പുരോഹിതരില്‍ ബ്രഹ്മചര്യവ്രതം പാലിക്കുന്നത് വളരെക്കുറച്ചു പേര്‍ മാത്രം ; അവരുടെ തെറ്റുകള്‍ മറയ്ക്കാന്‍ തന്നെ കരുവാക്കുന്നു; ഒന്നല്ല, പത്തു പുസ്തകമെങ്കിലും എഴുതാനുള്ള കഴിവുണ്ടെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര

2019-01-12 02:18:32am |

മാനന്തവാടി: വ്രതവാഗ്ദാനങ്ങള്‍ ലംഘിച്ചെന്നാരോപിച്ചു വിശദീകരണം ചോദിച്ചതിനു പിന്നാലെ തനിക്കെതിരേ കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ദിനപത്രത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതോടെ സഭയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര രംഗത്ത്. പൗരോഹിത്യ വിഭാഗത്തിന്റെ തെറ്റുകള്‍ മറച്ചുവയ്ക്കാനായി തന്നെ കരുവാക്കുകയാണെന്ന വിമര്‍ശനമാണ് സിസ്റ്ററുടേത്. ക്രൈസ്തവ സഭയില്‍ പുരുഷ മേധാവിത്വമാണു നിലനില്‍ക്കുന്നത്.

താന്‍ ചെയ്തതു ശരിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. മാധ്യമങ്ങള്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന ലേഖനത്തിലെ പരാമര്‍ശത്തില്‍ വിശ്വസിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. താന്‍ കണ്ടുമുട്ടിയതില്‍ വളരെക്കുറച്ചു പുരോഹിതര്‍ മാത്രമേ ബ്രഹ്മചര്യവ്രതം പാലിക്കുന്നുള്ളു. പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ഫാ. റോബിനെ രക്ഷിക്കാനായി, അദ്ദേഹത്തിന്റെ കുഞ്ഞിനെ അമ്മയുടെ അടുത്തുനിന്നു കടത്തിക്കൊണ്ടുപോയത് കന്യാസ്ത്രീ മഠത്തിലെ വാഹനത്തിലാണ്. അതൊന്നും സഭയ്ക്കു പ്രശ്‌നമല്ല. ഇങ്ങനെയുള്ള വലിയ തെറ്റുകളെ പുതപ്പിച്ചുറക്കിയിട്ട്, താന്‍ കന്യാസ്ത്രീകള്‍ക്കെതിരാണെന്നു പറഞ്ഞാല്‍ പറഞ്ഞയാള്‍ അവിടെത്തന്നെ ഇരിക്കുകയേയുള്ളൂ.

ഇത്തരം ആരോപണങ്ങളൊന്നും ഒരു കാരണവശാലും തന്നെ തളര്‍ത്തില്ല. മൂന്നു വ്രതങ്ങളും പാലിച്ചാണു ജീവിക്കുന്നത്. അച്ചടക്കലംഘനം നടത്തിയിട്ടില്ല. താന്‍ കത്തോലിക്കാ സഭയ്ക്ക് അപമാനവുമല്ല. ഒന്നല്ല, പത്തു പുസ്തകമെങ്കിലും എഴുതണം. അതിനുള്ള കഴിവുണ്ട്. ഇതെല്ലാം സഭ നിഷേധിക്കുകയായിരുന്നെന്നും സിസ്റ്റര്‍ വിമര്‍ശിച്ചു. തനിക്കെതിരേ ലേഖനമെഴുതിയ നോബിള്‍ പാറയ്ക്കല്‍ എന്ന പുരോഹിതന്‍ കുറച്ചുകാലമായി സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തിപരമായി അപമാനിച്ചുകൊണ്ടിരിക്കുകയാണ്.

സഭയ്ക്കും സഭയുടെ പൗരോഹിത്യത്തിനും സന്യാസത്തിനും എതിരായ തെറ്റുകള്‍ ചെയ്യുന്ന കന്യാസ്ത്രീകളും പുരോഹിതരുമുണ്ടെന്ന കാര്യം സമൂഹത്തിനറിയാം. ബ്രഹ്മചര്യം വേണ്ടെന്നു പറയുന്ന പുരോഹിതര്‍ പോലുമുണ്ട്. അവരെയൊക്കെ വെള്ളപൂശി ശരിയായി ജീവിക്കുന്ന തന്നെ, ഒരു ക്രൈസ്തവ പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിലോ യാത്രാ സൗകര്യത്തിനായി വാഹനം വാങ്ങിയതിന്റെ പേരിലോ നിയമലംഘനം ആക്രോശിച്ചുകൊണ്ടു വിധിക്കാന്‍ നോക്കിയതുകൊണ്ട് താനിവിടെ മരിച്ചുവീഴില്ല.

പെട്ടെന്നു മദര്‍ ജനറലിനു മറുപടികൊടുക്കാന്‍ ശാരീരിക പ്രശ്‌നങ്ങള്‍ അനുവദിക്കുന്നില്ല. ബ്രഹ്മചര്യം വേണ്ടെന്നു പറയുന്ന പുരോഹിതര്‍ക്ക് താന്‍ ചുരിദാര്‍ ധരിച്ചതു തെറ്റായി തോന്നുന്നു. ഒരു പ്രൊവിന്‍സ് മുഴുവനും സാരിയുടുക്കുമ്പോഴാണിതെന്ന് ഓര്‍ക്കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു.