Latest News

അപ്പ പറഞ്ഞതനുസരിച്ച് ഒരു കോഫീ ഷോപ്പിലായിരുന്നു ആദ്യ കൂടിക്കാഴ്ച: വിവാഹ മോചനം കഴിഞ്ഞ സ്ത്രീകളുടെ ജീവിതം അവസാനിച്ചുവെന്ന് വിചാരിക്കുന്നവര്‍ക്ക് മറുപടിയുമായി സൗന്ദര്യ രജനീകാന്ത്

2019-04-14 05:10:13am |

നടന്‍ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹം ഏറെ ചര്‍ച്ചയായതായിരുന്നു. താരത്തിന്റേത് രണ്ടാം വിവാഹമാണെന്നുള്ളത് പലരെയും കാഴ്ചപ്പാടിനെ ബാധിച്ചിരുന്നു. യുവനടന്‍ വിശാഖന്‍ വനങ്കമുടിയാണ് സൗന്ദര്യയെ വിവാഹം ചെയ്തത്. വിശാഖന്റെയും രണ്ടാം വിവാഹമായിരുന്നു ഇത്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017ല്‍ ഇരുവരും വേര്‍പിരിഞ്ഞു. അശ്വിനുമായുള്ള ബന്ധത്തില്‍ സൗന്ദര്യയ്ക്ക് അഞ്ച് വയസ്സുകാരനായ മകനുണ്ട്. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെ സിനിമ മേഖലയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് വിശാഖന്‍. ഇപ്പോള്‍ വിവാഹശേഷമുള്ള തങ്ങളുടെ ജീവിതത്തെ കുറിച്ചും രണ്ടാം വിവാഹം എന്നതിലെ ആളുകളുടെ കാഴ്ചപ്പാടുകളെ കുറിച്ചും തുറന്നു പറയുകയാണ് ഈ ദമ്പതികള്‍. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്.

'' എന്റെയും വിശാഖന്റെയും കുടുംബങ്ങള്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിത്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നേരത്തേ പരിചയമുണ്ട്. അപ്പ പറഞ്ഞത് പ്രകാരം, ഒരു കോഫി ഷോപ്പില്‍ വച്ചായിരുന്നു ആദ്യത്തെ കൂടികാഴ്ച. വിശാഖനുമായി കുറച്ച് നേരം സംസാരിച്ചപ്പോള്‍ തന്നെ എനിക്ക് അദ്ദേഹത്തെ ഇഷ്ടമായി. ആദ്യ കാഴ്ചയില്‍ തന്നെ ഇദ്ദേഹമാണ് ഇനി എനിക്കൊപ്പം ജീവിതം ചെലവഴിക്കേണ്ട പുരുഷന്‍ എന്ന് എനിക്ക് തോന്നിയിരുന്നു. ഞങ്ങള്‍ക്ക് പൊതു സുഹൃത്തുക്കളുണ്ട്. പക്ഷേ അന്ന് കാണുന്നത് വരെ നേരിട്ട് സംസാരിച്ചിട്ടില്ലായിരുന്നു. എന്നിരുന്നാലും വിശാഖന്‍ ഒരു അപരിചിതനാണെന്ന തോന്നല്‍ എനിക്കില്ലായിരുന്നു. വിശാഖിനെ കണ്ടതിന് ശേഷം അപ്പയെ വിളിച്ചു. അപ്പ പേട്ടയുടെ ഷൂട്ടിങ് ലൊക്കേഷനിലയിരുന്നു. വളരെ ആവേശത്തോടു കൂടിയാണ് വിവരം തിരക്കിയത്. ഇനി എല്ലാം ആലോചിച്ച് ഉറപ്പിച്ചോളൂ എന്ന് അപ്പയോട് ഞാന്‍ പറഞ്ഞു.

