Latest News

മാര്‍ മനത്തോടത്തിന്റെ പത്രസമ്മേളനം വത്തിക്കാന്റെ അനുമതിയോടെ; മാര്‍പാപ്പയുടെ പ്രതിനിധിയെ പ്രതിയാക്കിയ സിനഡ് തീരുമാനത്തില്‍ കടുത്ത അതൃപ്തി; വത്തിക്കാന്‍ ഇടപെടല്‍ ഉടന്‍?

2019-05-23 02:04:02am |

സിറോ മലബാര്‍ സഭയെ ഏറെ പ്രതിസന്ധിയിലാക്കിയ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ജേക്കബ് മനത്തോടത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടത് വത്തിക്കാന്റെ അനുമതിയോടെ. മാര്‍പാപ്പയുടെ പ്രതിനിധിയായി അതിരൂപതയുടെ ഭരണത്തിന് നിയോഗിച്ചിരിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ പ്രതിയാക്കി സിനഡ് പരാതി നല്‍കിയതില്‍ വത്തിക്കാന് കടുത്ത അതൃപ്തിയും ഉണ്ടായെന്നാണ് അവിടെനിന്നും ലഭിക്കുന്ന സൂചനകള്‍. സഭയില്‍ ചേരിപ്പോര് രൂക്ഷമാകുകയും വിശ്വാസികള്‍ക്കിടയില്‍ വലിയ അതൃപ്തി ഉടലെടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ നിലയില്‍ ഇനിയും അധികകാലം മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സൂചനയും വത്തിക്കാന്‍ നല്‍കുന്നു. വൈകാതെ വത്തിക്കാനില്‍ നിന്നും ചില കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

മാര്‍പാപ്പയുടെ പ്രതിനിധിയെന്ന നിലയില്‍ ബിഷപ് ജേക്കബ് മനത്തോടത്ത് എടുക്കുന്ന ഏതൊരു തീരുമാനവും വത്തിക്കാനുമായി ആലോചിച്ചാണ്.
അദ്ദേഹം എടുക്കുന്ന ഒരു തീരുമാനവും സിനഡില്‍ അറിയിക്കേണ്ടതില്ല. എല്ലാ കാര്യങ്ങളും വത്തിക്കാനെ നേരിട്ട് ബോധിപ്പിക്കാനുള്ള പ്രതിബദ്ധതയാണുള്ളത്. സിനഡിന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ ഒരു തരത്തിലും നിയന്ത്രിക്കാന്‍ കഴിയില്ല. സിനഡിനു മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. കേസില്‍ ആദിത്യന്റെ അറസ്റ്റിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രതികരിച്ചിരുന്ന മറുവിഭാഗം ബിഷപ് മനത്തോടത്ത് വാര്‍ത്താസമ്മേളനം നടത്തിയതോടെ നിശബ്ദത പാലിക്കുകയാണ്. വത്തിക്കാന്റെ ഇടപെടലിന്റെ സൂചന ഇവര്‍ക്കും ലഭിച്ചുകഴിഞ്ഞുവെന്ന് കരുതാം.

അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററെ കുറിച്ച് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ സിനഡ് അത് വത്തിക്കാനെ ബോധിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതുകൊണ്ടുതന്നെ അഡ്മിനിസ്‌ട്രേറ്ററെ വ്യാജരേഖ കേസില്‍ പ്രതിയാക്കിയ സിനഡിന്റെ തീരുമാനത്തില്‍ വത്തിക്കാന് കടുത്ത അതൃപ്തിയുമുണ്ട്. സഭയുടെ ചരിത്രത്തില്‍ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കാം മാര്‍പാപ്പ നിയമിച്ച ഒരു പ്രതിനിധിക്കെതിരെ സഭയുടെ സിനഡ് കേസ് കൊടുക്കുന്നത്. അത് സിനഡ് വത്തിക്കാനെ നിഷേധിച്ചതിനും തള്ളിപ്പറഞ്ഞതിനും തുല്യമാണ്. കര്‍ദിനാളിന്റെ നിക്ഷേപം സംബന്ധിച്ച രേഖകള്‍ വ്യാജമാണെന്ന് സിനഡിന് പരാതിയുണ്ടെങ്കില്‍ സിനഡ് അതില്‍ വത്തിക്കാന് നേരിട്ട് പരാതി അയക്കുകയായിരുന്നു ശരിക്കും ചെയ്യേണ്ടിയിരുന്നത്. അത് ചെയ്തിട്ടില്ല.

