രണ്ടില കേരള കോണ്‍ഗ്രസില്‍ വന്നതിങ്ങനെ: ഇത്തവണ മാണിസാറും രണ്ടിലയുമില്ലാതെ പാലാ തെരഞ്ഞെടുപ്പ് ഗോദയില്‍

2019-09-04 03:15:13am |

പാലാ : പാലായും രണ്ടിലും തമ്മിലുള്ള ബന്ധം മൂന്നു പതിറ്റാണ്ടി​ലേറെ പഴക്കമുണ്ട്. പാലാക്കാര്‍ക്ക് മാണിസാര്‍ പോലെ തന്നെയാണ് ‘രണ്ടില’യും. എന്നാല്‍ ഇത്തവണ രണ്ടില ഇല്ലാതെ പാലാ വോട്ട് ചെയ്യേണ്ടിവരുമെന്ന സൂചനയാണ് ഇതുവരെയുള്ളത്. ​പി.ജെ ജോസഫ് അയഞ്ഞില്ലെങ്കില്‍ രണ്ടില പോസ്റ്റര്‍ കണികാണാന്‍ പോലുമാകാതെ ഈ തെരഞ്ഞെടുപ്പില്‍ പാലാ വോട്ട് ചെയ്യേണ്ടിവരും.

ഉപതിരഞ്ഞെടുപ്പില്‍ യു.ഡു.എഫ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി തുടരുകയാണ്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് ചിഹ്നം ആവശ്യപ്പെട്ടു കത്ത് നല്‍കി. ചിഹ്നം നല്‍കാന്‍ ജനറല്‍ സെക്രട്ടറിയെ സ്റ്റിയറിങ് കമ്മറ്റി ചുമലപ്പെടുത്തിയ കാര്യവും അറിയിച്ചു. എന്നാല്‍ ചിഹ്നം അനുവദിക്കുന്നത് സ്റ്റിയറിങ് കമ്മറ്റിയല്ല, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു മാത്രമാണ് സ്റ്റിയറിങ് കമ്മറ്റിക്ക് അധികാരമെന്നും മീണ മറുപടി നല്‍കി.

കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫിന്റെ കത്തുണ്ടെങ്കിലെ രണ്ടില അനുവദിക്കൂവെന്നു ടിക്കാറാം മീണയുടെ​ നിലപാട്. കത്തു നല്‍കിയില്ലെങ്കില്‍ ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന് 'രണ്ടില ചിഹ്നം നിര്‍ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ രണ്ടിലയില്‍ മത്സരിക്കുണമെന്നാണ് ആഗ്രഹമെന്ന് സ്ഥാനാര്‍ഥി ജോസ് ടോം പറഞ്ഞു.

ഇതിന് 1987 ലെ രാഷ്ട്രീയ സാഹചര്യത്തിന് സമാനതകളുണ്ട്. കേരള കോണ്‍ഗ്രസ് രൂപംകൊണ്ടശേഷം, 1965-ല്‍ കെ.എം.മാണി ആദ്യമായി നിയമസഭാ തിരഞ്ഞടുപ്പില്‍ പാലായില്‍ മത്സരിച്ചതു മുതല്‍ 1987 വരെ കുതിരചിഹ്നത്തിലാണ് ജനവിധി തേടിയത്. ഇതിനു ശേഷം കെ.എം.മാണിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ പ്രതീകമായി കരുതിയിരുന്ന കുതിര ജോസഫ് വിഭാഗത്തിന്റേതായി. പിന്നീട് മാണിവിഭാഗത്തിന്റെ ചിഹ്നം രണ്ടിലയായി.

1982-ല്‍ ജോസഫ്, മാണി വിഭാഗങ്ങള്‍ കെ.കരുണാകരന്‍ രൂപം നല്‍കിയ ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി. അന്ന് ഇരുവിഭാഗങ്ങളും ഇരു പാര്‍ട്ടികളായി മുന്നണിയില്‍ ഭരണത്തില്‍ പങ്കാളിയായി.

1984-ല്‍ ഇന്ദിരഗാന്ധിയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ലോകസഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പുതിയ തലത്തിലേക്കു മാറി മാണിവിഭാഗത്തിനു കോട്ടയം ലോകസഭ മണ്ഡലവും ജോസഫ് വിഭാഗത്തിന് മൂവാറ്റുപുഴയും കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചു. ആ തീരുമാനത്തില്‍ മാണി വിഭാഗം സംതൃപ്തരായിരുന്നു. ജോസഫ് വിഭാഗം മുകുന്ദപുരംകൂടി ആവശ്യപ്പെട്ടു.

തര്‍ക്കത്തിനൊടുവില്‍ രണ്ട് വിഭാഗങ്ങളും ഒന്നായത് അഖിലേന്ത്യാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയാണ് മുകുന്ദപുരം കൂടി കേരള കോണ്‍ഗ്രസിന് നല്‍കിയത്. ആനച്ചിഹ്നത്തില്‍ ജോസഫ് വിഭാഗം മത്സരിച്ചു മുകുന്ദപുരത്തും മൂവാറ്റുപുഴയിലും വിജയിച്ചു. മാണിവിഭാഗത്തിലെ സ്‌കറിയാ തോമസ് കോട്ടയം സീറ്റില്‍ കുതിരച്ചിഹ്നത്തില്‍ മത്സരിച്ച് സി.പി.എമ്മിലെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. എറണാകുളത്ത് നടന്ന ലയനത്തില്‍ ഇരു കോണ്‍ഗ്രസുകളും ലയിച്ചു. എന്നാല്‍ ആ യോജിപ്പിന് അധികം ആയുസ്സുണ്ടായില്ല.

1987-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി. ടി.എം. ജേക്കബ് മാണി വിഭാഗത്തിലും ആര്‍.ബാലകൃഷ്ണപിളള, ജോസഫ് വിഭാഗത്തിനൊപ്പവും ചേര്‍ന്നു. തിരഞ്ഞെടുപ്പ് സമയത്ത് കുതിരച്ചിഹ്നത്തിന് ഇരുവിഭാഗവും അവകാശമുന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ രണ്ട് എം.പി.മാരുണ്ടായിരുന്ന ജോസഫ് വിഭാഗത്തിന് കുതിരച്ചിഹ്നം അനുവദിച്ചു. അതോടെ മാണിഗ്രൂപ്പിന്റെ രാഷ്ട്രീയ പ്രതീകമായിരുന്ന കുതിര നഷ്ടമായി. പകരമായി അന്ന് അനുവദിച്ച രണ്ടില പാര്‍ട്ടിയില്‍ ലയിച്ചുവരുന്നരുടെയെല്ലാം ചിഹ്നമായി.​​ മാണി​ക്കൊപ്പം ലയിച്ചതോടെ അതുവരെയുണ്ടായിരുന്ന സൈക്കിള്‍ ഉപേക്ഷിച്ച് ജോസഫും രണ്ടില നെഞ്ചിലേറ്റി.