Latest News

പ്രസവാനന്തര ശുശ്രൂഷക്ക് വരുന്ന സ്ത്രീയുടെ മുന്നില്‍ നഗ്നത കാണിക്കേണ്ടി വരുന്ന അസ്വസ്ഥത, പ്രസവശേഷം യോനിയിലൂടെ വരുന്ന രക്തം തടയാന്‍ തുണി വെച്ച് പഴുതില്ലാതെ അടച്ച് കെട്ടുന്നത്; യുവ ഡോക്ടര്‍ പറയുന്നു

2018-11-07 02:51:31am |

പ്രസവും പ്രസവത്തിന് ശേഷം അമ്മയില്‍ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളും വ്യക്തമാക്കിയിരിക്കുകയാണ് യുവ ഡോക്ടര്‍ ഷിംന അസീസ്. പ്രകൃതിയിലുള്ള ജീവികളാണ് ആ അമ്മയും കുഞ്ഞും. അവര്‍ക്ക് വേണ്ടത് അവര്‍ തമ്മിലടുക്കാനുള്ള മനസ്സമാധാനവും സ്വകാര്യതയുമുള്ള കുറച്ച് ദിവസങ്ങളാണ്. ആദ്യമായി പ്രസവിച്ച അമ്മയെങ്കില്‍, അവരുടെ ആശങ്കകളില്‍ താങ്ങാവുക, അവളെയും സ്വയംപര്യാപ്തയാകാന്‍ സഹായിക്കുക. 'ഓള്‍ക്ക് കുട്ടിയെ എടുക്കാന്‍ പോലും അറിയില്ല' എന്ന് പറയുന്നത് ക്രെഡിറ്റല്ല. -ഷിംന ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

സെക്കന്‍ഡ് ഒപീനിയന്‍ - 051

പത്തു മാസത്തെ ഗര്‍ഭകാലം ഹോര്‍മോണുകളുടെ ചാഞ്ചാട്ടങ്ങളാല്‍ സമ്പന്നമാണ്. അത് കഴിഞ്ഞ് കുഞ്ഞുവാവ വന്ന് കഴിയുമ്പോള്‍ സിനിമേലെ ചേച്ചി മാതൃത്വം മൂത്ത് കണ്ണ് നിറക്കുന്നു, മൂക്ക് ചീറ്റുന്നു, താരാട്ട് പാടുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലോ...? അവിടെ അമ്മ കുഞ്ഞിനോട് അടുക്കാനാവാതെ അന്ധാളിക്കുന്നു, തന്റെ ജീവിതം പോയെന്ന് കരുതുന്നു, കുഞ്ഞുവാവേടെ അച്ഛനോട് വെറുപ്പ് തോന്നുന്നു, ആത്മഹത്യാപ്രവണത പോലുമുണ്ടാകുന്നു. പുതിയ അമ്മയുടെ നെഞ്ചില്‍ സഹിക്കാനാവാത്ത നോവുകള്‍ കോറിയിടുന്ന 'പോസ്റ്റ്പാര്‍ട്ടം ബ്ലൂ' എന്ന അവസ്ഥ വളരെ സാധാരണമാണ്. ഇത് മൂര്‍ച്ഛിക്കുമ്പോള്‍ 'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍' എന്ന രോഗാവസ്ഥയിലേക്ക് എത്തിച്ചേരും. പ്രസവം കഴിഞ്ഞ ഏഴില്‍ ഒരു സ്ത്രീക്ക് ഉണ്ടാകുന്ന ഈ രോഗം വളരെ തീവ്രമാണ് - നമ്മളറിയേണ്ടതാണ്, മനസ്സിലാക്കേണ്ടതാണ്. #SecondOpinion ഇന്ന് ആ അവസ്ഥയേയും അതിന് വളമാകുന്ന നിലവിലെ സാമൂഹിക സാഹചര്യങ്ങളെയും ഒന്നവലോകനം ചെയ്യുകയാണ്.

