ചാപിള്ളയെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ വിധിയെഴുതി; ജീവനക്കാര്‍ ചവറ്റു കുട്ടിയിലിട്ടു; ഇന്ന് വിജയത്തിന്റെ കൊടുമുടിയില്‍ അവള്‍

2019-08-30 02:14:17am |

ചാപിള്ളയാണെന്ന് ഉറപ്പിച്ച് ചവറ്റു കുട്ടയിലേക്ക് ഡോക്ടര്‍മാര്‍ അവളെ വലിച്ചെറിഞ്ഞു. എന്നാല്‍ ആ പിഞ്ചു ശരീരത്തില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് മനസിലാക്കിയത് ഒരു ബന്ദുവാണ്. ഇപ്പോള്‍ 29 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍താരം അമിതാഭ് ബച്ചനൊപ്പം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുകയാണ് അവള്‍. മറ്റാരുമല്ല നൂപുര്‍ സിംഗ്.

ബച്ചന്‍ അവതാരകനായ കോന്‍ ബനേഗാ ക്രോര്‍പതി (കെബിസി) എന്ന ക്വിസ് ഷോയില്‍ 12.5 ലക്ഷം രൂപ സമ്മാനം നേടിയപ്പോഴാണ് നൂപുര്‍ തന്റെ ജീവിത കഥ പറഞ്ഞത്. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയിലുള്ള കര്‍ഷകനായ രാംകുമാര്‍ സിങ്ങിന്റെ ഭാര്യ കല്‍പന കാന്‍പുരിലെ ആശുപത്രിയിലാണ് പ്രസവിച്ചത്. കുഞ്ഞിനു ജീവനില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ജീവനക്കാര്‍ കുഞ്ഞിനെ മാലിന്യങ്ങളുടെ കൂടെ ഉപേക്ഷിച്ചു. പിന്നാലേ പോയി നോക്കിയ അമ്മായിയാണ് കുഞ്ഞിനു ജീവനുണ്ടെന്നു കണ്ടു തിരിച്ചെടുത്തു കൊണ്ടു വന്നത്.

ജനിച്ചയുടന്‍ വേണ്ട പരിചരണം കിട്ടാത്ത കുഞ്ഞ് പിന്നീട് ശാരീരികപ്രശ്‌നങ്ങളോടെയാണു വളര്‍ന്നത്. അംഗപരിമിതയെങ്കിലും പഠിക്കാന്‍ ബഹുമിടുക്കിയാണ്. ബിഎഡ് പൂര്‍ത്തിയാക്കിയ ശേഷം ട്യൂഷന്‍ ടീച്ചറായി ജോലി ചെയ്യുകയാണ്. കെബിസിയില്‍ 12 ചോദ്യങ്ങള്‍ക്കു ശരിയുത്തരം പറഞ്ഞാണ് 12.5 ലക്ഷം രൂപ സമ്മാനം നേടിയത്.