Latest News

ജീവിതത്തിൽ ഏറ്റവും കടപ്പാട് ഭാര്യയോട്, തിരിച്ചു വരാൻ സാധിക്കും: അറ്റ്‍ലസ് രാമചന്ദ്രൻ

2018-06-10 04:07:23pm |

ബിസിനസില്‍ ഇനി കൂടുതല്‍ ശ്രദ്ധ കാണിക്കുമെന്ന് ദുബായിലെ ജയിലിൽ നിന്നും മോചിതനായ പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്‍. തന്നോട് വിശ്വാസവഞ്ചന കാണിച്ചവര്‍ക്ക് ദൈവം ശിക്ഷ നല്‍കുമെന്നും തനിക്ക് അവരോട് യാതൊരു ദേഷ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മലയാളം ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അറ്റ്‍ലസ് രാമചന്ദ്രൻ മനസ്സു തുറന്നത്. എല്ലാവരെയും കണ്ണുംപൂട്ടി വിശ്വസിച്ചതാണ് തനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. ജയിലിലെ മലയാളി സഹോദരന്മാര്‍ ആശ്വാസവാക്കുകളുമായി ഒപ്പമുണ്ടായിരുന്നു. അതിനേക്കാള്‍ ഏറെ ആശ്വാസമായത്, ഭാര്യ ഇന്ദു എന്ന ഇന്ദിര ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളിൽ നിന്നെടുത്ത വൻതുകയുടെ വായ്പകൾ തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്കുകൾ കേസ് നൽകിയതോടെയാണ് മൂന്ന് വർഷത്തെ ജയിൽ വാസത്തിന് രാമചന്ദ്രൻ ശിക്ഷിക്കപ്പെട്ടത്.

2015 ഒാഗസ്റ്റ് 23ന് എനിക്കൊരു കോൾ വരുന്നു, ബർ ദുബായ് പൊലീസ് സ്റ്റേഷനിലാണെന്ന് പറഞ്ഞ്. കുറേ പേപ്പറിൽ ഒപ്പിടാനുണ്ടെന്ന് പറഞ്ഞു. ഞാൻ ഭാര്യയോടൊപ്പം ചെന്നു. കാത്തിരിക്കാൻ പറഞ്ഞു. ഭാര്യയെ പറഞ്ഞയച്ചു. കുറേ കഴിഞ്ഞപ്പോൾ മനസിലായി കാര്യത്തിൽ എന്തോ പന്തികേടുണ്ടെന്ന്. അന്ന് അവിടെ തന്നെ കഴിഞ്ഞു. പിന്നെപ്പിന്നെ മനസിലായി, ഗൗരവമായ പ്രശ്നമാണെന്ന്. പിന്നീട് മറ്റൊരു മുറിയിലേയ്ക്ക് മാറ്റി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കോടതി, കേസ് എന്ന അവസ്ഥയിലായി. രണ്ട് മാസം കഴിഞ്ഞപ്പോൾ ജയിലിലടച്ചു. എല്ലാ വിഷമങ്ങളെയും അഭിമുഖീകരിക്കുക അല്ലാതെ ഒളിച്ചോടലല്ല എന്നതാണ് എന്റെ തത്ത്വം. എങ്കിലും പലപ്പോഴും കരഞ്ഞിരുുന്നു എന്ന് പറയാൻ മടിയില്ല. ബാങ്കുമായി നേരിട്ട് സംസാരിക്കാനും പ്രശ്നപരിഹാരത്തിനും കുറച്ചുകൂടി സമയം ലഭിച്ചിരുന്നുവെങ്കില്‍ എല്ലാ കടങ്ങളും വീട്ടാനുള്ള നടപടി സ്വീകരിക്കാമായിരുന്നു എന്നാണ് എന്റെ വിശ്വാസം.

ഭാര്യക്ക് ബിസിനസിൽ യാതൊരു അറിവുമുണ്ടായിരുന്നില്ല. എങ്കിലും ബിസിനസ് ഇന്ദു നോക്കി നടത്തി. ജീവിതത്തിൽ ഏറ്റവും കടപ്പാട് അവരോടാണ്. ജയിലിലെ ഏകാന്തതയായിരുന്നു ഏറ്റവും വലിയ പ്രയാസം. ജനങ്ങളുമായും കുടുംബവുമായും അകന്നുനിൽക്കുന്നത് മനസിനെ വല്ലാതെ നോവിച്ചു. ആകെ ആശ്വാസം സഹ തടവുകാരും ഫോൺ ചെയ്യാം എന്നതുമായിരുന്നു. എങ്കിലും ആ ജീവിതം ഒരു വിശ്രമം പോലെയായിരുന്നു കണ്ടത്. എപ്പോഴും പ്രാർഥനയിലും ധ്യാനത്തിലും മുഴുകി. ഒരു ദിവസം ഭാര്യയെ 10 തവണയെങ്കിലും ഫോൺ വിളിക്കുമായിരുന്നു. എങ്കിലും തിരിച്ചുവരാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ട് എനിക്കിന്നും. ചാരത്തിൽ നിന്ന് ഉയർത്തെഴുന്നേറ്റ ഫീനിക്സ് പക്ഷിയെപ്പോലെ–ഉറച്ചവാക്കുകളോടെ അറ്റ്‍ലസ് രാമചന്ദ്രൻ പറഞ്ഞു.