Latest News

പുലർച്ചെ പാലുകുടിക്കാൻ വിസമ്മതിച്ചതിന് കുഞ്ഞിനെ വീടിനു പുറത്താക്കി ശിക്ഷിച്ചു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ കാണാതായി

2017-10-11 01:18:03am |

കുട്ടികൾക്ക് ചെറിയ ശിക്ഷകൾ നൽകുമ്പോൾ അവരെ ഒന്നു വിരട്ടണമെന്നേ മാതാപിതാക്കൾ ചിന്തിക്കാറുള്ളൂ. രാത്രിയിൽ പാല് കുടിക്കില്ലെന്ന് ശഠിച്ച മകളെ വീടിനു പുറത്തിറക്കി വാതിൽ അടച്ചപ്പോൾ വെസ്ലിയും അത്രയേ ചിന്തിച്ചിരുന്നുള്ളൂ. അതു തന്നെ തീരാദുഃഖത്തിലേക്ക് തള്ളിവിടും എന്ന് ആ പിതാവ് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അമേരിക്കയിലെ ടെക്സാസിലുള്ള ഓസ്റ്റിനിലാണ് സംഭവം.

മൂന്നു വയസുളള ഷെറൻ എന്ന ഇന്ത്യൻ വംശജയാണ് പെൺകുട്ടി. കുട്ടിയുടെ പിതാവ് വെസ്ലി മാത്യൂസിനെ (37) പൊലീസ് അറസ്റ്റു ചെയ്തു. ഇന്ത്യയിൽ നിന്ന് മാത്യൂസിന്റെ കുടുംബം ദത്തെടുത്തതായിരുന്നു പെൺകുട്ടിയെ. കുട്ടിയെ ശിക്ഷയായി വീടിന് പുറത്ത് നിർത്തി. ഇപ്പോൾ കുട്ടിയെ കാണാനില്ല. ഒന്നു പേടിപ്പിക്കണമെന്നേ താൻ കരുതിയുള്ളൂ എന്നാണ് ഇയാൾ പറയുന്നത്.

പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. വീടിനു പുറത്തുള്ള മരത്തിന്റെ ചുവട്ടിൽ നിൽക്കണമെന്നു നിർദേശിച്ചാണ് ഇയാൾ വീടിനുള്ളിലേക്ക് കയറിപ്പോയത്. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് കുട്ടിയെ നോക്കിയപ്പോൾ അവൾ അവിടെ ഇല്ലായിരുന്നു എന്നും ഇയാൾ പറയുന്നു. കുട്ടിയെ കാണാതായി അഞ്ചു മണിക്കൂറിന് ശേഷമാണ് ഇയാൾ പൊലിസിനെ വിവരം അറിയിച്ചത്.

വീടിനു സമീപം ഒരു ഒറ്റയടിപ്പാതയുണ്ടെന്നും ചെന്നായ്ക്കൾ ഇറങ്ങാറുണ്ടെന്നും ഇയാൾ പൊലിസിനോട് പറഞ്ഞിട്ടുണ്ട്. കുട്ടിയെ ഇന്ത്യയിൽ നിന്ന് ദത്തെടുത്തപ്പോൾത്തന്നെ ആരോഗ്യക്കുറവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഡോക്ടർമാരുടെ നിർദേശപ്രകാരം സ്പെഷൽ ഡയറ്റിലാണ്. അതുകൊണ്ടാണ് പുലർച്ചെ മൂന്നു മണിക്ക് കുഞ്ഞിന് പാലു കൊടുക്കാൻ ശ്രമിച്ചതെന്നു കരുതുന്നു.