Latest News

കലേഷ് പറയുന്നു, ഒരു കവിത എഴുതി, വർഷങ്ങൾക്കിപ്പുറം അതു സ്വന്തമാണെന്നു തെളിയിക്കേണ്ടി വരുന്നത് ഗതികേട്!

2018-12-01 03:26:42am |

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു ‘കവിതാ മോഷണമാണ്’ ചർച്ച. എഴുത്തുകാരിയും സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെ പ്രശസ്തയുമായ മലയാളം അധ്യാപികയാണ് ആരോപണ വിധേയ എന്നതിനാൽ സാഹിത്യം എന്ന ചുറ്റു വട്ടത്തിനു പുറത്ത്, പൊതു സമൂഹവും ഈ മോഷണവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചർച്ചകളും സജീവമായി ശ്രദ്ധിക്കുന്നു.

കഴിഞ്ഞ ദിവസമാണ് യുവ കവിയും മാധ്യമ പ്രവർത്തകനുമായ എസ്. കലേഷ് തന്റെ കവിത മോഷ്ടിക്കപ്പെട്ടു എന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിത പേരിലുൾപ്പടെ ചുരുക്കം ചില മാറ്റങ്ങളോടെ, അധ്യാപിക സ്വന്തമെന്ന രീതിയിൽ ഒരു സർവീസ് മാസികയിൽ പ്രസിദ്ധീകരിക്കുകയായിരുന്നു എന്ന്, തെളിവുകൾ സഹിതമായിരുന്നു കലേഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

അതോടെ സംഭവം വിവാദമായി. കലേഷിനെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തി. കലേഷിന്റെ കവിത വായിച്ചിട്ടുള്ളവർ അധ്യാപികയുടെ ‘അങ്ങനെയിരിക്കെ’ ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ യുടെ തനി പകർപ്പാണെന്നു സ്ഥിരീകരിച്ചു. അതോടെ ആരോപണം തനിക്കെതിരെയുള്ള വ്യക്തിഹത്യാ ശ്രമമാണെന്നും തനിക്ക് ഇത്തരമൊരു മോഷണത്തിന്റെ ആവശ്യമില്ലെന്നും വിശദീകരിച്ച് അധ്യാപികയും രംഗത്തെത്തി. ‘ആരാണ് ഈ കലേഷ്’ എന്ന തരത്തിൽ അധ്യാപികയ്ക്ക് പിന്തുണയുമായി മറ്റൊരു വിഭാഗവും സജീവമായതോടെ ചർച്ച കൊഴുത്തു.

‘‘ആരാണ് കലേഷ് ?’’

മലയാള കവിതയുടെ മാറിയ കാലത്തെ വ്യക്തമായി തിരിച്ചറിയുന്നവര്‍ക്ക് എസ്.കലേഷ് സുപരിചിതനാണ്. ആധുനികതയ്ക്കു ശേഷം, തൊണ്ണൂറുകളുടെ അവസാനത്തോടെ മലയാള കവിതയിൽ സജീവമായ ഒരു തലമുറയിൽ, വേറിട്ട ശൈലി കൊണ്ടും ഭാവുകത്വം കൊണ്ടും തന്റെതായ ഇടം സ്വന്തമാക്കിയ യുവ കവി. മലയാള സാഹിത്യത്തിലെ പുതു ചലനങ്ങളെ പരിചയപ്പെടുത്തുന്നതിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന സാഹിത്യ പത്രപ്രവർത്തകൻ കൂടിയായ കലേഷിന് സാഹിത്യ–സാംസ്ക്കാരിക രംഗത്ത് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ശ്രദ്ധേയവും വിശദമായ പഠനങ്ങൾക്കു വിധേയവുമായ കലേഷിന്റെ നിരവധി കവിതകൾ കാവ്യ പ്രണയികൾക്ക് പ്രിയങ്കരമാണെന്നതും എടുത്തു പറയണം.

18 വർഷമായി കവിതയെഴുതുന്ന, മുഖ്യധാര പ്രസിദ്ധീകരണങ്ങളിലെ സജീവ സാന്നിധ്യമായ കലേഷിന്റെതായി ‘ഹെയർപിൻ ബെൻഡ്’, ‘ശബ്ദമഹാസമുദ്രം’ എന്നീ രണ്ടു കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. എം.ജി സർവകലാശാലയിലും കാലിക്കറ്റ് സർവകലാശാലയിലുമുൾപ്പടെ അദ്ദേഹത്തിന്റെ കവിതകൾ പാഠ്യവിഷയവുമാണ്. മാത്രമല്ല, കവിതയ്ക്ക് എം.ജി സർവകലാശാല കലോത്സവത്തിൽ ഒന്നാം സ്ഥാനം, അങ്കണം അവാർഡ്, വി.ടി കുമാരൻ മാസ്റ്റർ പുരസ്ക്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളും പലപ്പോഴായി ഈ ചെറുപ്പക്കാരെനെ തേടിയെത്തി.

‘‘പതിനെട്ടു വർഷമായി കവിതയെഴുതുന്ന ആളാണ് ഞാൻ. 2011– ൽ മലയാളത്തിലെ ഒരു പ്രമുഖ വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതയാണ് ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’. അത് പല രീതിയിൽ ചർച്ച ചെയ്യപ്പെടുകയും പഠനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതുമൊക്കെയാണ്. വാരികയിൽ വന്നതിനു പിന്നാലെ ആകാശവാണിയിൽ ഞാനിതു ചൊല്ലിയിട്ടുമുണ്ട്, ഇന്ത്യൻ ലിറ്ററേച്ചറിൽ ഇംഗ്ലീഷ് തർജമയും വന്നു. 2015 ൽ പ്രസിദ്ധീകരിച്ച ‘ശബ്ദ മഹാസമുദ്രം’ എന്ന പുസ്തകത്തിലും ബ്ലോഗിലും ഈ വായിക്കാം. ഒരു കവിത എഴുതുക എന്നത് എന്നെ സംബന്ധിച്ച് നിസ്സാരമല്ല. ഭാഷയുടെ പ്രയോഗം, ക്രാഫ്റ്റ് തുടങ്ങി വലിയ ചിന്തകൾക്കു ശേഷം പല തരത്തിലാണ് ഓരോ കവിയും ഒരു കവിതയിലേക്കെത്തുന്നത്. അങ്ങനെ പണിയെടുത്ത് നമ്മൾ സൃഷ്ടിച്ച ഒരു കവിത ഒന്നും പറയാതെ അതേ പടി പകർത്തിയിരിക്കുകയാണ്; ഒപ്പം ന്യായീകരണവും. അവരുടെ പല രാഷ്ട്രീയ നിപലാടുകളോടും യോജിപ്പും ബഹുമാനവുമുള്ള ആളാണ് ഞാൻ. അതുകൊണ്ടു തന്നെ ആദ്യം കരുതിയത് അവരെ പെടുത്താൻ വേണ്ടി, അവരുടെ പേരിൽ ആരെങ്കിലും അയച്ചു കൊടുത്ത് കെട്ടിച്ചമച്ചുണ്ടാക്കിയതാകും ഇതെന്നാണ്. പക്ഷേ അവരുടെ പ്രതികരണം കണ്ടപ്പോൾ എനിക്കു മനസ്സിലായത് അവർ ഇത് സ്വന്തം കവിതയെന്ന നിലയിൽ തന്നെയാണ് പരിഗണിക്കുന്നതെന്നാണ്. അതു വലിയ വിഷമമുണ്ടാക്കി. താൻ എഴുതുന്നത് മറ്റൊരാൾ പൊക്കിക്കൊണ്ടു പോകുക, മറ്റൊരു തരത്തിൽ പ്രസിദ്ധീകരിക്കുക എന്നതുമൊക്കെ ഓരോ കവിക്കും ബാധകമായ കാര്യമാണ്. അതുകൊണ്ടു തന്നെ ഇത് എനിക്കു വേണ്ടി മാത്രമുള്ള പ്രതിഷേധമല്ല. ഈ പ്രവണത ശരിയല്ല. പ്രത്യേകിച്ചും ഒരു മലയാളം അധ്യാപിക ഇങ്ങനെ ചെയ്യുന്നത് ഒട്ടും അംഗീകരിക്കുവാനാകില്ല. കവിത മോഷ്ടിച്ചതു പോട്ടെ, അതു സമ്മതിക്കാതെ ന്യായീകരിക്കുന്നതാണു കൂടുതൽ വിഷമം’’.– കലേഷ് പറയുന്നു.

‘‘ഒരു കവിത എഴുതി, അതു പിന്നീടു സ്വന്തമാണെന്നു തെളിയിക്കേണ്ടി വരുന്ന ഒരു കവിയുടെ ഗതികേട് വളരെ വലുതാണ്. അതാണ് ഇപ്പോൾ എന്റെ അവസ്ഥ. ഇത്രയേറെ വായിക്കപ്പെട്ട ഒരു കവിത വീണ്ടും വീണ്ടും എന്റെതാണെന്നു സ്ഥാപിക്കുന്നതും ന്യായീകരിക്കുന്നതും വലിയ ദുരന്തമാണ്. പുരുഷന്റെ കാഴ്ചപ്പാടിലാണ് എന്റെ കവിത. അത് അവർ സ്ത്രീയുടെതാക്കി. കെട്ടിയോനെ കെട്ടിയോളാക്കി. ചെറിയ മാറ്റങ്ങൾ വരുത്തി, വാക്കുകള്‍ മാറ്റി. ഉദാഹരണത്തിന് എന്റെ കവിതയിലെ ഓട്ടോയിൽ എന്നു തുടങ്ങുന്ന വരികളിലെ ഓട്ടോ വെട്ടി നേരിട്ട് കവരങ്ങളിലേക്കു കയറി എന്നാക്കി. അങ്ങനെ കവിതയെ വികൃതമാക്കിയും വികലമാക്കിയും പകർത്തിയിരിക്കുകയാണ്. ഒരു കവിയോടു ചെയ്യാവുന്ന ഏറ്റവും വലിയ പാതകമാണത്. മലയാളത്തിൽ മുൻപും ഒരു കവിതയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് മറ്റു കവികൾ കവിതകള്‍ എഴുതിയിട്ടുണ്ട്. പക്ഷേ അതു പോലെയല്ലല്ലോ ഇത്. ഒരു കവിത അപ്പാടെ മോഷ്ടിച്ചിട്ട് യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരിക്കുകയല്ലേ. ഇനി ഇത്തരം ന്യായീകരണങ്ങളുമായി അവർ മുന്നോട്ടു പോകുകയാണെങ്കിൽ ഞാൻ നിയമപരമായി നീങ്ങും. കാരണം, എന്റെ ലക്ഷ്യം അവരുടെ രാഷ്ട്രീയ നിലപാടുകളെ ചോദ്യം ചെയ്യുകയോ മറ്റോ അല്ല. എന്റെ കവിത മോഷ്ടിക്കപ്പെട്ടു എന്നത് മാത്രമാണ്’’.