Latest News

തിരുസംഘം രണ്ടാമത്തെ അത്ഭുതവും സ്ഥിരീകരിച്ചു; പോൾ ആറാമൻ മാർപാപ്പ വിശുദ്ധപദവിയിലേക്ക്

2018-02-11 04:15:27am |

വത്തിക്കാൻ സിറ്റി∙ പോൾ ആറാമൻ മാർപാപ്പയെ ഈ ഒക്ടോബറിൽ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നു സൂചന. വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള തിരുസംഘം അദ്ദേഹത്തിന്റെ മധ്യസ്ഥതയിലുള്ള രണ്ടാമത്തെ അത്ഭുതവും സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ വർഷം ബിഷപ്പുമാരുടെ സിനഡ് കൂടുന്ന വേളയിൽ വിശുദ്ധപദവിയിലേക്ക് അദ്ദേഹം ഉയർത്തപ്പെടുമെന്നു വ്യക്തമായത്. തിരുസംഘം അധ്യക്ഷൻ കർദിനാൾ ആഞ്ജലോ അമാതോ തീരുമാനം മാർപാപ്പയെ അറിയിക്കും. മാർപാപ്പ കൽപന പുറപ്പെടുവിക്കേണ്ട നടപടി മാത്രമാണ് ഇനി ബാക്കിയുള്ളത്.

ഇറ്റലിയിൽ, അഞ്ചാം മാസത്തിൽ മാരകമായ രോഗമുണ്ടായിരുന്ന ഗർഭസ്ഥശിശു, പോൾ ആറാമൻ മാർപാപ്പയുടെ മധ്യസ്ഥതയിലുള്ള പ്രാർഥന വഴി പൂർണ ആരോഗ്യവതിയായി ജനിച്ചതിനെ തുടർന്നാണു രണ്ടാമത്തെ അത്ഭുതത്തിനു സ്ഥിരീകരണം ലഭിച്ചത്. അമ്മയ്ക്കും കുഞ്ഞിനും ജീവഹാനി വരാൻ സാധ്യതയുള്ളതിനാൽ ഗർഭച്ഛിദ്രം നടത്താൻ ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഈ അത്ഭുതമാണു വിശുദ്ധനായി പ്രഖ്യാപിക്കുന്നതിലേക്കു വഴി തെളിച്ചത്. ആദ്യ അത്ഭുതം സ്ഥിരീകരിച്ചതിനെ തുടർന്ന് 2014 ഒക്ടോബറിൽ‌ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് അദ്ദേഹത്തെ ഉയർത്തിയിരുന്നു.

കലിഫോർണിയയിൽ ഗുരുതരമായ മസ്തിഷ്ക തകരാർ ഉണ്ടായിരുന്ന ഗർഭസ്ഥശിശു ആരോഗ്യവാനായി ജനിച്ചതായിരുന്നു ആദ്യ അത്ഭുതം. 1963 മുതൽ 1978 വരെയാണ് അദ്ദേഹം മാർപാപ്പയായിരുന്നത്. ഇറ്റലിക്കു പുറത്തേക്കു മാർപാപ്പമാർ യാത്ര ചെയ്യുന്ന പതിവിനു തുടക്കമിട്ടതും പ്രോട്ടസ്റ്റന്റ്, ഓർത്തഡോക്സ് സഭകളുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതും അദ്ദേഹമായിരുന്നു.