അഞ്ചുമാസം അടുത്ത് ഇടപഴകിയതിന് ശേഷമാണ് വിവാഹം കഴിച്ചത്. അതിനിടെ ഫോണിലൂടെയും ചാറ്റിങ്ങിലൂടെയും ധാരാളം സംസാരിച്ചു. ഡേറ്റിങ് ഒന്നും നടന്നില്ല. കാരണം ഞങ്ങള്‍ ഒരുമിച്ച് പുറത്തു പോകുന്നത് എളുപ്പമില്ലായിരുന്നു. ഐശ്വര്യയും ധനുഷുമായി ഞാന്‍ എല്ലാ കാര്യങ്ങളും പങ്കുവെക്കും. വിശാഖന്റെ കാര്യം അവരോട് പറഞ്ഞപ്പോളാണ് മനസ്സിലായത് അവര്‍ എല്ലാം നേരത്തേ അറിഞ്ഞു വച്ചിരുന്നുവെന്ന്. അവര്‍ക്ക് വിശാഖനെ എന്നേക്കാള്‍ നന്നായി അറിയാമായിരുന്നു. ഇപ്പോള്‍ അനുഗ്രഹിക്കപ്പെട്ടവളെപ്പോലെ തോന്നുന്നു. അപ്പ പറയാറുണ്ട്, നമ്മള്‍ നേട്ടങ്ങള്‍ മോഹിച്ച് ദൈവത്തോട് ഒരുപാട് പ്രാര്‍ഥിക്കാറുണ്ട്. എന്നാല്‍ അത് കൈയില്‍ കിട്ടിയാല്‍ പലരും ദൈവത്തോട് നന്ദി പറയാന്‍ മറന്നുപോകും. അങ്ങനെ ചെയ്യരുതെന്ന്. അപ്പ പറഞ്ഞതു പോലെ എനിക്ക് ലഭിച്ച സൗഭാഗ്യങ്ങള്‍ക്ക് ഞാന്‍ എപ്പോഴും ദൈവത്തോട് നന്ദി പറയാറുണ്ട്.

എല്ലാവര്‍ക്കും നല്ലതും മോശവുമായ അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. അതില്‍ വീഴ്ചകളില്‍ നിന്ന് എഴുന്നേല്‍ക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ഞങ്ങള്‍ രണ്ടുപേരുടെയും ജീവിതത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. അതെല്ലാം തരണം ചെയ്തുവെന്ന് വിശ്വസിക്കുന്നു. ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യം അവള്‍ എങ്ങനെയാണോ അതിനെ നൂറ് ശതമാനം അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ജീവിത പങ്കാളിയെ ലഭിക്കുക എന്നതാണ്. എനിക്ക് അത്തരത്തിലുള്ള ഓരാളെ ഇപ്പോള്‍ ലഭിച്ചുവെന്ന് വിശ്വസിക്കുന്നു. വിശാഖന്‍ എന്റെ കഴുത്തില്‍ താലി കെട്ടുന്നതിന് മുന്‍പ് ഞാന്‍ അപ്പയോടും അമ്മയോടും നന്ദി പറഞ്ഞു.

വിവാഹം ആലോചിച്ചപ്പോള്‍ തന്നെ മകന്‍ വേദിനോട് ഞാന്‍ എല്ലാം പറഞ്ഞിരുന്നു. വിശാഖന്റെ ഫോട്ടോ കാണിച്ചു കൊടുത്തു. ഞങ്ങളുടെ വിവാഹത്തിന്റെ ഓരോ ചടങ്ങുകളും അവനെ സംബന്ധിച്ച് വലിയ അത്ഭുതമായിരുന്നു. അവന്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. ഞങ്ങളുടെ വിവാഹം തീരുമാനിച്ചപ്പോള്‍ പലരും മോശമായി സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വിവാഹ മോചനം കഴിഞ്ഞ സ്ത്രീകളുടെ ജീവിതം അവസാനിച്ചുവെന്ന കാഴ്ചപ്പാടാണ് പലര്‍ക്കും. അത് അങ്ങനെയല്ല. ജീവിതം മുന്നോട്ട് പോയികൊണ്ടേയിരിക്കും'' സൗന്ദര്യ പറഞ്ഞു.

'' ആത്മാര്‍ഥതയും വിനയവുമാണ് സൗന്ദര്യയുടെ ഏറ്റവും വലിയ ഗുണം. ഞങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങളില്‍ പൊരുത്തമുണ്ടെന്ന് തോന്നിയിട്ടുണ്ട്. സൗന്ദര്യ വളരെ ഗൗരവക്കാരിയാണെന്നാണ് ആദ്യം ഞാന്‍ കരുതിയത്. എന്നാല്‍ സംസാരിച്ചപ്പോള്‍ എന്റെ ധാരണ മാറി. സൗന്ദര്യ വിനയമുള്ള ഒരാളാണ്. എല്ലാ കാര്യങ്ങളിലും നൂറ് ശതമാനം ആത്മാര്‍ഥത പുലര്‍ത്തുന്ന വ്യക്തിയാണ്. മകന് നല്ല അമ്മയാണ്, മാതാപിതാക്കളുടെ നല്ല മകളാണ്. സിനിമയോടും കടുത്ത അഭിനിവേശമുണ്ട്. അതെല്ലാം എന്നെ ആകര്‍ഷിച്ച കാര്യങ്ങളാണ്. അപ്പയ്ക്ക് (രജനികാന്തിന്) എന്നെയും കുടുംബത്തെയും ഇഷ്ടമായി എന്ന് സൗന്ദര്യ പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി'' വിശാഖന്‍ കൂട്ടിച്ചേര്‍ത്തു.