Latest News

വീട്ടുവളപ്പിലെ മണ്ണ് നീക്കി വിറക് അടുക്കി, മഴവന്നാല്‍ കെടാതിരിക്കാന്‍ ഇരുമ്പഷീറ്റിട്ടു; തൃശൂരില്‍ ഗൃഹനാഥന്‍ ചിതയൊരുക്കി ആത്മഹത്യ ചെയ്തത് ഇങ്ങനെ

2018-05-11 03:37:51am |

തൃശൂര്‍: സ്വയം ചിതയൊരുക്കി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. മാളയ്ക്കടുത്ത് കനകക്കുന്നില്‍ മാണിയംപറമ്പില്‍ പ്രകാശന്‍ ആണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തത്. എരിഞ്ഞമര്‍ന്ന ചിതയില്‍ കാല്‍ഭാഗം മാത്രമാണ് അവശേഷിച്ചിരുന്നത്. എന്നാല്‍, എന്തിനാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല.

സാമ്പത്തീക പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന പ്രകാശന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം തന്നെയാണ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീട്ടുവളപ്പിലെ മണ്ണ് മാറ്റി കുഴി നിര്‍മ്മിച്ച ശേഷം അതില്‍ വിറകുകള്‍ നിറച്ചായിരുന്നു ആത്മഹത്യ. മഴവന്നാല്‍ തീ കെടാതിരിക്കുന്നതിന് വേണ്ടി ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് മേല്‍ക്കൂരയും ഇയാള്‍ നിര്‍മ്മിച്ചിരുന്നു.

ചുറ്റുമതില്‍ ഉണ്ടായിരുന്നതും അടുത്ത് വീടുകള്‍ ഇല്ലാതിരുന്നതും തീ പടര്‍ന്ന് കത്തുന്നത് ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല. പുക കണ്ടുവെങ്കിലും ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയാണെന്നാണ് എല്ലാവരും ധരിച്ചത്. തുടര്‍ന്ന് സഹോദരന്‍ തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന ഇദ്ദേഹം പേസ്‌മേക്കര്‍ സ്ഥാപിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നിരുന്നാലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

എറണാകുളത്തെ ഫ്‌ളാറ്റിലാണ് പ്രകാശന്‍ കുടുംബമായി താമസിച്ചിരുന്നത്. ഭാര്യസഹോദരിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കുവാന്‍ മാളയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു ആത്മഹത്യ. എന്താണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ അറിയില്ല.

ഭാര്യ ഗീതയും ഇളയ മകള്‍ പ്രിയയും കാക്കനാട് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സില്‍ ജിവനക്കാരാണ്. മൂത്തമകള്‍ പ്രീത ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ്. അടുത്തിടയ്ക്കായിരുന്നു ഇളയമകളുടെ വിവാഹനിശ്ചയം കഴിഞ്ഞത്.