Latest News

നവോത്ഥാനത്തിന്‌ ഒരു ഷോര്‍ട്ട് ബ്രേക്ക്; അനുഗ്രഹംതേടി ഇടതുസ്‌ഥാനാര്‍ഥികള്‍ ആരാധനാലയങ്ങളുടേയും പുരോഹിതരുടേയും മുന്നില്‍, ദൈവവിശ്വാസികളില്‍ 90 ശതമാനവും ഇടതുപക്ഷക്കാ​രാണെന്നു ന്യായം

2019-03-13 02:44:48am |

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്‌ അങ്കം കുറിച്ചതോടെ "നവോത്ഥാനനായക"രൊക്കെ പറഞ്ഞതെല്ലാം മറന്ന്‌ ആരാധനാലയങ്ങളുടേയും പുരോഹിതരുടേയും മുന്നില്‍.

ബ്രാഹ്‌മണരാക്ഷസനെന്ന്‌ മന്ത്രി ജി. സുധാകരന്‍ വിളിച്ച തന്ത്രി കണ്‌ഠര്‌ രാജീവരെ കണ്ട്‌ അനുഗ്രഹം തേടി മാവേലിക്കരയിലെ സ്‌ഥാനാര്‍ഥി ചിറ്റയം ഗോപകുമാറും പാലക്കാട്‌ രൂപതാ ബിഷപ്പിനെ സന്ദര്‍ശിച്ച്‌ അനുഗ്രഹം വാങ്ങി പാലക്കാട്ടെ സ്‌ഥാനാര്‍ഥി എം. ബി രാജേഷും.

അരമനകളും ക്ഷേത്രങ്ങളും കയറിയിറങ്ങി പത്തനംതിട്ടയിലെ സ്‌ഥാനാര്‍ഥി വീണാ ജോര്‍ജും ഭക്‌തി ഒട്ടും കുറച്ചില്ല. പാര്‍ലമെന്റിലേക്കുള്ള കന്നി അയ്യപ്പനാണ്‌ താനെന്ന്‌ പറഞ്ഞ്‌ തിരുവനന്തപുരത്തെ സ്‌ഥാനാര്‍ഥി സി. ദിവാകരന്‍ സകലരേയും പിന്നിലാക്കി.

ശബരിമല യുവതീപ്രവേശന വിവാദം കത്തിനിന്ന സമയത്താണ്‌ മന്ത്രി ജി. സുധാകരന്‍ പന്തളം കൊട്ടാരത്തെയും താഴമണ്‍ തന്ത്രി കുടുംബത്തെയും അപമാനിച്ചത്‌.

Left campaign started

തന്ത്രിമാര്‍ അടിവസ്‌ത്രം ഇടാത്തവരാണെന്നും തന്ത്രി രാജീവര്‌ ബ്രാഹ്‌മണ രാക്ഷസനാണെന്നുമായിരുന്നു സുധാകരന്‍ കടുത്തഭാഷയില്‍ അധിക്ഷേപിച്ചത്‌.

പക്ഷേ സുധാകരന്റെ മുന്നണിക്കാരനും സി.പി.ഐക്കാരനുമായ മാവേലിക്കരയിലെ ഇടതുസ്‌ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിനു പ്രചരണം തുടങ്ങാന്‍ രാജീവരുടെ അനുഗ്രഹം നിര്‍ബന്ധമായിരുന്നു. ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാനൊപ്പമെത്തിയാണ്‌ ഗോപകുമാര്‍ അനുഗ്രഹം വാങ്ങിയത്‌.

 

തിരുവനന്തപുരത്ത്‌ സി. ദിവാകരന്‍ കൊഞ്ചിറവിള ദേവിക്ഷേത്രത്തില്‍ നേര്‍ച്ചകാഴ്‌ച്ചകള്‍ അര്‍പ്പിച്ചാണു പ്രചരണം തുടങ്ങിയത്‌. ക്ഷേത്രദര്‍ശനത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ താന്‍ കന്നി അയ്യപ്പനാണെന്നും നാട്ടുകാരല്ലാവരുംകൂടി കൈവച്ചാല്‍ കയറിപ്പോകുമെന്നുമായിരുന്നു പ്രതികരണം.

ദൈവവിശ്വാസികളില്‍ 90 ശതമാനവും ഇടതുപക്ഷക്കാരും കമ്മ്യൂണിസ്‌റ്റുകാരുമാണ്‌. അതിനാലാണ്‌ ക്ഷേത്രത്തിലെത്തിയതെന്നും ദിവാകരന്‍ പറഞ്ഞു. പാലക്കാട്ടെ സി.പി.എം സ്‌ഥാനാര്‍ത്ഥി എം.ബി രാജേഷ്‌ പാലക്കാട്‌ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ മനത്തോടത്തിനെ സന്ദര്‍ശിച്ചശേഷമാണ്‌ വീണ്ടും ഗോദയില്‍ ഇറങ്ങിയത്‌.