Latest News

എറിക്കയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയത് നാലാം നാള്‍: ഞെട്ടിച്ച വാര്‍ത്തയ്ക്കു പിന്നിലെ കാരണം വെളിപ്പെടുത്തി നിക്കോളാസ് കേജ്

2019-06-08 02:09:23am |

ഹോളിവുഡിലെ പ്രശസ്ത നടനും ഫിലിം മേക്കറുമാണ് നിക്കോളാസ് കേജ്. ഇപ്പോള്‍ നാല് ദിവസം നീണ്ട ദാമ്പത്യബന്ധം അവസാനിപ്പിച്ച നിക്കോളാസിന്റെ വാര്‍ത്തയാണ് ഞെട്ടിപ്പിക്കുന്നത്. മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ എറിക്ക കൊയക്കയുമായുള്ള ബന്ധമാണ് കേജ് വേര്‍പെടുത്തിയത്. വിവാഹം കഴിഞ്ഞ് നാലാം ദിവസം കേജ് ഡിവോഴ്‌സിന് അപേക്ഷ നല്‍കുകയായിരുന്നു.

മെയ് 31നാണ് കോടതി ഇവര്‍ക്ക് വിവാഹമോചനം അനുവദിച്ചതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിവാഹ ദിനത്തില്‍ത്തന്നെ ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു. വീട്ടിലെ വഴക്ക് പൊതുസ്ഥലങ്ങളിലും ആവര്‍ത്തിച്ചതോടെയാണ് ഇരുവരും വഴിപിരിയുന്നതിലേക്ക് നയിച്ചത്. വിവാഹം കഴിഞ്ഞ് 2 മാസം പിന്നിടുന്നതിനിടയിലാണ് ഇവര്‍ക്ക് കോടതി വിവാഹമോചനം അനുവദിച്ചത്.

എറിക്കയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായും അത് മറച്ചുവെച്ചു കൊണ്ടാണ് തന്നെ വിവാഹം കഴിച്ചതെന്നുമാണ് കേജ് കോടതിയില്‍ അറിയിച്ചത്. ഇതിനുപുറമേ, എറിക്കയ്ക്ക് ക്രമിനല്‍ പശ്ചാത്തലമുണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചു. അതേസമയം, കേജില്‍ നിന്നും ഒട്ടും ഇങ്ങനൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചില്ലായിരുന്നുവെന്ന് എറിക്ക പറഞ്ഞിരുന്നു. അദ്ദേഹവുമായി പ്രണയത്തിലായതിന് ശേഷം തനിക്ക് നിരവധി അവസരങ്ങളാണ് നഷ്ടമായതെന്നും എറിക്ക വ്യക്തമാക്കിയിരുന്നു.

1995ല്‍, 31ാം വയസിലായിരുന്നു നിക്കോളാസിന്റെ ആദ്യ വിവാഹം. അമേരിക്കന്‍ നടിയായ പട്രീഷ്യ അഖ്വറ്റെയായിരുന്നു ആദ്യ ഭാര്യ. 2001ല്‍ പട്രീഷ്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ കേജ് 2002ല്‍ ഗായികയും ഗാനരചയിതാവുമായ ലിസ മേരിയെ വിവാഹം കഴിച്ചു. ഇവരുമായുള്ള ബന്ധം 2004 ല്‍ അവസാനിക്കുകയും ആ വര്‍ഷം തന്നെയായിരുന്നു ചലച്ചിത്ര താരം ആലിസ് കിമ്മിനെ വിവാഹം ചെയ്തതും. 2016ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു.