവസ്ഥ കണ്ടതോടെയാണ് പുറംലോകം വിവരം അറിയുന്നത്. മുന്‍പും ഇവിടെയെത്തി വിവരങ്ങള്‍ തിരക്കിയിരുന്ന ആശാപ്രവര്‍ത്തകയായ മായയും കൂട്ടുകാരികളായ സിന്ധുവും, രജനിയും കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് ഇരുവരെയും അവശ നിലയില്‍ കണ്ടെത്തിയത്. വാര്‍ഡ് മെമ്പര്‍ക്കും, ജനെമെത്രി പോലീസിനും ഇതു സംബന്ധിച്ച് വിവരം നല്‍കിയിട്ടുണ്ട്. ഇവരും സ്ഥലതെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.