Latest News

അമേരിക്ക നയം മാറ്റുന്നു; ജറുസലേം ഇനി ഇസ്രയേല്‍ തലസ്‌ഥാനം! അറബ് ലോകത്ത് അസ്വസ്ഥത

2017-12-07 03:41:11am |

വാഷിങ്‌ടണ്‍: ഇസ്രയേല്‍ നയത്തില്‍ പ്രകടമായ വ്യതിയാനവുമായി അമേരിക്ക. ഇസ്രയേല്‍ തലസ്‌ഥാനപദവി ജറുസലേമിനു ചാര്‍ത്തിനല്‍കുമെന്ന്‌ അമേരിക്കന്‍ ഭരണകൂടം വ്യക്‌തമാക്കി. അമേരിക്കയുടെ നയംമാറ്റത്തില്‍ അറബ്‌ ലോകം അസ്വസ്‌ഥം. ചരിത്രത്തോടും യാഥാര്‍ഥ്യങ്ങളോടും മുഖംതിരിക്കാനാകില്ലെന്നു വ്യക്‌തിമാക്കിയാണു ട്രംപിന്റെ നീക്കം. നിലവില്‍ ടെല്‍ അവീവില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നയതന്ത്രകാര്യാലയം വിശുദ്ധ നഗരമായ ജറുസലേമിലേക്കു മാറ്റാനാണ്‌ പ്രസിഡന്റിന്റെ തീരുമാനം. ജറുസലേമിനെ ഇസ്രയേല്‍ തലസ്‌ഥാനമായി അംഗീകരിക്കുന്ന ആദ്യ രാജ്യമാകുകയാണ്‌ അമേരിക്ക. ഇസ്ലാം, ക്രൈസ്‌തവ, ജൂത മതവിഭാഗങ്ങളുടെ പുണ്യനഗരമായ ജറുസലേമിന്റെ പദവി സംബന്ധിച്ച തര്‍ക്കം പുതിയ വഴിത്തിരിവിലെത്താനുള്ള സാധ്യതയുമുണ്ട്‌.

പുരാതനകാലം മുതല്‍ ജൂതസമൂഹത്തിന്റെ തലസ്‌ഥാനമായിരുന്നു ജറുസലേമെന്ന്‌ നയംമാറ്റം വിശദീകരിച്ച്‌ വൈറ്റ്‌ ഹൗസ്‌വൃത്തങ്ങള്‍ പറഞ്ഞു. ആധുനിക കാലത്തും സമാനമാണ്‌ സാഹചര്യം. സര്‍ക്കാര്‍ ആസ്‌ഥാനം, നിയമനിര്‍മാണ സഭ, സുപ്രീം കോടതി ഉള്‍പ്പെടെയുള്ളവ വിശുദ്ധ നഗരത്തിലാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാനാണു നിലപാടു മാറ്റത്തിലൂടെ ട്രംപ്‌ ഭരണകൂടം ലക്ഷ്യമിടുന്നത്‌. ചില മുന്‍കാല പ്രസിഡന്റുമാരില്‍നിന്നു വ്യത്യസ്‌തനായി തെരഞ്ഞെടുപ്പു വാഗ്‌ദാനം പാലിക്കുകയെന്നതും നീക്കത്തിനു പിന്നിലുണ്ട്‌. അനുയോജ്യമായ സ്‌ഥലം കണ്ടെത്തി പുതിയ എംബസിയുടെ നിര്‍മാണത്തിന്‌ രണ്ടുവര്‍ഷത്തോളം ആവശ്യമായി വരുമെന്നാണ്‌ അനുമാനം. പതിറ്റാണ്ടുകളായി തുടരുന്ന ഇസ്രയേല്‍ - പലസ്‌തീന്‍ സംഘര്‍ഷത്തിനു സ്‌ഥായിയായ സമാധാനക്കരാറിലൂടെ പരിഹാരത്തിനുള്ള ഉദ്യമമാണ്‌ ഡോണള്‍ഡ്‌ ട്രംപിന്റേതെന്നു വൈറ്റ്‌ ഹൗസ്‌ ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

മിഡില്‍-ഈസ്‌റ്റില്‍ യു.എസിന്റെ ഏറ്റവും വലിയ സഖ്യകക്ഷികളായ സൗദി അറേബ്യയിലെ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും ഈജിപ്‌ഷ്യന്‍ പ്രസിഡന്റ്‌ അബ്‌ദെല്‍ ഫത്താ അല്‍ സിസിയുടെയും ആശങ്കകള്‍ അവഗണിച്ചാണ്‌ ട്രംപ്‌ ഭരണകൂടത്തിന്റെ നീക്കമെന്നതാണ്‌ ശ്രദ്ധേയം. അറബ്‌ ലോകത്തെ മാത്രമല്ല ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ വികാരത്തെ പ്രകോപിപ്പിക്കുന്ന നീക്കമെന്നാണ്‌ സല്‍മാന്‍ രാജാവിന്റെ മുന്നറിയിപ്പ്‌. മധ്യപൂര്‍വേഷ്യയില്‍ സമാധാനത്തിനുള്ള യത്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ ഇടവരുത്തുമെന്ന ഭീതിയാണ്‌ അല്‍സിസി പങ്കുവച്ചത്‌. ഇറാന്‍ അടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയ്‌ക്കെതിരേ രംഗത്തുണ്ട്‌. എന്നാല്‍ ഇസ്രയേല്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.