Latest News

മമ്മുക്കയുടെ വയറ്റില്‍ പിടിച്ച് ആഞ്ഞ് തള്ളിമാറ്റി, ഷര്‍ട്ട് പൊക്കി നോക്കിയപ്പോള്‍ ചോര തടിച്ചു കിടക്കുന്നു: വെളിപ്പെടുത്തലുമായി ജോജു

2019-05-19 04:01:20am |

സംവിധാന സഹായിയായിട്ടാണു ജോജു ജോര്‍ജ് സിനിമ രംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളമാണു ആദ്യചിത്രം. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ജോസഫ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയതിനൊപ്പം തന്നെ 2018ലെ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ജോജു നേടി.

ജോസഫ് സിനിമയുടെ 125ാം വിജയാഘോഷ ചടങ്ങില്‍ നടന്‍ മമ്മൂട്ടിയായിരുന്നു മുഖ്യാതിഥി. ചടങ്ങില്‍ മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും, മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിച്ച അനുഭവത്തെ കുറിച്ചും ദാദാ സാഹിബിന്റെ സെറ്റില്‍ നടന്ന രസകരമായൊരു സംഭവവും ജോജു തുറന്നു പറഞ്ഞു. '' 99ലാണ് ഞാന്‍ ആദ്യമായി ഡയലോഗ് പറയുന്നത്. ദാദാ സാഹിബ് എന്ന സിനിമയില്‍. അത് തന്നെ വലിയൊരു സന്തോഷമായിരുന്നു. ഇതിന്റെ കൂടെ ഞാന്‍ അഭിനയിക്കേണ്ടത്, മമ്മൂക്കയെ വയറ്റില്‍ പിടിച്ച് തള്ളി മാറ്റുന്നൊരു രംഗവും. ഞാന്‍ ആത്മാര്‍ത്ഥമായി പിടിച്ചു മാറ്റി.' 'സീന്‍ കഴിഞ്ഞ് മമ്മൂക്ക ചെന്നപ്പോള്‍ വിനയന്‍ സാര്‍ ചോദിച്ചു 'എന്തെങ്കിലും പറ്റിയോന്ന്?'.

മമ്മൂക്ക ഷര്‍ട്ട് പൊക്കി നോക്കിയപ്പോള്‍, വയറ്റില്‍ ഞാന്‍ പിടിച്ച രണ്ട് ഭാഗത്തും ചോര തടിച്ച് കിടക്കുന്നതാണ് കണ്ടത്. എന്റെ ആത്മാര്‍ത്ഥ മുഴുവന്‍ ഞാന്‍ മമ്മൂക്കയുടെ വയറ്റിലാണ് കൊടുത്തത്. ആ പാട് കണ്ടപ്പോള്‍ എന്റെ കാര്യം ഇതോടെ തീര്‍ന്നു എന്നാണ് വിചാരിച്ചത്. എന്നാല്‍ എന്റെ മുഖത്ത് നോക്കി ചിരിക്കുകയാണ് അദ്ദേഹം ചെയ്തത്. അവിടുന്നങ്ങോട്ട് എത്രയോ വേഷങ്ങളില്‍ അദ്ദേഹം എന്നെ കൂടെക്കൂട്ടി. രാജാധിരാജ ഉള്‍പ്പടെ. മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നോട് ഇടയ്ക്കിടെ പറയും, 'നമ്മുടെ മമ്മൂക്ക ഇല്ലായിരുന്നെങ്കില്‍ എന്തായേനെ'. എന്തുകാര്യവും പറയാന്‍ പറ്റുന്ന മഹാനായ വ്യക്തി നമ്മുടെ കൂടെ ഉണ്ട് എന്നു പറയുന്നത് തന്നെ വലിയ കാര്യം. എന്നെപ്പോലെ ഒരുപാട് പേരെ സഹായിച്ച മഹാവ്യക്തിത്വത്തിന് നന്ദി.'' ജോജു പറഞ്ഞു.

നല്ല സിനിമയുടെ വിജയമാണ് ജോസഫിന്റെ വിജയമെന്ന് മമ്മൂട്ടി പറഞ്ഞു. '' വിജയങ്ങള്‍ വളരെ ചെറുതാവുന്ന കാലത്താണ് ഇതുപോലൊരു വലിയ വിജയമുണ്ടാകുന്നത്. ഇതൊരു ചെറിയ ചിത്രത്തിന്റെ വലിയ വിജയമോ വലിയ ചിത്രത്തിന്റെ വലിയ വിജയമോ ആകാം. സിനിമ വലുതും ചെറുതെന്നുമില്ല, നല്ലതും ചീത്തയെന്നുമേയുള്ളൂ. എല്ലാ സിനിമകള്‍ക്കും ഒരേ ടിക്കറ്റ് റേറ്റ് ആണ്. പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അവന് എല്ലാ സിനിമകള്‍ക്കും ഒരേ വിലയാണ്. അതിന്റെ മേന്മ കൊണ്ടാണ് ഓരോ സിനിമയും വലുതാകുന്നത്. ഇതൊരു നന്മയുള്ള സിനിമയായതു കൊണ്ടാണ് ആളുകള്‍ ഇഷ്ടപ്പെട്ടത്. ഇതില്‍ അഭിനയിച്ച ആളുകളെല്ലാം വളരെ നന്നായി. സംഗീതം അതിമനോഹരമായിരുന്നു. തിരക്കഥയിലും പുതിയൊരു സമീപനമുണ്ടായിരുന്നു.'' മമ്മൂട്ടി പറഞ്ഞു.