"ആമ്പിളയാനാല്‍ വണ്ടിയെ തൊട്‌റാ"; സംഘപരിവാറിനെ വിറപ്പിച്ച തമിഴ് എസ്.ഐയ്ക്ക് കെ.എസ്.ആര്‍.ടി.സിയുടെ പാരിതോഷികം

2019-01-05 02:13:45am |

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താലിനിടെ സംഘപരിവാറിനെ വിറപ്പിച്ച കളിയിക്കാവിള എസ്.ഐ എം.വി മോഹന അയ്യര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുടെ പാരിതോഷികം. ഇന്നലെ ഹര്‍ത്താലിനോട് അനുബന്ധിച്ച സംഘര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ വ്യാപകമായി തകര്‍ത്തിരുന്നു. ഇതിനിനെ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലും കെ.എസ്.ആര്‍.ടി.സി ബസിന് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു.

എന്നാല്‍ സ്ഥത്തുണ്ടായിരുന്ന എസ്.ഐ മോഹന അയ്യര്‍ അക്രമികളെ ഒറ്റയ്ക്ക് നേരിടുകയായിരുന്നു. 'ആമ്പിളയാനാല്‍ വണ്ടിയെ തൊട്‌റാ' എന്ന എസ്.ഐയുടെ വെല്ലുവിളിയില്‍ അക്രമികള്‍ തണുത്തു. ശേഷ, ബസ് കടന്നു പോകാന്‍ അനുവദിച്ച അക്രമികള്‍ സ്ഥലം വിടുകയും ചെയ്തു. ഇതോടെ എസ്.ഐയ്ക്ക് സോഷ്യല്‍ മീഡിയയിലും തമിഴ്-മലയാളം വാര്‍ത്താ ചാനലുകളിലും താരപരിവേഷം ലഭിച്ചു.

ഇതിന് പിന്നാലെയാണ് മോഹന അയ്യര്‍ക്ക് കെ.എസ്.ആര്‍.ടി.സി പാരിതോഷികം പ്രഖ്യാപിച്ചത്. കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ ജെ. തച്ചങ്കരി മോഹന അയ്യരെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.