ആദ്യമേ പറയട്ടെ, പ്രസവശേഷമുണ്ടാകുന്ന അകാരണമായ ദു:ഖം തികച്ചും സ്വാഭാവികമാണ്. ഏകദേശം രണ്ടാഴ്ചയോളം കഴിഞ്ഞാല്‍ തനിയേ മാറുന്ന ഒന്ന്. എന്നിരുന്നാലും, സ്വയം ഉപദ്രവിക്കാനോ കുഞ്ഞിനെ ഇല്ലാതാക്കാനോ ഉള്ള തോന്നലുകള്‍, കടുത്ത മാനസികസംഘര്‍ഷം, സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ സാധിക്കാതിരിക്കുക, അസ്വാഭാവികമായ പെരുമാറ്റങ്ങള്‍, മാറിമറിയുന്ന ഉറക്കത്തിന്റെ താളം എന്നിവയോ അതല്ലെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞും മാറാത്ത കടുത്ത വിഷമമോ ഉണ്ടാവുകയുമാണെങ്കില്‍ മനശാസ്ത്ര ചികിത്സ അനിവാര്യമാണ്. 'ഡോക്ടര്‍ മരുന്ന് കൊടുക്കും. ഓള്‍ക്കും കുട്ടിക്കും തടിക്ക് കേടാണ്' എന്നൊന്നും പറഞ്ഞിരിക്കരുത്. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ മരുന്നുകള്‍ തികച്ചും സുരക്ഷിതമാണ്, നല്‍കാതിരുന്നാല്‍ അപകടവുമാണ്.

പലപ്പോഴും 'നവജാതശിശുവിനെ അമ്മ തലക്കടിച്ച് കൊന്നു' എന്ന വാര്‍ത്തയെല്ലാം ഇതേ രോഗത്തിന്റെ വകഭേദമായ പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് എന്ന സങ്കീര്‍ണമായ മാനസികാവസ്ഥയിലെത്തിയ അമ്മമാര്‍ക്ക് സംഭവിക്കുന്നതാണ്. അതിനും രോഗിയായ അമ്മയെക്കുറിച്ച് കഥയുണ്ടാക്കും നാട്ടുകാര്‍. ജനനമെന്ന പ്രക്രിയയില്‍ സര്‍വ്വസ്വമായ അമ്മക്ക് ശബ്ദമുള്ള വീടുകള്‍ ഇന്നും കേരളത്തില്‍ തീരെ കുറവാണ്. പരമ്പരാഗത പ്രസവരക്ഷ എന്ന ശിക്ഷ അമ്മമാരെ വെയിലില്‍ നിന്ന് നരകത്തിലേക്ക് പിടിച്ചിടുന്ന ഒന്നുമാണ്.

ലോകത്ത് എല്ലായിടത്തും സ്വാഭാവികമായി നടക്കുന്ന ജൈവപ്രക്രിയയായ പ്രസവം നമ്മുടെ നാട്ടിലെത്തുമ്പോള്‍ രോഗമാണ്. ഓരോ അനക്കത്തിലും ഗര്‍ഭിണിക്ക് ആധി പകരാന്‍ അനേകം പേരുടെ അഭിപ്രായകമ്മറ്റി ഉണ്ടാകുകയും ചെയ്യും. ഗര്‍ഭസമയത്ത് ഓരോ മാസവും ഡോക്ടറെ കാണാന്‍ പറയുന്നതും ഫോളിക് ആസിഡ്/കാല്‍സ്യം/ഇരുമ്പ് ഗുളികകള്‍ കഴിക്കാന്‍ നിര്‍ദേശിക്കുന്നതും സ്‌കാനുമെല്ലാം അമ്മയുടേയും കുഞ്ഞിന്റെയും സുരക്ഷക്കാണ്. ഓരോ പരിശോധനയും അപകടങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ അത് മുന്‍കൂട്ടി കണ്ട് വേണ്ട മുന്‍കരുതലുകളെടുത്ത് രണ്ട് ജീവന് കാവലാകാനാണ്. അല്ലാതെ, ഡോക്ടറെ കാണാന്‍ പോകുന്നവരെല്ലാം രോഗികളെന്ന് കരുതരുത്. പ്രതിരോധവും സംരക്ഷണവും ഡോക്ടറുടെ പ്രധാന ജോലികളില്‍ പെട്ടതാണ്.

