Latest News

തെളിവായി ഇതിരിക്കട്ടെ... ജീവിതത്തിന്റെ അവസാന "സെല്‍ഫി"യിലും സന്തോഷംപകര്‍ന്ന്‌ ബാബുവും ഗംഗാധരനും യാത്രയായി; തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ ചവിട്ടിയരച്ച രണ്ടു ജീവിതങ്ങള്‍

2019-02-11 02:35:53am |

ഗുരുവായൂര്‍: കോട്ടപ്പടിയില്‍ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കണ്ണൂര്‍ സ്വദേശി നാരായണ പട്ടേരി(ബാബു)യും കോഴിക്കോട്‌ നരിക്കുനി അരീക്കല്‍ ഗംഗാധരനും എടുത്ത സെല്‍ഫി ജീവിതത്തിന്റെ അവസാനഫ്രെയിമായി.

തമാശകളും പൊട്ടിച്ചിരികളുമായി സന്തോഷ നിമിഷങ്ങള്‍ പങ്കിട്ടുകൊണ്ടിരിക്കെയാണു ദുരന്തം ആനയുടെ രൂപത്തില്‍ ഇരുവരെയും ഞെരിച്ചമര്‍ത്തിയത്‌. ഇരുവരും സുഹൃത്തുക്കളെ അടുത്തുനിര്‍ത്തി പലതവണ സെല്‍ഫിയെടുത്തു. കൂട്ടുകെട്ടിന്റെ തെളിവായി ഇതിരിക്കട്ടെ എന്നു തമാശ പറഞ്ഞതായും സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. അതിനിടെ അടുത്ത പറമ്പില്‍ നിന്നു പടക്കം പൊട്ടിയതു കേട്ടു പരിഭ്രാന്തനായി തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ ഓടിയടുക്കുകയായിരുന്നു. ആനയുടെ ചവിട്ടേറ്റു ബാബു സംഭവസ്‌ഥലത്തും ഗംഗാധരന്‍ ആശുപത്രിയിലുമാണു മരിച്ചത്‌.

ഇരുവരും സുഹൃത്ത്‌ മുള്ളത്തു ഷൈജുവിന്റെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനാണെത്തിയത്‌. കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള കൊമ്പനെ തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവത്തിനു എത്തിച്ചതിനിടെ സ്വന്തംവീട്ടിലേക്കും ഷൈജു കൊണ്ടുവരികയായിരുന്നു. കോട്ടപ്പടി ചേമ്പാലക്കുളം ക്ഷേത്രത്തിലെ ഉത്സവം എഴുന്നള്ളിപ്പിനോടു ചേര്‍ന്നാണ്‌ മുള്ളത്ത്‌ ഷൈജു അല്‍പ്പമകലെ പുതിയ വീട്ടില്‍ ഗൃഹപ്രവേശനം നിശ്‌ചയിച്ചത്‌. ഷൈജുവിന്റെ വക വഴിപാടായി ക്ഷേത്രത്തിലേക്കു രണ്ട്‌ ആനകളെ എത്തിച്ചു. പുതിയ വീടിന്റെ മുറ്റത്തുനിന്ന്‌ എഴുന്നള്ളിപ്പ്‌ തുടങ്ങുമ്പോള്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ ഒന്നരയോടെയായിരുന്നു സംഭവം. അതിഥികളില്‍ പലരും ഷൈജുവിനൊപ്പം ഗള്‍ഫില്‍ ജോലി ചെയ്യുന്നവരായിരുന്നു. പുതിയ വീട്ടില്‍നിന്നുള്ള പൂരം കാണാന്‍ ഏറെപ്പേര്‍ എത്തുകയും ചെയ്‌തു.

പഞ്ചവാദ്യം ആരംഭിച്ചപ്പോള്‍ തൊട്ടപ്പുറത്തെ പറമ്പില്‍ പടക്കം പൊട്ടിച്ചു. 15 മിനിറ്റിനു ശേഷം ഒരു പ്രകോപനവുമില്ലാതെയാണ്‌ ആന ഓടിയതെന്നു പറയുന്നു. മുന്നിലകപ്പെട്ട നാരായണ പട്ടേരിയെ രാമചന്ദ്രന്‍ തട്ടിയിട്ട്‌ ചതച്ചരച്ചു. തല്‍ക്ഷണം മരിച്ചു. ഗംഗാധരന്‍ പിന്നീട്‌ ആശുപത്രിയിലാണു മരിച്ചത്‌. ആന ഇടഞ്ഞതുകണ്ട്‌ ഭയന്നോടുന്നതിനിടെ വീണാണു പലര്‍ക്കും പരുക്കേറ്റത്‌. മരിച്ച നാരായണന്‍ 40 വര്‍ഷത്തിലേറെയായി വിദേശത്തായിരുന്നു. ഭാര്യ: ബേബിനിഷ. മക്കള്‍: ഡോ. നീനു, റിനു. ഗംഗാധരനും ഭാര്യ ശ്യാമളയ്‌ക്ക്‌ ഒപ്പം ഖത്തറിലാണ്‌. നാട്ടില്‍ ഇടയ്‌ക്കിടെ വന്നുപോകും.

അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ആനയെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്നതിന് വിലക്ക്. പതിനഞ്ച് ദിവസത്തേക്കാണ് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. രണ്ട് ദിവസം മുമ്പ് ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഗൃഹപ്രവേശനത്തിന് മോഡി കൂട്ടാന്‍ കൊണ്ടുവന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചിരുന്നു.

ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചതിന് ശേഷമേ ആനയെ ഇനി എഴുന്നള്ളിപ്പിന് അനുവദിക്കാനാകൂ എന്നാണ് വനം വകുപ്പിന്റെ നിര്‍ദ്ദേശം. മദപ്പാടിന്റെ ലക്ഷണങ്ങളില്ലെങ്കിലും ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരളുന്ന അവസ്ഥയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുള്ളതെന്നാണ് നിഗമനം.

തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ആനയുടെ ഒരു കണ്ണിന് കാഴ്ചയില്ല. ആറ് പാപ്പാന്‍മാരും നാല് സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും വെള്ളിയാഴ്ച കൊല്ലപ്പെട്ട രണ്ട് പേരുമടക്കം 13 പേര്‍ ഇതുവരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.