Latest News

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ആംബുലന്‍സില്‍ പാഞ്ഞത് ദുരന്തത്തിലേക്ക്: വിനോദയാത്ര ഒടുവില്‍ കണ്ണീര്‍ക്കടലായി

2019-06-10 01:43:25am |

പാലക്കാട്: അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് ആംബുലന്‍സില്‍ പായവെ ലോറിയുടെ രൂപത്തില്‍ ചീറിയടുത്തത് ദുരന്തക്കടല്‍. പാലക്കാട് തണ്ണിശേരിയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് വിനോദയാത്രയ്ക്കു പോയ സംഘമാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ മരിച്ച എട്ടു പേരും ആംബുലന്‍സിലുണ്ടായിരുന്നവരാണ്. നെല്ലിയാമ്പതിയില്‍ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. മീന്‍ കയറ്റിയെത്തിയ ലോറി ആംബുലന്‍സിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം.

ഷൊര്‍ണ്ണൂരില്‍ നിന്ന് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര വന്ന സംഘത്തിലുണ്ടായിരുന്നവരാണ് മരിച്ച അഞ്ചു പേര്‍. ഇവര്‍ സഞ്ചരിച്ച കാര്‍ ഉബച്ചയോടെ മരപ്പാലത്തിനു സമീപം കൊക്കയിലേക്ക് മറിഞ്ഞിരുന്നു. ഈ അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്ന് സ്‌കാനിങ് ഉള്‍പ്പെടെ കൂടുതല്‍ പരിശോധനകള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകും വഴിയാണ് വീണ്ടും ദുരന്തം തേടിയെത്തിയത്. കാര്‍ അപകടത്തില്‍പ്പെട്ടതറിഞ്ഞ് ഷൊര്‍ണ്ണൂരില്‍ നിന്ന് എത്തിയ ബന്ധുക്കളില്‍ ചിലും ആംബുലന്‍സില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ആംബുലന്‍സ് വെട്ടിപ്പൊളിച്ചാണ് പലരെയും പുറത്തെടുത്തത്. ലോറി റോഡില്‍ നിന്ന് നീക്കാന്‍ കഴിയാത്തതിനാല്‍ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. പട്ടാമ്പി സ്വദേശികളായ നാലു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. നവാസ്, ഫവാസ്, സുബൈര്‍, സുധീര്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു.