നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന്‍ തങ്ങളെ വഞ്ചിച്ചു; സ്ത്രീ പ്രവേശനത്തിന് വേണ്ടിയായിരുന്നെങ്കില്‍ ഭര്‍ത്താവ് പറഞ്ഞാല്‍ പോലും വനിതാ മതിലില്‍ പങ്കെടുക്കില്ലായിരുന്നു; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രീതി നടേശന്‍

2019-01-06 03:07:14am |

ആലപ്പുഴ: വനിതാ മതിലിലെ താരമായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍. എന്നാല്‍ വനിതാ മതിലിന് തൊട്ടുപിന്നാലെ അടുത്ത ദിവസം യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതോടെ വെള്ളാപ്പള്ളിയും എസ്എന്‍ഡിപി യോഗവും വെട്ടിലായി. യുവതി പ്രവേശനം ശരിയല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞെങ്കിലും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചിരിക്കുകയാണ് പ്രീതി നടേശന്‍. ശബരിമലയില്‍ യുവതികളെ രഹസ്യമായി പ്രവേശിപ്പിക്കുന്നത് നവോത്ഥാനമല്ല. സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചു. വനിതാ മതിലിന് തൊട്ട് പിന്നാലെ യുവതികളെ പൊലീസ് സംരക്ഷണയില്‍ സന്നിധാനത്ത് എത്തിച്ചതല്ല നവോത്ഥാനം. വിശ്വാസികള്‍ക്കൊപ്പമാണ് എസ് എന്‍ ഡി പിയെന്നും ടൈാസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രീതി നടേശന്‍ പറഞ്ഞു.

പ്രീതി നടേശന്‍ പറയുന്നതിങ്ങനെ;

പിണറായി വിജയന്‍ സര്‍ക്കാര്‍ നവോത്ഥാനത്തിന്റേ പേരില്‍ തങ്ങളെ കബളിപ്പിച്ചുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍. വനിതാ മതിലിന് തൊട്ടടുത്ത ദിവസം രണ്ട് യുവതികളെ ശബരിമലയിലെത്തിച്ച പോലീസ് നടപടിയില്‍ തനിക്ക് ഒരിക്കലും യോജിക്കാനാകില്ല. മുന്‍കൂട്ടി തയ്യാറാക്കിയ നാടകം പോലെയാണ് ശബരിമലയില്‍ നടക്കുന്ന സ്ത്രീ പ്രവേശനം.

ഇത് നവോത്ഥാനമല്ല, ഇത്രയും അധികം രക്ത ചൊരിച്ചിലുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയില്‍ എങ്ങനെയാണ് നവോത്ഥാനം ഉണ്ടാക്കുന്നതെന്ന് പ്രീതി നടേശന്‍ ചോദിക്കുന്നു. എസ്എന്‍ഡിപി യോഗം എപ്പോഴും ഭക്തര്‍ക്കൊപ്പമാണ്. നമ്മുടെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ക്ഷേത്ര ആചാരങ്ങള്‍ പിന്തുടരുന്ന ഒരു വിഭാഗമാണ് തങ്ങള്‍. സുപ്രീം കോടതി വിധിക്ക് തൊട്ടടുത്ത ദിവസം തന്നെ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന നിലപാട് സ്വീകരിച്ചവരാണ് തങ്ങള്‍. ദൈവത്തില്‍ വിശ്വസിക്കുന്ന സ്ത്രീകള്‍ ആചാര അനുഷ്ടാനങ്ങള്‍ പിന്തുടരും, ഒരിക്കലും ശബരിമലയ്ക്ക് പോകണമെന്ന് പറയില്ല, പക്ഷേ ചില ആക്ടിവിസ്റ്റുകള്‍ പറയും.

