Latest News

33 പേരെ ഇല്ലാതാക്കിയ പരമ്പരക്കൊലയാളിക്ക് പ്രചോദനം 100 പേരെ കൊന്നുതള്ളിയ അമ്മാവന്‍ ; ട്രക്ക് ഡ്രൈവര്‍മാരെ കൊല്ലുന്നത് തെളിവ് ഇല്ലാതാക്കാന്‍ ; എല്ലാം കഴിഞ്ഞാല്‍ അടിവസ്ത്രം വരെ ഊരിമാറ്റി കുഴിച്ചുമൂടും

2018-09-14 01:37:59am |

ഭോപ്പാല്‍: ''അച്ഛന്റെ സ്‌നേഹം ഒരിക്കലും കിട്ടിയിരുന്നില്ല. നോക്കാന്‍ ആരുമില്ലാത്തതിനാല്‍ അന്തര്‍മുഖനായിപോയി. ഉള്ളിന്റെയുള്ളില്‍ ഞാനറിയാതെ ഉറങ്ങിക്കിടന്ന പകയും ദേഷ്യവും വളര്‍ന്നപ്പോള്‍ എന്നെ അക്രമിയാക്കി മാറ്റുകയായിരുന്നു.'' ഖര്‍മ്മ പരമ്പര കൊലപാതകത്തിന് പോലീസിനോട് അക്ഷോഭ്യനാകാതെ പറഞ്ഞു. പകല്‍ പാവം തയ്യല്‍ക്കാരനായും രാത്രി ക്രൂരനായ കൊലയാളിയായും എട്ടു വര്‍ഷം കൊണ്ടു 33 ലധികം ട്രക്ക് ഡ്രൈവര്‍മാരെ കൊലപ്പെടുത്തിയ ആദേശ് ഖര്‍മ്മ പോലീസിനോട് പറഞ്ഞത് ഇങ്ങിനെയായിരുന്നു. സൗത്ത് ലോധ എസ്പി രാഹുല്‍ കുമാറിനോടായിരുന്നു തന്റെ കൊലപാതക വിനോദം ഖര്‍മ്മ പങ്കുവെച്ചത്.

അതേസമയം അന്വേഷണത്തിനിടയില്‍ ഏറെ കൗശലക്കാരനാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ഖര്‍മ്മയുടെ വാക്കുകള്‍ പോലീസ് മുഖവിലയ്ക്ക് പോലും എടുത്തിട്ടില്ല. പകല്‍ അയാള്‍ കഠിനാദ്ധ്വാനിയായ തയ്യല്‍ക്കാരനായിരുന്നു. എന്നാല്‍ തയ്യല്‍ക്കാരന്‍ അയാളിലെ ഒരു വശം മാത്രമായിരുന്നു. 2010 മുതല്‍ മദ്ധ്യപ്രദേശില്‍ ഹൈവേകള്‍ കേന്ദ്രീകരിച്ച് നിരവധി ഭാഗങ്ങളില്‍ നടന്ന കൊലപാതകത്തിലെ പ്രതിയാണ് ആദേശ് ഖര്‍മ്മ. കൊല്ലാനുള്ള ഇരയെ സൗഹൃദത്തിലൂടെയാണ് ഖര്‍മ്മ കെണിയില്‍ വീഴ്ത്തിയിരുന്നത്. കൊല്ലാന്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ അവരുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുകയാണ് ആദ്യം ചെയ്യുക. പിതാവ് ഗുലാബ് ഖര്‍മ്മ സൈന്യത്തില്‍ നിന്നും നായ്ബ് സുബേദാറായി വിരമിച്ചയാളാണ്. പട്ടാളഗ്രൗണ്ടിലെ അച്ചടക്കം അദ്ദേഹം വീട്ടിലേക്കും കൊണ്ടുവന്നു. കുഞ്ഞുന്നാളില്‍ പിതാവ് വലിയ കടുപ്പക്കാരനായിരുന്നു. ചെറിയ കുറ്റത്തിന് പോലും പിതാവ് ആദേശിനെ തല്ലുകയും വീട്ടില്‍ നിന്നും പുറത്താക്കുകയും പതിവായിരുന്നു. ഇതായിരിക്കാം ഖര്‍മ്മയുടെ വ്യക്തിത്വത്തെയും സ്വഭാവരീതിയെയും മാറ്റിയതെന്നും ലോധ പറയുന്നു.

