പ്രളയജലം ഇരച്ചെത്തിയിട്ടും ഓടാതെ കുഞ്ഞിനെ വീണ്ടെടുത്ത് ഈ അമ്മ! രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെയും നെഞ്ചോടുചേർത്ത് വെള്ളത്തിൽ മുങ്ങിപ്പൊങ്ങി

കൽപറ്റ: ‘‘വലിയ ശബ്ദം കേട്ട് നോക്കുമ്പോൾ വെള്ളവും മണ്ണും മരങ്ങളും പാറകളും ഒലിച്ചുവരുന്നതാണ് കണ്ടത്. വീടിനകത്തേക്ക് ഓടി തൊട്ടിലിന്ന് കുഞ്ഞിനേം എടുത്ത് ജീവനുവേണ്ടി ഓടുമ്പോഴേക്കും മലവെള്ളം വിഴുങ്ങിയിരുന്നു. രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെയും നെഞ്ചോടുചേർത്ത് വെള്ളത്തിൽ മുങ്ങിപ്പൊങ്ങുവായിരുന്നു.’’
മരണത്തിനും ജീവിതത്തിനും ഇടയിൽ മുങ്ങിപ്പൊങ്ങുന്നതിനിടെ അയൽവാസി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നിമിഷങ്ങൾ ഓർത്തെടുക്കുമ്പോൾ പുത്തുമല സ്വദേശി പ്രജിതയുടെ മുഖത്ത് ഞെട്ടൽ പടരുന്നത് കാണാമായിരുന്നു. ഉരുൾപൊട്ടി കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ പൂർണമായി തകർന്ന ലയത്തിലെ മുറികളിലൊന്നിലായിരുന്നു പ്രജിതയും രണ്ടു മാസം പ്രായമുള്ള കുഞ്ഞും മൂന്നു വയസ്സുള്ള മകൻ ഹിമൽ കൃഷും പിതാവ് ബാലനും മാതാവ് യശോദയും അമ്മമ്മയും താമസിച്ചിരുന്നത്.
പ്രസവം കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്നു. ശസ്ത്രക്രിയ നടത്തിയതിെൻറ അവശതകളുണ്ട്. ഇതിനിടെയാണ് അപ്രതീക്ഷിതമായി ദുരന്തമെത്തുന്നത്. വെള്ളം വരുന്ന ശബ്ദം കേട്ട് അച്ഛനും അമ്മയും മൂത്ത മകനും പ്രായത്തിെൻറ അവശതകൾ അലട്ടുന്ന അമ്മമ്മയും പുറത്തേക്കോടി. തൊട്ടിലിന്ന് കൈക്കുഞ്ഞിനെയും നെഞ്ചോട് ചേർത്ത് ഓടുമ്പോഴേക്കും മലവെള്ളം എത്തിയിരുന്നു -പ്രജിത പറയുന്നു.
വെള്ളത്തിൽനിന്ന് അയൽവാസി കൈപിടിച്ചു കയറ്റി. പിന്നാലെ കാട്ടിലൂടെ കുറെ ഓടി. കുന്നിൻമുകളിലുള്ള പുത്തുമല സ്കൂളിലെത്തിയെങ്കിലും അവിടെയും സുരക്ഷിതമല്ലായിരുന്നു. വനപാലകരും നാട്ടുകാരും ചേർന്ന് സമീപത്തെ ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്കും പിന്നീട് ക്യാമ്പിലേക്കും എത്തിച്ചു. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിൽ കഴിയുന്ന അമ്മ യശോദ ദുരന്തത്തിെൻറ ആഘാതത്തിൽനിന്ന് ഇപ്പോഴും മുക്തമായിട്ടില്ല. പിതാവ് ബാലനും അമ്മമ്മയും ഇതേ ക്യാമ്പിലുണ്ട്.
പ്രജിതയും കുഞ്ഞും മൂത്ത മകനും ഇപ്പോൾ കമ്പളക്കാടുള്ള ബന്ധുവീട്ടിലാണ് താമസം. സമ്പാദിച്ചതെല്ലാം ഇല്ലാതാക്കിയ ദുരന്തത്തെ കുഞ്ഞിെൻറ പുഞ്ചിരിയിലൂടെ അതിജീവിക്കുകയാണ് പ്രജിതയും കുടുംബവും.