Latest News

ഇരുണ്ട നിറം, നീണ്ട ശരീരം, നീളം കുറഞ്ഞ ചുരുണ്ട മുടി, നീളം കുറഞ്ഞതാടി, കണ്ണുകള്‍ക്ക് ഇരുണ്ട നിറം; ഇതുവരെ കണ്ടതല്ല ഇതാണ് യേശുക്രിസ്തുവിന്റെ യഥാര്‍ത്ഥ രൂപം

2018-12-02 05:14:34am |

ലണ്ടന്‍: ദീര്‍ഘ കാലങ്ങളായി ചിത്രങ്ങളിലും പെയിന്റിങ്ങുകളിലും സിനിമകളിലും മറ്റും കണ്ടിട്ടുള്ള യേശുക്രിസ്തുവിന്റെ രൂപം തെറ്റാണെന്ന് പഠനം. ക്രിസ്തുവിന്റെ രൂപം പ്രചരിപ്പിച്ചത് റോമാക്കാരാണെന്ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഫൊറന്‍സിക് വിഭാഗം വിദ്ഗ്ധന്‍ റിച്ചാര്‍ഡ് നീവ് വ്യക്തമാക്കുന്നു. പുരാവസ്തു ശാസ്ത്രവും ഫൊറന്‍സിക് പഠനരീതികളുടേയും അടിസ്ഥാനത്തിലുമുള്ള തെളിവുകള്‍ നിരത്തിയാണ് റിച്ചാഡിന്റെ കണ്ടെത്തല്‍. ദീര്‍ഘകാലം നീണ്ട പഠനത്തിനു ശേഷമാണ് യേശുക്രിസ്തുവിന്റെ മുഖത്തിന്റെ ഘടന റിച്ചാര്‍ഡ് തയ്യാറാക്കിയത്.

കാലങ്ങളായി ചിത്രങ്ങളിലൂടെയും മറ്റും കണ്ട് പരിചയിച്ച ക്രിസ്തുവിന്റെ രൂപത്തില്‍ നിന്നും ഏറെ വ്യത്യസ്തമാണ് റിച്ചാര്‍ഡ് തയ്യാറാക്കിയ യേശുവിന്റെ രൂപം. ഇരുണ്ട നിറം, ആരോഗ്യമുള്ള നീണ്ട ശരീരം, നീളം കുറഞ്ഞ ചുരുണ്ട മുടി, നീളം കുറഞ്ഞതാടി, കണ്ണുകള്‍ക്ക് ഇരുണ്ട നിറം.- ഇതാണ് റിച്ചാര്‍ഡിന്റെ പഠനത്തില്‍ നിന്നും വ്യക്തമായ യേശുവിന്റെ രൂപം.

ക്രിസ്തുവിന്റെ ചിത്രങ്ങള്‍ തയ്യാറാക്കിയവര്‍ ആദ്യ കാലങ്ങളില്‍ അവര്‍ ജീവിച്ചിരുന്ന സാമൂഹിക സാംസ്‌കാരിക പശ്ചാത്തലങ്ങളെ ചുറ്റിപ്പറ്റി തയ്യാറാക്കിയതാണ് നിലവിലെ ക്രിസ്തുവിന്റെ രൂപമെന്നുമാണ് റിച്ചാര്‍ഡ് വിശദമാക്കുന്നത്. ക്രിസ്തുവിന്റെ യഥാര്‍ത്ഥ രൂപം തയ്യാറാക്കിയത് ഫൊറന്‍സിക് ഇന്റര്‍പോളജി ഉപയോഗിച്ചാണെന്നും അദ്ദേഹം പറയുന്നു.

യഥാര്‍ത്ഥ രൂപം തയ്യാറാക്കുന്നതിന് പുരാവസ്തു ഗവേഷകരുടെ സഹായവും ഉപയോഗപ്പെടുത്തി. പ്രാഥമിക രൂപഘടന തയ്യാറാക്കുന്നതിനായി ബൈബിള്‍ തന്നെയാണ് ആശ്രയിച്ചതെന്നാണ് പഠനങ്ങള്‍ വിശദമാക്കുന്നത്. തലയോട്ടിയുടെ രൂപവും മറ്റും ഇപ്രകാരം തയ്യാറാക്കി. എന്നാല്‍ ക്രിസ്തുവിന്റെ നിറം കൃത്യമായി കണ്ടെത്താന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.

ക്രിസ്തുവിന്റെ യഥാര്‍ത്ഥ മുഖം കണ്ടെത്താന്‍ സഹായകരമായത് ഫോറന്‍സിക്, പുരാവസ്തു ശാസ്ത്രം എന്നിവയുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനഫലമാണെന്നാണ് റിച്ചാര്‍ഡ് പറയുന്നത്. എഡി ഒന്നാം നൂറ്റാണ്ടിലെ ഭക്ഷണരീതികളും ജീവിത ശൈലികളും ഗവേഷണത്തിന്റെ ഭാഗമായി പഠന വിധേയമാക്കിയെന്നാണ് റിച്ചാര്‍ഡ് നീവ് അവകാശപ്പെടുന്നു. ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ ബൈബിളിലെ അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ ക്രിസ്തുവിന്റെ രൂപത്തെക്കുറിച്ച് സൂചനകള്‍ നല്‍കുന്നുണ്ടെന്നാണ് റിച്ചാര്‍ഡ് പറയുന്നു.