ചെറുപ്പത്തില്‍ തന്നെ അപകടകരമായ രീതികള്‍ ഖര്‍മ്മ സ്വയം പരീക്ഷിച്ചിരിക്കാം. ഒരു പക്ഷേ ഇതായിരിക്കാം നിര്‍വ്വികാരതയോടെ കൊലപാതക പരമ്പര നടത്തുന്ന അക്രമിയായ സൈക്കോയാക്കി ഖര്‍മ്മയെ മാറ്റിയതെന്നാണ് പോലീസ് കരുതുന്നത്്. ഖര്‍മ്മയുടെ മൊഴി പല തരത്തില്‍ പരിശോധിക്കുകയാണ് പോലീസ്. ഒപ്പം 2005-06 കാലത്തിനിടയിലെ ചില കൊലപാതകങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നും പോലീസ് തപ്പുന്നുണ്ട്. ഇയാള്‍ കവര്‍ച്ച ആരംഭിച്ചത് 2010 ന്റെ ആദ്യം അല്ലെന്നാണ് പോലീസ് കരുതുന്നത്. 100 ലധികം പേരെ കൊലപ്പെടുത്തിയ അമ്മാവന്‍ അശോക് ഖര്‍മ്മയില്‍ നിന്നുമുള്ള സ്വാധീനം ഉള്‍ക്കൊണ്ട് ജീവിതത്തില്‍ വളരെ ചെറുപ്പം മുതല്‍ ഇയാള്‍ കുറ്റകൃത്യം ചെയ്യുന്നവരുമായി ബന്ധമുണ്ടാക്കുകയും കൃത്യങ്ങളില്‍ പങ്കാളി ആകുകയും ചെയ്തിരിക്കാമെന്നും പോലീസ് കരുതുന്നു. ട്രക്ക് കൊള്ളയടിക്കുന്ന ഒരു ഗ്യാംഗിനൊപ്പം 2007 ലായിരുന്നു ഖര്‍മ്മ ആദ്യ ട്രക്ക്‌മോഷണം നടത്തിയത്. എന്നാല്‍ അന്ന് ഡ്രൈവറെ കൊലപ്പെടുത്തിയില്ല. കൊളളത്തലവന്‍ മറ്റൊരാളായിരുന്നതിനാല്‍ പ്‌ളാനിംഗ് മറ്റൊരാളുടേതായിരുന്നു.

പിന്നീട് ട്രക്ക് മോഷണ ഗ്യാംഗിലെ സുപ്രധാന അംഗമായി മാറിയ ഖര്‍മ്മ മൂന്ന് വര്‍ഷം കൊണ്ട് ഹൈവേ കേന്ദ്രീകരിച്ച് കൊള്ള നടത്തുന്ന സ്വന്തം സംഘം ഉണ്ടാക്കുകയും മയക്കുമരുന്നും കൊലപാതകവും പ്രവര്‍ത്തനരീതിയാക്കി മാറ്റിയ വമ്പന്‍ മോഷണസംഘമായി മാറുകയുമായിരുന്നു. ആദ്യ മോഷണത്തിന് ശേഷമാണ് പോലീസ് പിന്നാലെ വരുന്നത് ഒഴിവാക്കാന്‍ തെളിവ് പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ഡ്രൈവറെ കൊലപ്പെടുത്തുന്ന രീതി ഖര്‍മ്മ ആരംഭിച്ചത്. 2010 ല്‍ മഹാരാഷ്ട്രാ പോലീസ് ഒരു കേസില്‍ ഇയാളെ പിടികൂടി നാഗ്പൂര്‍ ജയിലില്‍ ഇട്ടെങ്കിലൂം ഇവിടെ നിന്നും ജാമ്യം നേടി പുറത്തു വന്നു. കോടതി നടപടികള്‍ക്കിടയില്‍ പരിചയപ്പെട്ട ചില ക്രിമിനലുകളെ കൂട്ടി ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും പണി തുടങ്ങി.

ഹൈവേകള്‍ കേന്ദ്രീകരിച്ച് കൊലപാതകം ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ കലാപരമായി നടപ്പാക്കാന്‍ തുടങ്ങിയത് ഈ ഘട്ടം മുതലായിരുന്നു. ടോള്‍ ബൂത്തുകള്‍ ഒഴിവാക്കിയുള്ള പാതകളായിരുന്നു തെരഞ്ഞെടുത്തിരുന്നത്. കൊലയ്ക്ക് ശേഷം ഇരകളുടെ മുഴുവന്‍ വസ്ത്രങ്ങളും ഉരിഞ്ഞു മാറ്റുന്നത് രീതിയായിരുന്നു. 11 കൊലപാതകങ്ങളില്‍ സഹായിയായിരുന്ന ജയ് കരണ്‍ തന്റെ അറിവോടെയല്ലാതെ നടത്തിയ ഒരു കൊലപാതകമാണ് ആദേശ് ഖര്‍മ്മയെ കുടുക്കിയത്. ഇരയുടെ മൃതദേഹം അയാളുടെ നാട്ടില്‍ തന്നെ അശ്രദ്ധമായി കുഴിച്ചു മൂടിയ നിലയില്‍ പോലീസ് കണ്ടെത്തി. ഈ മൃതദേഹത്തില്‍ നിന്നുള്ള ഒരു വസ്ത്രശകലം ജെയ് കരനിലേക്കും പിന്നീട് ആദേശ് ഖര്‍മ്മയിലേക്കും പോലീസിനെ എത്തിച്ചു. ഖര്‍മ്മ ജെയ്കരന്‍ നടത്തിയ ഈ കൊലപാതകം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഖര്‍മ്മ സസുഖം ഇപ്പോഴും കൊലപാതകവും കൊള്ളയും തുടരുമായിരുന്നു.

ഖര്‍മ്മയുടെയും അയാളുടെ ഗ്യാംഗുകളുടെയും കൊലപാതകരീതി മനസ്സിലാക്കി മുംബൈ - കൊല്‍ക്കത്ത നാഷണല്‍ ഹൈവേ - 6 ല്‍ ഇവര്‍ നടത്തിയ മിക്ക കൊലപാതകങ്ങളുടെയും പാറ്റേണ്‍ പോലീസ് പഠനം നടത്തിയിരുന്നു. കാര്‍ഗോകളും ട്രക്കുകളും വില്‍ക്കാനെന്ന രീതിയില്‍ ഭോപ്പാല്‍-ഗുണാ-ഗ്വാളിയോര്‍ സംസ്ഥാന ഹൈവേയായിരുന്നു മിക്കവാറും ഉപയോഗപ്പെടുത്തിയിരുന്നത്. ഗ്വാളിയോര്‍ വരെ ഇവിടെ ഒരു ടോള്‍ബൂത്ത് മാത്രമേ ഉള്ളൂ എന്നതാണ് ഈ പാത തെരഞ്ഞെടുക്കാന്‍ കാരണമായി ഖര്‍മ്മ പറഞ്ഞത്. വ്യത്യസ്തമായ ഇടങ്ങളില്‍ അജ്ഞാതന്‍ നടത്തുന്ന ഇത്തരം കൊലപാതകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പൊതുവായ ഒരു ഘടകമേ ഉണ്ടായിരുന്നുള്ളൂ കൊല്ലപ്പെട്ടവരെല്ലാം ലോറി െ്രെഡവര്‍മാരോ ക്ലീനര്‍മാരോ ആയിരുന്നു. കൊലപാതകങ്ങള്‍ തമ്മിലുള്ള സമാനതകളും സാഹചര്യ തെളിവുകളും മുന്‍നിര്‍ത്തി പോലീസ് പല വഴിക്കും അന്വേഷണം നടത്തി. പലരെയും സംശയിച്ചു. എന്നാല്‍ കൊലയാളിയിലേക്ക് എത്താനായില്ല.

ദേശീയപാത ട്രക്ക് ഡ്രൈവര്‍മാര്‍ക്കും ക്‌ളീനര്‍മാര്‍ക്കും ഗതാഗതം നടത്തുന്നവര്‍ക്കും പോലീസുകാര്‍ ഹൈവേ കൊള്ളക്കാരുടെ പേരില്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇരകളായി മാറാതിരിക്കാന്‍ പണമുണ്ടാക്കാന്‍ അപരിചിതര്‍ക്ക് ലിഫ്റ്റ് കൊടുക്കരുതെന്നും മറ്റു ട്രക്ക് ഡ്രൈവര്‍മാരാണെങ്കില്‍ പോലും അപരിചിതരുമായി ചങ്ങാത്തം ഉണ്ടാക്കരുതെന്നും അവരുമായി ഭക്ഷണമോ വെള്ളമോ പങ്കു വെയ്ക്കരുതെന്നും പോലീസ് നിര്‍ദേശിക്കുന്നത് പതിവാണ്.