Latest News

ആരു ഹര്‍ത്താല്‍ നടത്തിയാലും തല്ല് ബിജുവിന് ! ബജിക്കട പോലും വെറുതേവിട്ടില്ല, കച്ചവടക്കാര്‍ക്കിട്ട്‌ പണി" വീണ്ടും, മിഠായിത്തെരുവിലും ബ്രോഡ്‌വേയിലും ‘കടമുടക്ക’മില്ല

2019-01-09 03:53:10am |

സമരസമിതി നേതാക്കളുടെ ഉറപ്പും വ്യാപാരി സംഘടനാനേതാക്കളുടെ നിശ്‌ചയദാര്‍ഢ്യവും കാറ്റില്‍ പറന്നതോടെ, ദേശീയ പണിമുടക്കിന്റെ ആദ്യദിനം കടകള്‍ തുറന്ന വ്യാപാരികള്‍ക്കു പണികിട്ടി. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപാരികളും സമരക്കാരുമായുള്ള സംഘര്‍ഷം ഏറ്റുമുട്ടലിന്റെ വക്കിലെത്തി. ആരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും കടകള്‍ തുറക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്‌ഥാനാധ്യക്ഷന്‍ ടി. നസറുദ്ദീന്‍ പ്രഖ്യാപിച്ചതു കോഴിക്കോട്‌, എറണാകുളം നഗരങ്ങളിലൊഴികെ പ്രാവര്‍ത്തികമായില്ല.

ആലപ്പുഴ വെള്ളക്കിണര്‍ ജങ്‌ഷനു സമീപം തുറന്ന ബജിക്കട അടച്ചുതകര്‍ത്തു. കടയുടമ ആര്‍.എന്‍. ബിജുവിനു ക്രൂരമര്‍ദനമേറ്റു. ബിജുവിനെ പോലീസ്‌ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ സി.ഐ.ടി.യു. പ്രവര്‍ത്തകരാണ്‌ ആക്രമണം നടത്തിയതെന്നാണു പോലീസിനു ലഭിച്ച വിവരം. ശബരിമല കര്‍മസമിതി കഴിഞ്ഞദിവസം നടത്തിയ ഹര്‍ത്താലിലും ബി.ജെ.പി. പ്രവര്‍ത്തകനായ ബിജുവിന്റെ കട ആക്രമിച്ചിരുന്നു. ബിജുവും അമ്മ വനജയും ചേര്‍ന്നാണു കട നടത്തുന്നത്‌.

ഗ്യാസ്‌ അടുപ്പും അലമാരയും പാത്രങ്ങളും കസേരകളുമടക്കം തകര്‍ത്തു. കായംകുളത്ത്‌ ഫര്‍ണിച്ചര്‍ കട തുറന്നതിനേത്തുടര്‍ന്ന്‌ സമരാനുകൂലികള്‍ ജീവനക്കാരനെ മര്‍ദിച്ചു. കെ.പി. റോഡിലെ സെന്റര്‍ പോയിന്റ്‌ ഷോപ്പിങ്‌ മാളിലെ ഫര്‍ണിച്ചര്‍ കട ജീവനക്കാരന്‍ പീറ്ററിനാണു മര്‍ദനമേറ്റത്‌. മലപ്പുറം മഞ്ചേരിയില്‍ കട തുറന്ന വ്യാപാരികളും സമരക്കാരുമായി സംഘര്‍ഷമുണ്ടായി. മഞ്ചേരി നഗരത്തിലെ ചുമട്ടുതൊഴിലാളികളുടെ നേതൃത്വത്തില്‍ എത്തിയവരാണു കടകള്‍ അടയ്‌ക്കാന്‍ ആവശ്യപ്പെട്ടത്‌. ഇതോടെ സമരാനുകൂലികളെ വ്യാപാരികള്‍ സംഘടിച്ച്‌ തടഞ്ഞു. കട അടയ്‌ക്കില്ലെന്നു വ്യക്‌തമാക്കി മുദ്രാവാക്യം വിളിച്ചു.

കൂടുതല്‍ സമരാനുകൂലികള്‍ വിവിധ ഇടങ്ങളില്‍നിന്നു സംഘടിച്ചെത്തിയതോടെ പ്രശ്‌നം വഷളായി. പോലീസ്‌ സംരക്ഷണം നല്‍കുന്നില്ലെന്നാരോപിച്ച്‌ വ്യാപാരികള്‍ പ്രതിഷേധപ്രകടനം നടത്തി. തുടര്‍ന്ന്‌ മഞ്ചേരി സി.ഐ: എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പോലീസ്‌ സ്‌ഥലത്തെത്തി സംഘര്‍ഷം ഒഴിവാക്കി. തുറക്കുന്ന കടകള്‍ക്കു സംരക്ഷണം നല്‍കുമെന്നു മലപ്പുറം ജില്ലാ പോലീസ്‌ മേധാവി പ്രതീഷ്‌കുമാര്‍ അറിയിച്ചു.

എറണാകുളം ബ്രോഡ്‌വേയിലും എം.ജി. റോഡിലും കോഴിക്കോട്‌ മിഠായിത്തെരുവിലും വ്യാപാരസ്‌ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചു. തൃശൂര്‍ കാട്ടൂരിലും കയ്‌പമംഗലത്തും തുറന്ന കടകള്‍ അടപ്പിച്ചു. കോഴിക്കോട്‌ മിഠായിത്തെരുവില്‍ പണിമുടക്കിനു കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നു വ്യാപാരികള്‍ നേരത്തേ വ്യക്‌തമാക്കിയിരുന്നു. പകുതിയോളം കടകള്‍ ഇന്നലെ തുറന്നെങ്കിലും സമരക്കാരുടെ ഭാഗത്തുനിന്നു പ്രതിഷേധമുണ്ടായില്ല.