Latest News

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഗൂഗിളില്‍ തിരയുന്ന കാര്യങ്ങള്‍, കശ്മീരില്‍ സെന്റിന് എന്ത് വില കൊടുക്കണം

2019-08-09 03:36:56am |

നരേന്ദ്രമോദി സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനമായിരുന്നു ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു മാറ്റിയത്. ചരിത്രപരമായ ഈ നീക്കത്തിന് പിന്നാലെ കാശ്മീരില്‍ പ്ലോട്ടുകളെ കുറിച്ചാണ് മിക്ക ആളുകളും ഗൂഗിളില്‍ തിരഞ്ഞത്. കൂടുതലായും ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് കാശ്മീരിലെ പ്ലോട്ടുകളെ കുറിച്ച് ഗൂഗിളില്‍ തിരഞ്ഞത്. 35 എ വകുപ്പ് പ്രകാരം കശ്മീരില്‍ സ്ഥിരതാമസക്കാര്‍ അല്ലാത്തവര്‍ക്ക് സംസ്ഥാനത്ത് ഭൂമി വാങ്ങാനാകുമായിരുന്നില്ല. ആ വകുപ്പ് എടുത്തു കളഞ്ഞതോടെ ഇനി കാശ്മീരില്‍ സ്ഥിരതാമസക്കാര്‍ അല്ലാത്തവര്‍ക്കും ഭൂമി വാങ്ങാനാകും.

കാശ്മീരിലെ ഭൂമിയുടെ വിലയെ കുറിച്ചും ഗൂഗിളില്‍ തിരഞ്ഞവര്‍ കുറവല്ല. കഴിഞ്ഞ മണിക്കൂറുകളില്‍ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ തിരഞ്ഞത് കാശ്മീരിനെ കുറിച്ചാണെന്ന് ദേശീയ മാദ്ധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രത്യേക പദവി എടുത്തു മാറ്റിയത് സംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിന് പിന്നാലെ കാശ്മീരില്‍ സ്ഥലം വില്‍പ്പനയ്ക്കുണ്ടെന്ന രീതിയില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ സന്ദേശങ്ങള്‍ വ്യാജമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.