Latest News

15 വര്‍ഷം മുമ്പു ഗര്‍ഭഛിദ്രം നടത്തിയ യുവതിക്കു കഠിനമായ വയറുവേദന, നിര്‍ത്താതെ ഛര്‍ദ്ദി: പരിശോധിച്ച ഡോക്ടര്‍ ഞെട്ടി, വയറ്റില്‍ 15 വര്‍ഷം മുമ്പു ഗര്‍ഭഛിദ്രം നടത്തിയ കുഞ്ഞിന്റെ മൃതദേഹം

2017-12-03 03:27:12am |

കഠിനമായ വയറുവേദനയും ഛര്‍ദ്ദിയും മൂലമാണ് 52കാരി ഡോക്ടര്‍മാരുടെ അടുത്ത് എത്തിയത്. വര്‍ഷങ്ങളായി പല ഡോക്ടര്‍മാരെയും വയറുവേദന മൂലം സമീപിച്ചിരുന്നിരുന്നു. എന്നാല്‍ ഇവരുടെ വയറുവേദനയുടെ കാരണം കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിരുന്നില്ല. ഡോക്ടര്‍മാര്‍ കൊടുത്ത വേദനാസംഹാരികള്‍ കഴിച്ച് ആശ്വാസം കണ്ടെത്തിയിരുന്നെങ്കിലും മൂന്നുവര്‍ഷമായി നിര്‍ത്താത്ത ഛര്‍ദി കൂടി ആയതോടെയാണ് വിദഗ്ധ പരിശോധനയ്ക്ക് വിധേയയായത്. സ്‌പെഷലിസ്റ്റ് ഡോക്ടറെക്കണ്ട സ്ത്രീയും ബന്ധുക്കളും ആ വിവരം ഞെട്ടലോടെയാണ് അറിഞ്ഞത്.

പരിശോധനയില്‍ 52-കാരിയുടെ വയറ്റില്‍ 15 വര്‍ഷമായി ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹമുണ്ടായിരുന്നതായാണ് കണ്ടെത്തിയത്. എന്നാല്‍, അന്ന് ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍, ഗര്‍ഭസ്ഥ ശിശുവിനെ അബോര്‍ട്ട് ചെയ്ത് കളഞ്ഞിരുന്നതായാണ് ഇവരോട് പറഞ്ഞത്. നാഗ്പുരിലെ ജുനാകര്‍ സര്‍ജിക്കല്‍ നഴ്‌സിങ് ഹോമിലെ ഡോക്ടര്‍മാരാണ് ഇത് കണ്ടെത്തിയതും ശസ്ത്രക്രിയ നടത്തിയതും. കല്ലുപോലൊരു വസ്തു വയറ്റിലുള്ളതായാണ് സിടി സ്‌കാനിങ്ങില്‍ കണ്ടതെന്ന് ഡോക്ടര്‍ നീലേഷ് ജുനാകര്‍ പറഞ്ഞു. എന്നാല്‍, അത് ഇത്രയും പഴക്കമുള്ള മൃതദേഹമായിരിക്കുമെന്ന് ഡോക്ടര്‍മാരും കരുതിയില്ല. ഏറെക്കുറെ വളര്‍ച്ചയെത്തിയ ശിശുവിന്റെ മൃതദേഹമാണ് ഇവരുടെ വയറ്റിലുണ്ടായിരുന്നത്. രണ്ടുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മൃതദേഹം ഡോക്ടര്‍മാര്‍ പുറത്തെടുത്തു. സ്ത്രീയുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തിയാണ് മൃതദേഹം വയറ്റിലുണ്ടായിരുന്നത്.

ശസ്ത്രക്രിയക്കുശേഷമാണ് അത് 'സ്റ്റോണ്‍ ബേബി' എന്ന അപൂര്‍വ പ്രതിഭാസമാണെന്ന് ഡോക്ടര്‍മാര്‍ക്ക് മനസ്സിലായത്. ലോകത്ത് ഇതുവരെ 300 സ്റ്റോണ്‍ ബേബി കേസുകളേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഗര്‍ഭപാത്രത്തിന് പുറത്തുണ്ടാകുന്ന കുഞ്ഞുങ്ങളാണ് ഇത്തരത്തില്‍ സ്റ്റോണ്‍ ബേബിയായി മാറുന്നത്. സാധാരണഗതിയില്‍ അബോര്‍ട്ട് ചെയ്യുമ്പോള്‍ ഇത് പുറത്തുപോകേണ്ടതാണ്.

എന്നാല്‍, അങ്ങനെ പുറത്തുപോകാതെ വന്നാല്‍, ശരീരത്തിനുള്ളില്‍ത്തന്നെ കല്ലിച്ച് കിടക്കുകയാണ് ഇതിന്റെ രീതിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വയറ്റില്‍ത്തന്നെ കിടക്കുന്ന സ്റ്റോണ്‍ ബേബി കാലക്രമേണ ശരീരത്തിന്റെ ഭാഗമായി മാറും. ഇതിന് ചുറ്റും അമ്മയുടെ ശരീരത്തില്‍നിന്നുള്ള ലവണാംശങ്ങള്‍ അടിഞ്ഞുകൂടി അണുബാധയ്‌ക്കെതിരേ കവചം തീര്‍ക്കുകയും ചെയ്യും. ഇത്രയും പഴക്കം ചെന്ന സ്റ്റോണ്‍ബേബിയെ പുറത്തെടുത്ത ചരിത്രം അധികം കേട്ടിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.