Latest News

ക്ഷേത്രമുറ്റത്തുവച്ചു നടന്ന വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത് പള്ളി വികാരി, പാരീഷ്ഹാളില്‍ വിവാഹസദ്യ; പള്ളിയുടെ ശതാബ്ദി ആഘോഷം നിര്‍ധന യുവതിയുടെ മംഗല്യഭാഗ്യമായി മാറിയ മതസൗഹാര്‍ദ കഥ

2018-02-06 03:37:52am |

അടൂര്‍ : ക്ഷേത്രമുറ്റത്ത് വച്ച് നടന്ന വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചത് പള്ളി വികാരി. ചെങ്ങന്നൂര്‍ പാണ്ടനാട് മുതവഴി കേളയില്‍ പ്രീതി പ്രഭാകരന്റെയും നിരണം കടപ്ര ഇലഞ്ഞിമാംപള്ളത്ത് സുരേഷ് കുമാറിന്റെയും വിവാഹത്തിനാണ് പള്ളി വികാരി കാര്‍മ്മികത്വം വഹിച്ചത്. പള്ളി കമ്മറ്റിയംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. കരുവാറ്റ സെന്റ്മേരീസ് ഓര്‍ത്തഡോക്സ് ദേവാലയ കമ്മിറ്റിയാണ് പള്ളിയുടെ ശതാബ്ദി ആഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി നിര്‍ധന യുവതിക്ക് മംഗല്യ ഭാഗ്യം ഒരുക്കിയത്.

മകളെ വിവാഹം ചെയ്ത് അയയ്ക്കാന്‍ കഴിയാതെ വിഷമിച്ച രോഗികളായ മാതാപിതാക്കള്‍ക്കാണ് പള്ളിക്കമ്മറ്റിയുടെ തീരുമാനം തുണയായത്. തുടര്‍ന്ന് വരനെ കണ്ടെത്തിയതോടെ പള്ളിപെരുന്നാളിന്റെ കൊടിയേറ്റത്തോടനുബന്ധിച്ച് വിവാഹ തീയതിയും നിശ്ചയിച്ചു. ഹിന്ദുമതാചാര പ്രകാരം വിവാഹം നടക്കട്ടെയെന്ന് നിര്‍ദ്ദേശിച്ചതും പള്ളി കമ്മിറ്റിയാണ്. എസ്.എന്‍.ഡി.പി യോഗം മിത്രപുരം ടി.കെ. മാധവ വിലാസം ശാഖയിലെ ഉദയഗിരി ക്ഷേത്രത്തിലായിരുന്നു മതസൗഹാര്‍ദ വിവാഹം നടന്നത്. വിവാഹത്തിന് പള്ളി വികാരി ഫാ. എസ്.വി. മാത്യൂ തുവയൂര്‍, ട്രസ്റ്റി പി.എം. ജോണ്‍, സെക്രട്ടറി സുനില്‍ മൂലയില്‍ ഉള്‍പ്പെടെയുള്ളവര്‍ വധുവിന്റെ മാതാപിതാക്കള്‍ക്കൊപ്പം ബന്ധുക്കളായി അണിനിരന്നു. വിവാഹശേഷം കരുവാറ്റ പള്ളിയിലെത്തിയ വധൂവരന്മാരെ ഇടവകാംഗങ്ങള്‍ മാലയിട്ട് സ്വീകരിച്ചു.

ആശംസയും അനുഗ്രഹവും നല്‍കാന്‍ അടൂര്‍ - കടമ്പനാട് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനിയും എത്തി. സ്വീകരണത്തിന് ശേഷം പാരീഷ് ഹാളില്‍ വധൂവരന്മാര്‍ക്കും ബന്ധുക്കള്‍ക്കും ഇടവകാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും വിവാഹസദ്യയും നല്‍കി. ദമ്പതികളുടെ പേരില്‍ ഒരുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപത്തിനൊപ്പം ഒന്നര ലക്ഷം രൂപയുടെ സ്വര്‍ണം, വിവാഹ വസ്ത്രങ്ങള്‍, സദ്യ എന്നിവയും നല്‍കി.