ശ്രീനാരായണ ധര്‍മ്മത്തിന്റെ പിന്തുടര്‍ച്ചക്കാരാണ് തങ്ങള്‍. ആര്‍ത്തവത്തിന് ശേഷം ഏഴ് ദിവസത്തിന് ശേഷമേ സ്ത്രീ ശുദ്ധയാകു എന്നും അതിനു ശേഷമേ ക്ഷേത്രത്തില്‍ പ്രവേശിക്കാവൂ എന്നും ഗുരു സ്മൃതിയില്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല ആ ദിവസങ്ങളില്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന എല്ലാം ശുദ്ധി ആക്കണമെന്നും ഗുരു സ്മൃതിയില്‍ പറയുന്നു. കേരളത്തില്‍ പല്ലു തേല്‍ക്കാതെയും കുളിക്കാതെയും ആരും ക്ഷേത്രങ്ങളില്‍ പോകില്ല. ഇതും ഒരു തരത്തില്‍ ശുദ്ധീകരണമാണ്. ഇത് ഒരു അന്ധ വിശ്വാസമല്ല, ഇന്ത്യയില്‍ കാണാന്‍ സാധിക്കുന്ന ഒരു സംസ്‌കാരമാണിത്.

ദൈവ വിശ്വാസികളായ എല്ലാവര്‍ക്കും വേദനാജനകമായ ഒന്നാണ് ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി. പ്രതിഷേധത്തിനായി തങ്ങളുടെ കുട്ടികളെ നിരത്തിലിറക്കാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല, അതിനാലാണ് പുനപരിശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. പലപ്പോഴും ഈഴവ സമുദായത്തില്‍ പെടുന്ന യുവാക്കള്‍ അക്രമപരമായ പ്രതിഷേധങ്ങള്‍ക്ക് അറസ്റ്റിലായിട്ടുണ്ട്.

എസ്എന്‍ഡിപി യോഗത്തില്‍ എല്ലാ പാര്‍ട്ടിയിലെയും അംഗങ്ങളുണ്ട്. സിപിഎം, കോണ്‍ഗ്രസ്, ബിജെപി കൂടാതെ നക്‌സലില്‍ ഉള്‍പ്പെട്ടവര്‍ വരെയുണ്ട്. നിങ്ങള്‍ ജയിലിലെ രാഷ്ട്രീയ തടവുകാരെ ശ്രദ്ധിച്ചാല്‍ അറിയാം അവരില്‍ അധികവും ഈഴവ സമുദായത്തില്‍ പെട്ടവരാണ്. അക്രമം ഒന്നിനും ഒരു പരിഹാരമല്ല.

നവോത്ഥാനത്തിന്റെ പേരില്‍ തങ്ങള്‍ വളരെയധികം വഞ്ചിക്കപ്പെട്ടുവെന്നാണ് തനിക്ക് തോന്നുന്നത്. ഇത് ശബരിമലയുടെ പേരിലല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. പല പൊതു പ്രശ്‌നങ്ങളിലും മറ്റും നവോത്ഥാനം കൊണ്ടുവരാനാണെന്നായിരുന്നു. ജനറല്‍ സെക്രട്ടറി വനിതാ മതിലില്‍ നിന്നും വിട്ട് നിന്നിരുന്നെങ്കില്‍ പിന്നീട് അദ്ദേഹത്തിന് നേര്‍ക്ക് തന്നെ ചോദ്യം ഉയരും. ഗുരു തന്നെ ഉയര്‍ത്തിയ നവോഥാനത്തിന് എന്തിന് എതിരു നിന്നു എന്ന് പലരും ചോദിക്കും. എസ്എന്‍ഡിപി കൗണ്‍സിലും ബോര്‍ഡും ചേര്‍ന്നാണ് വനിത മതിലില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ഒരു എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയ്ക്ക് ആ തീരുമാനവുമായി ഒത്തുപോവുകയാണ് അദ്ദേഹം ചെയ്തത്.

ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ തെരുവില്‍ മനുഷ്യര്‍ തമ്മില്‍ തല്ലുന്നത് വളരെ ദുഖകരമായ ഒന്നാണ്, എന്നാല്‍ ഇത് കാണാനും മനസിലാക്കാനുമുള്ള വലിയ മനസ് മുഖ്യമന്ത്രി കാണിച്ചില്ല.. ജാതിയുടെ പേരില്‍ അദ്ദേഹം നേരിടേണ്ടി വരുന്ന അധിക്ഷേപങ്ങളിലും തനിക്ക് ദുഖമുണ്ട്. ഒരു വോട്ടര്‍ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും തനിക്കറിയാം, പേടിക്കാതെ സ്ത്രീകള്‍ക്ക് രാത്രിയില്‍ തെരുവുകളില്‍ പോലും ഇറങ്ങി നടക്കാന്‍ സാധിക്കാത്ത സംസ്ഥാനമാണ് നമ്മുടേത്. തെരുവുകളില്‍ സ്ത്രീകളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനാകുന്നില്ല.