ഭൂമി വിവാദവും വ്യാജരേഖ വിവാദവും കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ വത്തിക്കാന്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധാരണഗതിയില്‍ സാധ്യത കാണുന്നില്ല. മറ്റൊരു സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കുന്ന വിധത്തില്‍ ഇടപെടല്‍ നടത്തരുതെന്ന നിലപാട് വത്തിക്കവനുണ്ട്. അവര്‍ കാര്യങ്ങള്‍ പഠിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുകയാണ് പതിവ്. ഭൂമി വിവാദം കത്തി നില്‍ക്കുമ്പോഴും കോടതിയില്‍ കേസ് എത്തുകയും ചെയ്തപ്പോള്‍ ഇടപെടാന്‍ വത്തിക്കാന്‍ മടിച്ചിരുന്നു. കോടതികളില്‍ നിന്ന് കേസ് ഇല്ലാതായ സാഹചര്യത്തില്‍ ഉചിതമായ തീരുമാനം വത്തിക്കാന്‍ എടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അസാധാരണമായ സാഹചര്യത്തിലൂടെ കേരള സഭ കടന്നുപോകുകയാണ് ഇപ്പോള്‍. സ്ഥിതിഗതികള്‍ അനുദിനം വഷളാകുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ തന്നെ പ്രതിയാകുന്നു. അറസ്റ്റു ചെയ്യാന്‍ പോകുന്നു എന്നൊക്കെ പറയുമ്പോള്‍ വത്തിക്കാന്‍ ഇടപെടാനുള്ള സാധ്യത ഏറെയാണ്. ഏതു നിമിഷവും വത്തിക്കാനില്‍ നിന്ന് ഇടപെടല്‍ വരുമെന്ന സൂചനയും വരുന്നുണ്ട്.

സഭയിലെ ഇരുവിഭാഗവും തമ്മില്‍ പരസ്യമായി ഏറ്റുമുട്ടലിലേക്ക് പോകുകയും വിശ്വാസികള്‍ക്കിടയില്‍ വലിയ നിരാശ ഉണ്ടാകുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ വത്തിക്കാന് വെറുതിയിരിക്കാന്‍ കഴിയില്ല. അഡ്മിനിസ്‌ട്രേറ്ററും വത്തിക്കാന്‍ സ്ഥാനപതിയും ഇതിനകം തന്നെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടാകും.

വ്യാജമെന്ന പറയപ്പെടുന്ന രേഖ ബിഷപ് മനത്തോടത്ത് വത്തിക്കാനിലേക്ക് ഈ സാഹചര്യത്തില്‍ അയച്ചുവെന്ന് കരുതുന്നില്ലെന്ന് അതിരുപതയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. എന്നാല്‍ ഈ രേഖ യഥാര്‍ത്ഥമെന്ന് അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിയുന്ന ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നും ഏതാനും വൈദികര്‍ വ്യക്തമാക്കി.

അതേസമയം, വ്യാജരേഖാ കേസില്‍ അറസ്റ്റിലായ ആദിത്യന്റെ ജാമ്യഹര്‍ജിയും പോലീസ് കസ്റ്റഡി അപേക്ഷയും കാക്കനാട് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനമേറ്റുവെന്ന ആദിത്യന്റെ പരാതിയെ തുടര്‍ന്ന് ഇന്നലെ വിശദമായ വൈദ്യപരിശോധന നടന്നിരുന്നു. ഇതു പരിശോധിച്ച ശേഷം മജിസ്‌ട്രേറ്റ് ആദിത്യനില്‍ നിന്ന് വിശദമായ മൊഴിയും എടുത്തിരുന്നു.