പ്രസവമോ സിസേറിയനോ ആകട്ടെ, അമ്മയെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നതില്‍ കുപ്രസിദ്ധി ആര്‍ജിച്ചതാണ് നമ്മുടെ പ്രസവരക്ഷാമുറകള്‍. പ്രസവിച്ച് കഴിഞ്ഞ് കുഞ്ഞിനെ എടുക്കാനോ മാറോട് ചേര്‍ക്കാനോ അമ്മക്ക് അനുവാദമില്ല. കുഞ്ഞിനെ എടുക്കാന്‍ പാടില്ലത്രേ. അമ്മ മലര്‍ന്നല്ലാതെ കിടന്നൂടാ എന്ന് അടുത്ത നിര്‍ദേശം, കുഞ്ഞ് വേറെയുള്ളവരുടെ അടുത്തും. തെറ്റാണത്. അമ്മയും കുഞ്ഞുമായുള്ള ബന്ധം അവരെ അടുത്ത് കിടത്തിയും, കുഞ്ഞിനോട് മിണ്ടിയും തൊട്ടും മണത്തും കൊഞ്ചിയുമൊക്കെ തന്നെയാണ് ഉണ്ടാകുന്നത്. സാമ്പ്രദായികമായി നടന്ന് വരുന്ന ഈ രീതി പകരുന്ന ആശയക്കുഴപ്പം ചെറുതല്ല. കൂടെ, എല്ലാത്തിനും നേര്‍പാതിയാകേണ്ട ഭര്‍ത്താവിനെ കണ്ടം വഴി ഓടിക്കുന്ന നാട്ടുനീതിയുടെ കാവല്‍ക്കാരായ മുതിര്‍ന്ന സ്ത്രീകളും കൂടിയാകുമ്പോള്‍ കഷ്ടപ്പാടിന്റെ ഒപ്പം ബുദ്ധിമുട്ട് എന്ന് പറഞ്ഞത് പോലെയാകും. കുഞ്ഞിപ്പൈതലിന്റെ കാര്യങ്ങള്‍ നോക്കാന്‍ അമ്മയെപ്പോലെ അച്ഛനും പഠിക്കേണ്ടതുണ്ട്.

വായിക്കരുത്, മൊബൈല്‍ ഫോണില്‍ നോക്കരുത്, ടിവി കാണരുത് - കണ്ണ് കേടുവരുമത്രേ ! മറ്റ് സ്ഥലങ്ങളില്‍ കുഞ്ഞിന്റെ ആവശ്യങ്ങളെക്കുറിച്ച് തിരഞ്ഞ് പിടിച്ച് വായിച്ച് അനുനിമിഷം അമ്മയെന്ന അനുഭവം ആഘോഷമാക്കുമ്പോള്‍, ഇവിടെ പരമ്പരാഗതരീതിയെന്ന് പേരിട്ട് അബദ്ധധാരണകള്‍ പരത്തുന്നവരാല്‍ കയറില്ലാതെ കെട്ടിയിടപ്പെടുന്ന അമ്മമാര്‍. കുഞ്ഞിനെ കാണാന്‍ വരുന്നവരുടെ നൂറായിരം അഭിപ്രായങ്ങള്‍, പ്രസവരക്ഷ നടത്താന്‍ വന്ന സ്ത്രീയുടെ വകയായി തീറ്റിക്കലും തിളച്ച വെള്ളം ദേഹത്ത് കോരിയൊഴിക്കലും പുറമേ.

