Latest News

ഒപ്പം കൂടിയ ചിലര്‍ പറ്റിച്ചു, പണം പിരിച്ചത് എതിര്‍ത്തപ്പോള്‍ സമരത്തെ ഉപേക്ഷിച്ചു പോയി, അനാവശ്യമാണു സമരം എന്ന് എല്ലാവരും കരുതുന്നുണ്ടാകും! ശ്രീജിത്ത് നയം വ്യക്തമാക്കുന്നു

2018-02-07 03:33:23am |

തിരുവനന്തപുരം: ആരും ക്ഷണിച്ചിട്ടായിരുന്നില്ല അവര്‍ വന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി എത്തിയ ആയിരങ്ങള്‍ക്ക് താന്‍ വാഗ്ദാനങ്ങള്‍ ഒന്നും നല്‍കിയിരുന്നുമില്ല. എന്നിട്ടും അവര്‍ വന്നു. തനിക്ക് പിന്തുണ നല്‍കി. ഒടുക്കംവരെ അവരില്‍ ഏറെപേരും കൂടെനിന്നു. എന്നാല്‍ ചിലര്‍ തന്നെയും സമരത്തെയും ഒറ്റുകൊടുത്തു. സമരത്തിന്റെ പേരില്‍ പലരും പണം പിരിച്ചു. എന്റെ ശ്രദ്ധയില്‍ ഇത് പതിഞ്ഞപ്പോള്‍ ഞാന്‍ വിലക്കിയിരുന്നു. എന്നാല്‍ ഞാന്‍ അങ്ങോട്ടോ ഇങ്ങോട്ടോ മറിയപ്പോള്‍ അവര്‍ പിന്നെയും പണം വാങ്ങി. ഇതിനെ എതിര്‍ത്തതോടെയാണ് പലരും പിന്‍വാങ്ങിയത്. സെക്രട്ടേറിയറ്റിനു മുന്നില്‍ ഐതിഹാസമായ സമരം നടത്തുന്ന ശ്രീജിത്തിന്റെ വാക്കുകളാണിത്.

ബസിലും ട്രെയിനിലും കയറി എത്തിയവര്‍ കുടിവെള്ളംപോലും സ്വന്തം കാശുകൊണ്ടാണ് വാങ്ങിക്കുടിച്ചത്. വന്നവര്‍ക്ക് എല്ലാം ഓരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, സഹോദരനായി പൊരുതുന്ന തനിക്ക് നീതി ലഭ്യമാക്കുക. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഭാഷയില്‍ പിന്തുണ നല്‍കി അവര്‍ മടങ്ങിയപ്പോള്‍ സംസ്ഥാന ഭരണസിരാകേന്ദ്രം സാക്ഷ്യം വഹിച്ചത് ഇതേവരെ കാണാത്ത ഒരു പോരാട്ട വീര്യത്തിനാണ്. രണ്ടരവര്‍ഷംനീണ്ട തന്റെ പേരാട്ടത്തിന് നീതി ലഭ്യമായതും അപ്പോഴാണെന്ന് ശ്രീജിത്ത് പറഞ്ഞു. സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സമരം അവസാനിപ്പിച്ചു മടങ്ങിയ ശ്രീജിത്ത് ഇന്നലെ വീണ്ടും സമരത്തിനായി എത്തി. പക്ഷേ, ഇക്കുറി കൂടെ ആരും ഇല്ല. ഒരു പക്ഷേ അനാവശ്യമാണ് ഇനി സമരമെന്ന് എല്ലാവരും കരുതുന്നുണ്ടാകും അതാണ് ആരും എത്താത്തത് ശ്രീജിത്ത് പറയുന്നു.

Interview with Sreejith

തന്റെ ആവശ്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചതില്‍ നന്ദിയുണ്ട്. അതുകൊണ്ടുതന്നെയാണ് അമ്മക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്. പക്ഷേ സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും നാട്ടിലൂടെ വിലസുന്നു. അവരുള്ള നാട്ടില്‍ ഞാന്‍ സുരക്ഷിതനല്ല. അതുകൊണ്ടാണ് വീണ്ടും ഭരണസിരാകേന്ദ്രത്തിന്റെ മുന്നിലെത്തിയതെന്നും ശ്രീജിത്ത് പറഞ്ഞു.

ശ്രീജിത്തിന്റെ നിരാഹാരം ആരംഭിക്കുന്നത് 2015 മെയ് മുതലാണ്. അയല്‍ക്കാരിയായ യുവതിയുമായി സഹോദരന്‍ ശ്രീജിനുണ്ടായിരുന്ന പ്രണയബന്ധവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് ഉന്നത്തെ നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്. പരേതനായ ശ്രീധരന്‍- രമണി ദമ്പതികളുടെ മൂന്നു ആണ്‍മക്കളില്‍ എറ്റവും ഇളയവനായിരുന്നു ശ്രീജിവ്. അടുപ്പത്തിലായിരുന്ന അയല്‍വാസിയായ പെണ്‍കുട്ടിയുടെ അച്ഛനുമായി ശ്രീജിവ് വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് എറണാകുളത്തേക്ക് മൊബൈല്‍ റിപ്പയറിംങ്ങ് ഷോപ്പില്‍ ജോലിക്ക് പോവുകയുമായിരുന്നു. ഇതിനിടയിലാണ് പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് ശ്രീജിവ് വീട്ടുകാരുമായിപോലും അധികം സംസാരിച്ചിരുന്നില്ല.

