Latest News

നീതി കിട്ടും വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സിസ്റ്റര്‍ അനുപമ: സമരവേദിക്ക് സമീപം പ്രതിഷേധം, കൈയ്യാങ്കളി

2019-02-10 03:10:42am |

കോട്ടയം: ലൈംഗീക പീഡനക്കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ നീതി കിട്ടും വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സിസ്റ്റര്‍ അനുപമ. കേസില്‍ പരാതിക്കാരിയായ സിസ്റ്ററെ പിന്തുണച്ച് സമരം നടത്തിയ അഞ്ചു കന്യാസ്ത്രീകളെയും കുറവിലങ്ങാട് മഠത്തില്‍ നിന്ന് സ്ഥലം മാറ്റാനുള്ള പ്രതികാര നടപടി ജലന്ദര്‍ രൂപത റദ്ദാക്കിയത് വെളിപ്പെടുത്തിക്കൊണ്ടാണ് അനുപമയുടെ പ്രതികരണം. ജലന്ദര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഇക്കാര്യം അറിയിച്ചതായി കോട്ടയത്ത് നടക്കുന്ന എസ്ഒഎസ് പ്രതിഷേധ കണ്‍വെന്‍ഷനില്‍ സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. സിസ്റ്റര്‍ അനുപമയ്ക്ക് പുറമെ സിസ്റ്റര്‍ ജോസഫൈന്‍, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ നീനു റോസ് എന്നിവരാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയത്.

അതേസമയം, കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സേവ് അവര്‍ സിസ്‌റ്റേഴ്‌സ്(എസ്ഒഎസ്) കോട്ടയം കൂട്ടായ്മ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കന്യാസ്ത്രീകള്‍ക്കെതിരെ പ്രതിഷേധം ഉണ്ടായി. സമ്മേളനം നടക്കുന്നതിനിടെ ോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഒരു സംഘം ആളുകള്‍ ബാനറുകളുമായി പ്രതിഷേധിക്കാനെത്തിയത്. ഇതേ തുടര്‍ന്ന് ഇരു ഛിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും പരസ്പരം മുദ്രാവാക്യം വിളികളും, ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്ന് പോലീസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധിക്കാരെ കൂകിവിളിച്ചാണ് പോലീസ് ജീപ്പില്‍ കയറ്റിയത്.

Protest,  Nuns

ഇരയായ ഞങ്ങളുടെ സിസ്റ്ററിനൊപ്പം നിന്നു എന്നതാണ് ഞങ്ങള്‍ ചെയ്ത കുറ്റം. അത് തെറ്റെന്ന് ഞങ്ങള്‍ കരുതുന്നില്ല. ജീവിക്കുന്നതും മരിക്കുന്നതും ഈശോയോടൊപ്പമാണ്. സത്യത്തിനു വേണ്ടി മരണം വരെ നിലനില്‍ക്കുമെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. പണവും പ്രശസ്തിയും ആഗ്രഹിച്ചാണ് സമരത്തിനിറങ്ങിയതെങ്കില്‍ അതിനു മുമ്പേ ഞങ്ങള്‍ സന്യാസ സമൂഹത്തിലേക്ക് വരേണ്ടിയിരുന്നില്ലെന്നും, നീതി കിട്ടും വരെ പിന്മാറുകയില്ലെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീമാരെ വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് സ്ഥലം മാറ്റിക്കൊണ്ടായിരുന്നു സഭയുടെ പ്രതികാര നടപടി. എന്നാല്‍ നടപടി വന്‍ വിവാദമായതോടെയാണ് സ്ഥലമാറ്റ ഉത്തരവ് രൂപതാ അഡ്മിനിസ്മട്രറ്റര്‍ മരവിപ്പിച്ചത്. കേസ് അവസാനിക്കുന്നതു വരെ മഠത്തില്‍ തുടരാമെന്നാണ് സമരത്തില്‍ പങ്കെടുത്ത അഞ്ച് സിസ്റ്റര്‍മാര്‍ക്കും രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഞ്ജലോയുടെ ഉത്തരവിലുള്ളത്.