പ്രസവാനന്തര ശുശ്രൂഷക്ക് വരുന്ന സ്ത്രീയുടെ മുന്നില്‍ നഗ്നത കാണിക്കേണ്ടി വരുന്ന അസ്വസ്ഥത, ഇഷ്ടമുള്ള ഭക്ഷണം/വസ്ത്രം/വിശ്രമം/വിനോദം- ഒന്നും പാടില്ലെന്നത്, പ്രസവശേഷം യോനിയിലൂടെ വരുന്ന രക്തം തടയാന്‍ തുണി വെച്ച് പഴുതില്ലാതെ അടച്ച് കെട്ടുന്നത് (യോനിയിലൂടെ ഗര്‍ഭപാത്രത്തിലേക്ക് കാറ്റ് കയറാതിരിക്കാനാണ് പോലും), നാല്‍പത് ദിവസം മുടി ചീകരുത്, വയറ് ചാടാതിരിക്കാന്‍ 'അര മുറുക്കുക' എന്ന് പറഞ്ഞ് തോര്‍ത്ത് കൊണ്ട് വരിഞ്ഞ് മുറുക്കിയുള്ള കെട്ട്, കുഞ്ഞ് കിടന്ന വയറ് ഒഴിഞ്ഞു കിടക്കാന്‍ പാടില്ലെന്ന് പറഞ്ഞുള്ള ഭക്ഷ്യാക്രമണം - ശാസ്ത്രീയമായി ഒരടിസ്ഥാനവുമില്ലാത്ത ഈ പീഡനങ്ങള്‍ സാധാരണ മാനസികാവസ്ഥയിലുള്ള പെണ്ണിന് പോലും സഹിക്കാനാകില്ല. അപ്പോള്‍, കടുത്ത രീതിയില്‍ മാനസികാസ്വാസ്ഥ്യമുള്ള പുതിയ അമ്മക്ക് ഇവയെല്ലാം മരണതുല്യമായിരിക്കും. പക്ഷേ, മിണ്ടിക്കൂടാ എന്ന് നിയമം. ഭര്‍തൃവീട് കൂടിയാണെങ്കില്‍ പറയുകയേ വേണ്ട. 'സര്‍വ്വംസഹ, ക്ഷമാശീല' എന്നീ ടാഗുകള്‍ ഒഴിവാക്കുന്നത് സമൂഹം അംഗീകരിക്കില്ലല്ലോ.

കുഞ്ഞിനോടുള്ള ക്രൂരതകളും അമ്മക്ക് നോവാണ്. കുഞ്ഞിനെ ചിലയിടങ്ങളില്‍ ഏതാണ്ട് 'ഇപ്പോ പൊട്ടും' എന്ന മട്ടില്‍ അനക്കം തട്ടാതെ കൊണ്ടു നടക്കും. വേറെ ചിലയിടത്ത് വാവയുടെ മുലക്കണ്ണ് പിഴിയല്‍, പൗഡറില്‍ മുക്കിയെടുക്കല്‍, കണ്‍മഷി വാരിത്തേപ്പ്, മഞ്ഞളും കണ്ണില്‍ കണ്ടതെല്ലാം ചേര്‍ത്ത എണ്ണ തേച്ച് നീറി പുകയ്ക്കല്‍, അമ്മയുടെ തലമുടി പറിച്ച് കുഞ്ഞിന്റെ നാക്ക് വടിക്കല്‍, സന്ധികളില്‍ ചൂടുള്ള വെള്ളമൊഴിച്ച് കുഞ്ഞ് പൊള്ളിയിട്ട് കാലിട്ടിളക്കുന്നത് കാലിന് നല്ലതാണെന്നും മറ്റും പറഞ്ഞ് കാണിക്കുന്ന പരാക്രമങ്ങള്‍, പൊക്കിളില്‍ മരുന്ന്പൊടി തേക്കല്‍, മുലപ്പാലല്ലാത്ത സാധനങ്ങള്‍ വായിലൊഴിക്കല്‍ എന്നിവ തൊട്ട് കഴുത്ത് നീളാന്‍ തല കീഴായി/തല മാത്രം പിടിച്ച് ആട്ടലും വരെയൊക്കെയുണ്ട്. കണ്ടു നില്‍ക്കുന്ന അമ്മ എതിര്‍ത്ത് യാതൊന്നും മിണ്ടിക്കൂട എന്ന തിട്ടൂരവും.

അരുത്, പ്രകൃതിയിലുള്ള ജീവികളാണ് ആ അമ്മയും കുഞ്ഞും. അവര്‍ക്ക് വേണ്ടത് അവര്‍ തമ്മിലടുക്കാനുള്ള മനസ്സമാധാനവും സ്വകാര്യതയുമുള്ള കുറച്ച് ദിവസങ്ങളാണ്. ആദ്യമായി പ്രസവിച്ച അമ്മയെങ്കില്‍, അവരുടെ ആശങ്കകളില്‍ താങ്ങാവുക, അവളെയും സ്വയംപര്യാപ്തയാകാന്‍ സഹായിക്കുക. 'ഓള്‍ക്ക് കുട്ടിയെ എടുക്കാന്‍ പോലും അറിയില്ല' എന്ന് പറയുന്നത് ക്രെഡിറ്റല്ല. അവരെ സഹായിക്കുക, പഠിക്കട്ടെ. അമ്മക്ക് കുഞ്ഞുറങ്ങുമ്പോഴേ വിശ്രമിക്കാനാവൂ. ആ നേരത്ത് പകലുറങ്ങരുത് എന്ന് കല്‍പ്പിച്ച് കുഞ്ഞിനെ നുള്ളി ഉണര്‍ത്തുന്നതൊക്കെ ഏറ്റവും മോശമായ പ്രവര്‍ത്തിയാണ്. കുഞ്ഞ് എല്ലാ അര്‍ത്ഥത്തിലും അമ്മക്ക് പുതിയതാണ്. അവള്‍ക്ക് സഹായം മാത്രമേ ആവശ്യമുള്ളൂ, ഭരണം അരുത്. അവളുടെ കുഞ്ഞിനെ പരിചരിക്കാനും സ്നേഹിക്കാനും ആ ചോരപൈതലിന്റെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കാനും അവള്‍ പഠിക്കട്ടെ. ലോകത്തെങ്ങും ഇല്ലാത്ത പരീക്ഷണങ്ങള്‍ സുപ്രധാനമായ ജൈവഘട്ടത്തിലൂടെ പോകുന്ന അവള്‍ക്ക് വേണ്ട. സഹിക്കാന്‍ വയ്യാത്ത വിഷമങ്ങളിലേക്ക് വീണു പോകുന്നത് രോഗം തന്നെയാണ്. പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കുന്ന, സ്ഥിരബുദ്ധിയില്ലാത്ത രീതിയില്‍ പെരുമാറുന്ന, ഞങ്ങള്‍ മലപ്പുറത്തുകാര്‍ 'പേറ്റുചന്നി' എന്ന് വിളിക്കുന്ന അവസ്ഥയെത്തിയാല്‍ മന്ത്രവാദ/മായാജാല/മതചികിത്സകളുമായി നടക്കരുത്. അവരെ മനശ്ശാസ്ത്രവിദഗ്ധരുടെ മുന്നിലെത്തിക്കുക.

ആത്മഹത്യയെക്കുറിച്ചോ മറ്റോ ചെറിയൊരു സൂചന തരുന്ന അമ്മയെപ്പോലും അവഗണിക്കരുത്. 'എന്റെ അമ്മയെ എനിക്ക് തന്നൂടായിരുന്നോ' എന്ന് നമ്മുടെ മടിയിലുള്ള നരുന്ത് ജീവന്‍ നാളെ വളര്‍ന്ന് ചോദിക്കുക തന്നെ ചെയ്യും. അമ്മക്കും കുഞ്ഞിനും കൂട്ടാകുക. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ പൂര്‍ണമായും ചികിത്സിച്ച് മാറ്റാനാകും. വേണ്ടത്, വീട്ടുകാരുടേയും ബന്ധുക്കളുടേയും വിരുന്നുകാരുടേയും നാട്ടുകാരുടേയും ഒരു പണിയുമില്ലാത്തപ്പോള്‍ കുത്തിത്തിരിപ്പുണ്ടാക്കാന്‍ വരുന്ന അപ്പുറത്തെ വീട്ടിലെ കാരണവത്തിയുടേയുമെല്ലാം ഭാഗത്ത് നിന്നുള്ള സഹകരണമാണ്. 'അവഗണിച്ചു കൂടേ' എന്ന് ചോദിച്ചാല്‍ മനസ്സ് വിഷമിച്ചിരിക്കുന്ന അമ്മക്കത് എളുപ്പം സാധിക്കുന്ന ഒന്നാവണമെന്നില്ല. പത്തു മാസം ഒന്നായിരുന്ന അമ്മയേയും കുഞ്ഞിനേയും പരസ്പരം ബന്ധിപ്പിക്കാനോ രക്ഷിക്കാനോ ആരും വേണ്ട. അതൊരായുസ്സിന്റെ ചങ്ങലപ്പൂട്ടാണ്, ഏറ്റവും ആത്മാവുള്ള ആത്മബന്ധം. അവര്‍ക്കുള്ള സ്പേസ്, അത് നല്‍കല്‍ മാത്രമാണ് നമ്മുടെ കര്‍മ്മം...

