Latest News

വിശ്വാസികള്‍ക്കു മുന്നില്‍ സിറോ മലബാര്‍ സഭയുടെ കൂരിയ മെത്രാനായി മാര്‍ വാണിയപ്പുരയ്‌ക്കല്‍ അഭിഷിക്‌തനായി

2017-11-13 02:18:37am |

കാഞ്ഞിരപ്പള്ളി: പ്രാര്‍ഥനാനിരതരായ വിശ്വാസികള്‍ക്കു മുന്നില്‍ സിറോ മലബാര്‍ സഭയുടെ കൂരിയ മെത്രാനായി മാര്‍ സെബാസ്‌റ്റ്യന്‍ വാണിയപ്പുരയ്‌ക്കല്‍ അഭിഷിക്‌തനായി. കത്തീഡ്രല്‍ പള്ളിയില്‍ നടന്ന മെത്രാഭിഷേകച്ചടങ്ങുകള്‍ക്ക്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്തും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കലും സഹകാര്‍മികരായി. കത്തീഡ്രല്‍ മഹാജൂബിലി ഹാളില്‍നിന്നു തുടങ്ങിയ പ്രദക്ഷിണത്തോടെയാണ്‌ മെത്രാഭിഷേക ചടങ്ങുകള്‍ക്കു തുടക്കമായത്‌.

മെത്രാഭിഷേകത്തിലെ ഏറ്റവും പ്രധാന ചടങ്ങായ കൈവയ്‌പ്പു പ്രാര്‍ഥനയ്‌ക്കു ശേഷം നിയുക്‌ത മെത്രാന്‍ ഔദ്യോഗിക രജിസ്‌റ്ററില്‍ ഒപ്പുവച്ചു. തുടര്‍ന്ന്‌ കുരിശുമാലയും മോതിരവും സ്വീകരിച്ചു. മുടിയും അംശവടിയും കൈസ്ലീവായും കര്‍ദിനാള്‍ ആലഞ്ചേരിയില്‍നിന്ന്‌ ഏറ്റുവാങ്ങിയതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. തുടര്‍ന്ന്‌ നവാഭിഷിക്‌തന്‍ കുര്‍ബാനയര്‍പ്പിച്ചു.തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ റവ. ഡോ. എം. സുസൈപാക്യം തിരുവചന സന്ദേശം നല്‍കി.