Latest News

കടന്നുപിടിക്കുന്നു; അശ്ലീല സിഡി മുറിയിലേക്ക് എറിയുന്നു...! കൂടുതൽ വെളിപ്പെടുത്തലുമായി വനിതാ ടെക്കികൾ

2018-05-15 02:39:58am |

തിരുവനന്തപുരം∙ ഉറങ്ങിക്കിടന്ന ടെക്നോപാർക് ജീവനക്കാരിയെ ജനാലയിലൂടെ കയ്യിട്ട് കടന്നുപിടിച്ച സംഭവത്തിന്റെ ചുവടുപിടിച്ച്, സമാനസംഭവങ്ങളുടെ കൂടുതൽ വെളിപ്പെടുത്തലുമായി വനിതാ ടെക്കികൾ.സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ യുവതികൾ തങ്ങൾ നേരിട്ട അനുഭവം പങ്കുവച്ചു രംഗത്തുവന്നു.  ഇരുട്ടിന്റെ മറവിൽ കടന്നുപിടിക്കാൻ എത്തുന്നവരും അശ്ലീല സിഡി ജനാലയിലൂടെ കൊണ്ടിടുന്നവരും  സ്വൈര്യം കെടുത്തുന്നുവെന്നു ജീവനക്കാരികൾ പറയുന്നു. അശ്ലീല ചുവയോടെ കമന്റടിച്ച ഓട്ടോക്കാരനെതിരെ വാഹന നമ്പർ ഉൾപ്പെടെ വിവരം നൽകിയിട്ടും നടപടി സ്വീകരിക്കാത്ത പൊലീസിനെ വിമർശിച്ചും ടെക്കികൾ അഭിപ്രായം കുറിച്ചു.

രാത്രിയിലെ  മറ്റൊരു സംഭവം

ആലപ്പുഴ സ്വദേശിനിയായ ജീവനക്കാരി പറയുന്നത്: സാധാരണ രാത്രി ഏഴു മണിക്കാണു ഷിഫ്റ്റ് കഴിയുക, ഓവർടൈം  കാരണം  അന്ന് ഒൻപതുമണി കഴിഞ്ഞു. നിളാ ബിൽഡിങ്ങിൽ നിന്ന് അമ്പലത്തിൻകരയിലേക്കാണു യാത്ര. ഇടുങ്ങിയ റോഡിലൂടെ കൊച്ചുപാലം റോഡ് വഴിയാണു ഹോസ്റ്റലിലേക്കു പോകേണ്ടത്. പോസ്റ്റിൽ ലൈറ്റുണ്ടെങ്കില്ലും മങ്ങിയ വെളിച്ചം മാത്രം. ഓട്ടോ കാത്തുനിൽക്കാതെ വേഗത്തിൽ നടന്നു.

പത്തു മിനിറ്റു മതി ഹോസ്റ്റലിലെത്താൻ. ലേബർ ക്യാംപിനു സമീപം എത്തിയതോടെ, ഒരാൾ പിന്നാലെ കൂടി. നടത്തത്തിന്റെ വേഗതയ്ക്കൊപ്പം അയാളും സഞ്ചരിച്ചു.ദേശീയപാതയിലേക്കു കടക്കാൻ കഷ്ടിച്ച് അൻപതു മീറ്റർ മാത്രം. അയാൾ എന്നെ പിന്നിൽ നിന്ന് ഉപദ്രവിച്ച ശേഷം റോഡിലേക്ക് ഓടിക്കയറി. എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു നിന്ന എന്റെ മുന്നിലൂടെ ഒരു ബൈക്ക് പാഞ്ഞെത്തി.

ഉടൻതന്നെ അയാൾ അതിനു പിന്നിൽകയറി രക്ഷപ്പെട്ടു. നടന്ന കാര്യങ്ങൾ ഹോസ്റ്റലിൽ എത്തി സുഹൃത്തുക്കളോടു പറഞ്ഞപ്പോൾ പൊലീസിൽ അറിയിക്കാൻ അവർ ഉപദേശിച്ചു. എന്നാൽ പരാതിയുമായി പൊലീസിനെ സമീപിച്ചാൽ അവരുടെ വൃത്തിക്കെട്ട ചോദ്യങ്ങൾക്കെല്ലാം മറുപടി പറയേണ്ടിവരുമെന്നു സ്ഥലവാസിയായ ജീവനക്കാരി പറഞ്ഞതോടെ അത് അവിടെ ഉപേക്ഷിച്ചു.

ആ ഓട്ടോക്കാരൻ സ്ഥിരം ശല്യക്കാരൻ

കഴിഞ്ഞദിവസം പിടിയിലായ ഓട്ടോ ഡ്രൈവർ സ്ഥിരം ശല്യക്കാരനെന്നു വനിതാ ടെക്കി. കടന്നു പിടിച്ചയാളെ കുടുക്കാനും പരാതി നൽകാനും ധൈര്യം കാട്ടിയ യുവതിയെ അനുമോദിച്ചു പ്രതിധ്വനി ഷെയർ ചെയ്ത ഫെയ്സ്ബുക് പോസ്റ്റിനു താഴെയായിരുന്നു പുതിയ വെളിപ്പെടുത്തൽ. പ്രതിയുടെ ചിത്രം കണ്ട് ആ ജീവനക്കാരി പറഞ്ഞതിങ്ങനെ– ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണ്.

കഴിഞ്ഞവർഷം ഞാൻ നിന്ന ഹോസ്റ്റലിൽ നിന്നും ഇയാളെ പൊലീസ് പിടികൂടി. അന്നു ഞങ്ങളുടെ മുന്നിൽവച്ച് എസ്ഐ ഇയാളെ തല്ലുകയും ചെയ്തു.  പിന്നീട്  അമ്മയും സഹോദരനും വന്നു വെറുതെ വിടണമെന്ന് അപേക്ഷിച്ചു. ഒടുവിൽ കേസ് ആക്കേണ്ടെന്നു ഞങ്ങൾ തന്നെ പൊലീസിനോടു പറഞ്ഞു. ഇയാൾ ഒരു ഓട്ടോ ഡ്രൈവറല്ലെ, എന്തു വിശ്വസിച്ച് ഇനി ഓട്ടോയിൽ കയറുമെന്നും അവൾ കുറിച്ചു.