.
വാല്‍ക്കഷ്ണം: പെറ്റു കിടന്ന പെണ്ണ് 'നന്നാവണം' എന്ന് പറഞ്ഞ് കൊടുക്കുന്ന അധികഭക്ഷണം നന്നാക്കുകയല്ല, അവര്‍ക്ക് അമിതവണ്ണവും ജീവിതശൈലീരോഗങ്ങളും വരാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ച് അവരെ ചീത്തയാക്കുകയാണ് ചെയ്യുക. അമിതവണ്ണമുള്ള അമ്മയെയല്ല, ആരോഗ്യമുള്ള അമ്മയെയാണ് നമുക്കാവശ്യം. സാധാരണ ഭക്ഷണത്തോടൊപ്പം വെറും അഞ്ഞൂറ് കാലറിയാണ് മുലയൂട്ടുന്ന അമ്മക്കാവശ്യം. 'നെയ്യില്‍ വാട്ടിയ നേന്ത്രപ്പഴം' എന്ന സുപ്രസിദ്ധ പ്രസവരക്ഷ വിഭവം മാത്രം ഒരു ചെറിയ ബൗളെടുത്താല്‍ ഇതിലേറെ കാലറിയുണ്ടാകും. ഏതാണ്ടൊരു ഊഹം കിട്ടിയെന്ന് കരുതുന്നു. വിശക്കുമ്പോള്‍ കഴിച്ചാല്‍ മതിയാകും, അനാവശ്യമായി ഭക്ഷിക്കേണ്ടതില്ല. കൂടാതെ, സിസേറിയന്‍ കഴിഞ്ഞെന്ന് വെച്ച് പാവം അമ്മയെ രുചിയുള്ള യാതൊന്നും കൊടുക്കാതെ പീഡിപ്പിക്കരുത്. അകത്തേക്ക് കഴിക്കുന്ന ഭക്ഷണം കൊണ്ട് പുറമെയുള്ള മുറിവ് പഴുക്കില്ല. പക്ഷേ, അമ്മക്ക് ദഹിക്കാന്‍ എളുപ്പമുള്ള, വയറില്‍ ഗ്യാസ് നിറയാത്ത ഭക്ഷണം നല്‍കണം. എഴുന്നേറ്റ് നടക്കാതെ തുടര്‍ച്ചയായി കിടന്നാല്‍ വയറില്‍ ഗ്യാസും, കാലിലെ സിരകളില്‍ രക്തം കട്ട പിടിച്ച് ആ രക്തക്കട്ട ഹൃദയത്തിലെത്തി ഹൃദയാഘാതം ഉണ്ടാകാന്‍ പോലും സാധ്യതയുണ്ട്. ഒരു മേജര്‍ സര്‍ജറി കഴിഞ്ഞ വ്യക്തിയെന്ന നിലയില്‍ ഫ്രഷായ ഭക്ഷണം നല്‍കി, ആവുന്നത്ര സന്ദര്‍ശകരെ കുറച്ച് അവര്‍ക്ക് അണുബാധക്കുള്ള സാധ്യത കുറയ്ക്കണം. ഭാരമെടുക്കുന്നതും പടികള്‍ കയറുന്നതും ഒന്നര മാസത്തേക്കെങ്കിലും കഴിയുന്നത്ര ഒഴിവാക്കണം. എങ്ങനെ പ്രസവിച്ച ആളായാലും പൂട്ടിയിട്ട് പീഡിപ്പിക്കാതെ, അവരുടെ ജീവിതത്തിലെ ഏറ്റവും അര്‍ത്ഥവത്തായ നേരം സ്വപ്നതുല്യമാക്കണം. അമ്മയായതല്ലേ അവര്‍, ആ പുതിയ ലോകത്തിന്റെ നൈര്‍മ്മല്യം ആവോളമറിയട്ടെ അമ്മയും കുഞ്ഞുവാവയും...

- Dr. Shimna Azeez