സംവിധായകനെതിരെ നേരത്തെയും വ്യാപക പരാതികള്‍, ഞരമ്പു രോഗം കടുത്തപ്പോള്‍ പഴയ ചാനല്‍ രാജി എഴുതി വാങ്ങി പറഞ്ഞുവിട്ടു; പരാതിയുമായി രചനയും

2018-07-10 02:20:05am |

കൊച്ചി: ഉപ്പും മുളകും സീരിയലിന്റെ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെതിരെ നടി രചന നാരായണന്‍കുട്ടി. ഈഗോയുടെ പേരില്‍ തന്നെ മറിമായം സീരിയലില്‍ നിന്ന് ഒഴിവാക്കിയ ആളാണ് ഉണ്ണികൃഷ്ണനെന്ന് രചന വെളിപ്പെടുത്തി. മഴവില്‍ മനോരമ ചാനലിനെ റേറ്റിംഗില്‍ ഏറെ മുന്നിലെത്തിച്ച പരമ്പരയായ മറിമായത്തിന്റെ തുടക്കം മുതല്‍ നിരവധി എപ്പിസോഡുകളില്‍ അഭിനയിച്ച നടിയാണ് രചന. പിന്നീട് രചനയെ സംവിധായകന്‍ ഒഴിവാക്കി.

ഈഗോയുടെ പേരിലാണ് തന്നെ ഉണ്ണികൃഷ്ണന്‍ ഒഴിവാക്കിയതെന്ന് രചന പറഞ്ഞു. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് മറിമായത്തിന്റെ അടുത്ത ഷെഡ്യുള്‍ തൊട്ട് വരേണ്ടന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. എന്നെയും വിനോദ് കോവൂരിനേയും അങ്ങനെയാണ് പുറത്താക്കിയത്. ആ സമയത്ത് അത് ഭയങ്കര വിഷമമുണ്ടാക്കിയെന്നും രചന പറഞ്ഞു.

സംവിധായകന്റെ പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ നടി നിഷ സാരംഗിന് താരസംഘടനയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് രചന പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ നിഷ ചേച്ചിയെ വിളിച്ചിരുന്നു. അമ്മ അംഗങ്ങള്‍ക്ക് വേണ്ടിയാണ് വിളിച്ച് സംസാരിച്ചത്. എല്ലാവരുടേയും പിന്തുണ നിഷയ്ക്കുണ്ടെന്നും രചന പറഞ്ഞു.

Uppum Mulakum, Nisha Sarang, Rachana Narayanankutty

അതേസമയം സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ നേരത്തെയും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നാടകങ്ങളിലൂടെ കലാരംഗത്ത് വന്ന ഉണ്ണികൃഷ്ണന്‍ അമൃത ടിവിയിലൂടെയാണ് മിനിസ്‌ക്രീന്‍ രംഗത്ത് എത്തുന്നത്. മഴവില്‍ മനോരമ തുടങ്ങിയപ്പോള്‍ അവിടെയെത്തിയ ഉണ്ണികൃഷ്ണന്‍ തട്ടിയും മുട്ടിയും എന്ന സീരിയലിലെ ഒരു നടിയോട് അപമര്യാദയായി പെരുമാറി. ഇക്കാര്യം ചാനല്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് ഉണ്ണികൃഷ്ണന്റെ രാജി എഴുതി വാങ്ങിക്കുകയായിരുന്നു.

മനോരമയില്‍ നിന്ന് പുറത്തായതോടെയാണ് ഇയാള്‍ ഫ്‌ളവേഴ്‌സ് ടിവിയുമായി കരാറിലാകുന്നത്. അവിടെ ഉപ്പും മുളകും എന്ന പരമ്പരയുടെ സംവിധായകനായി. 2015 ഡിസംബറില്‍ തുടങ്ങിയ പരമ്പര റേറ്റിംഗില്‍ മുന്നേറുന്നതിനിടെയാണ് ഉണ്ണികൃഷ്ണനെതിരെ പരാതിയുമായി നിഷ സാരംഗ് രംഗത്ത് വന്നത്. തന്നെ നിരന്തരം ശല്യം ചെയ്യുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് നിഷയുടെ ആരോപണം.