2014 മെയ് 12ന് രാത്രി ഒരുസംഘം പോലീസുകാര്‍ ശ്രീജിവിനെ അന്വേഷിച്ച് വീട്ടിലെത്തിയത്. പെറ്റിക്കേസ് മാത്രമാണെന്നായിരുന്ന പോലീസ് വിശദീകരണം. ശ്രീജിവ് എത്തിയാല്‍ ഉടന്‍ തന്നെ സ്റ്റഷനുമായി ബന്ധപ്പെടാന്‍ അറിയിച്ചശേഷമാണ് പോലീസ് മടങ്ങിയത്. ഒരാഴ്ചയ്ക്കുശേഷം ശ്രീജിവിന്റെ സുഹൃത്ത് രാജീവ് ശ്രീജിവിനെ പൂവാറില്‍ നിന്ന് പോലീസ് പിടികൂടിയെന്ന് ശ്രീജിത്തിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌റ്റേഷനില്‍ അന്വേഷിച്ചെങ്കിലും അവര്‍ക്ക് അറസ്റ്റിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് തൊട്ടടുത്ത ദിവസം പാറശ്ശാല സ്‌റ്റേഷനിലെ രണ്ടു പോലീസുകാര്‍ വീട്ടിലെത്തി ശ്രീജിവ് പൊലീസ് കസ്റ്റഡിയില്‍വച്ച് വിഷം കഴിച്ചുവെന്നും ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോള്‍ കണ്ടത് കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ കിടക്കുന്ന ശ്രീജിവിനെയാണ്. എന്തിനാണ് പാറശ്ശാല പോലീസ് തങ്ങളുടെ അതിര്‍ത്തിയില്‍പെടാത്ത സ്ഥലത്തുനിന്നും പെറ്റിക്കേസെന്നു പറഞ്ഞശേഷം പിടികൂടിയതെന്തിനെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം പോലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചില്ലെന്നും ശ്രീജിത് പറയുന്നു.

Interview with Sreejith

അനിയന് നീതി കിട്ടണം എന്നാവശ്യപ്പെട്ട് സമരം ചെയ്ത ശ്രീജിത്തിനേയും പൊലീസുകാര്‍ വെറുതേ വിട്ടില്ല. സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരം കിടക്കുന്നത് കാരണം ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥ കാരണം ഇടയ്ക്ക് വൈകുന്നേരങ്ങളില്‍ കപ്പലണ്ടി കച്ചവടം നടത്തിയിരുന്നു. സമരം ചെയ്യാന്‍ വന്നവന്‍ സമരം ചെയ്താല്‍ മതി എന്ന് പറഞ്ഞ പോലീസ് അത് അവസാനിപ്പിച്ചു. പിന്നെ വായിക്കാന്‍ ശ്രീജിത്തുകൊണ്ട് വന്ന പു്‌സ്തകങ്ങള്‍ പോലീസ് എ.ആര്‍ ക്യാമ്പില്‍ കൊണ്ടുപോയി കത്തിച്ച് കളയുകയും ചെയ്തിരുന്നു. ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധിപേര്‍ രംഗതെത്തിയിരുന്നു. എന്നാല്‍ സമരം നീണ്ടതോടെ ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥയായി.

മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ വിഷയത്തില്‍ കാര്യമായി ഇടപെട്ടിരുന്നില്ല. ഇതിന്റെ പ്രതിഷേധമായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നേരെ സമരമുഖത്ത് ഉണ്ടായത്. പിന്നീട് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നശേഷം ശ്രീജിത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫീസില്‍ വിളിച്ച് വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. നഷ്ടപരിഹാര തുക കിട്ടിയതല്ലാതെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഉണ്ടായില്ല. തന്റെ ആവശ്യം സി.ബി.ഐ അന്വേഷണമാണെന്നും അത് നടപ്പിലാവാതെ സമരം അവസാനിപ്പിക്കില്ലെന്നും തീരുമാനിച്ച് ശ്രീജിത് സമരം തുടരുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി വീണ്ടും ഇക്കാര്യം ചര്‍ച്ച നടത്തി. പിന്നീട് സര്‍ക്കാര്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷണം ആരംഭിക്കുകയായിരുന്നു.ഇതിനിടയില്‍ ശ്രീജിവിന്റെ മരണം കസ്റ്റഡി മരണം തന്നെയാണെന്ന് പോലീസ് കംപ്ലേയിന്റ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് നാരായണക്കുറുപ്പ് ആവര്‍ത്തിച്ചു.