വനിത മതിലില്‍ പോലും ശബരിമലയിലെ യുവതി പ്രവേശനത്തെ തങ്ങള്‍ എതിര്‍ക്കുകയാണ് ചെയ്തത്. എസ്എന്‍ഡിപി യോഗത്തിലെ പല യുവതികളും വനിത മതിലില്‍ പങ്കെടുക്കാന്‍ മടിച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ ജനറല്‍ സെക്രട്ടറി വിളിച്ചതോടെയാണ് അവരെത്തിയത്. തന്നോട് പ്രതിജ്ഞ വായിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. താനാണ് പ്രതിജ്ഞ വായിക്കേണ്ടതെന്ന് തന്നെ അറിയിച്ചിട്ടുണ്ടായിരുന്നില്ല. അവിടെ എത്തിയപ്പോള്‍ സി എസ് സുജാത തന്റെ കൈയ്യില്‍ ഒരു പേപ്പര്‍ തരികയും വായിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. താന്‍ ഇതിനോട് എതിരൊന്നും പറഞ്ഞില്ല, കാരണം ഇതില്‍ അസ്വീകാര്യമായ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

അതില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ കുറിച്ച് ഒരു പരാമര്‍ശം ഉണ്ടായിരുന്നെങ്കില്‍ താന്‍ ഇറങ്ങി പോയേനെ. സ്ത്രീ പ്രവേശനത്തിന് വേണ്ടിയാണ് വനിത മതില്‍ എന്ന് പറഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ ആരും പങ്കെടുക്കില്ലായിരുന്നു. ഭര്‍ത്താവ് പറഞ്ഞാല്‍ പോലും താന്‍ പോകില്ലായിരുന്നു. തനിക്ക് താത്പര്യമില്ലാത്ത ഒരു കാര്യം ചെയ്യാനായി ഒരിക്കലും അദ്ദേഹം തന്നെ നിര്‍ബന്ധിച്ചിട്ടില്ല.

വനിത മതിലിന് തൊട്ടടുത്ത ദിവസം ഒരു സ്ത്രീ തന്നെ വിളിച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു, എന്ത് സംഭവിക്കരുതായിരുന്നോ അത് സംഭവിച്ചു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചു. വഞ്ചിതരായ കാര്യം തങ്ങള്‍ക്ക് മനസിലായി. നടന്ന എല്ലാ പ്രവര്‍ത്തനങ്ങളും മുന്‍കൂട്ടി നിശ്ചയിച്ച് പ്ലാന്‍ ചെയ്തതാണ്. പുനപരിശോധന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ എന്ത് നിലപാട് എടുക്കും എന്ന് നമുക്ക് അറിയില്ല. പക്ഷെ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് വിവധ, മത, സാമുദായിക, രാഷ്ട്രീയ നേതാക്കന്മാരുമായി ഒരു ചര്‍ച്ചയ്ക്ക് തയ്യാറാകണം.

നവോത്ഥാനം ഒരിക്കലും രഹസ്യമായി സാധ്യമാവുകയില്ല. തലയില്‍ തുണിയിട്ട് മുഖം മറച്ചാണ് യുവതികള്‍ സന്നിധാനത്ത് എത്തിയത്. പല ക്ഷേത്രങ്ങളിലും ആചാരങ്ങളില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. പക്ഷേ അത് വളരെ സാവധാനം മാത്രമേ സാധ്യമാകൂ. . നിരവധി ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും ശേഷം മാത്രമേ പല വിധികളും സാധ്യമായിട്ടുള്ളു. കഴിഞ്ഞ ദിവസത്തെ നടപടിക്ക് നമ്മള്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്നത് സത്യമാണ്. എത്ര പേരെയാണ് ഈ നീക്കം ബാധിച്ചതെന്ന് നോക്കു. നിരവധി ആളുകള്‍ ഇപ്പോള്‍ ജയിലിലാണ്. രക്തച്ചൊരിച്ചില്‍ കൊണ്ട് ഒരിക്കലും നവോത്ഥാനം സാധ്യമാകില്ല. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കടുത്ത സ്വഭാവത്തില്‍ നിന്ന് മാറണം. അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ തയാറാകണം.