""ഇവിടെത്തന്നെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല"" ; സി.പി.എം. നേതാവിന്റെ ഭീഷണിക്ക് എസ്.ഐയുടെ ചുട്ടമറുപടി; സാമൂഹ്യ മാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റ്...!!

2019-09-05 02:58:24am |

കൊച്ചി: രാഷ്ട്രീയക്കാരോടു പോലീസ് വേഷത്തില്‍ കത്തിക്കയറുന്ന സുരേഷ് ഗോപി കഥാപാത്രങ്ങള്‍ക്കു കിട്ടിയ െകെയടി ചില്ലറയല്ല. ഇപ്പോള്‍ എറണാകുളത്ത് സി.പി.എം. പ്രാദേശിക നേതാവിന് എസ്.ഐ. നല്‍കിയ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ കത്തിപ്പടരുകയാണ്. ''ഇവിടെത്തന്നെ എസ്.ഐ. ആയി ഇരിക്കാമെന്ന് ഞാനാര്‍ക്കും വാക്കുകൊടുത്തിട്ടില്ല. ടെസ്‌റ്റെഴുതിയാണ് എസ്.ഐയായത്. ഒരു പാര്‍ട്ടിയുടെയും ആളല്ല. താന്‍ പറയുന്നതുകേട്ടു ജോലി ചെയ്യാന്‍ എന്നെ കിട്ടില്ല.''

സി.പി.എം. കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുെസെനു നട്ടെല്ലുനിവര്‍ത്തി മറുപടി നല്‍കിയത് കളമശേരി എസ്.ഐ. അമൃത് രംഗന്‍. കുസാറ്റ് കാമ്പസിലെ എസ്.എഫ്.ഐ. നേതാവിനെ പോലീസ് ജീപ്പില്‍ പിടിച്ചുകയറ്റിയതിനെ ചോദിക്കാനാണ് എസ്.ഐയെ ഫോണില്‍ വിളിച്ചത്. സക്കീര്‍ ഹുെസെനാ.. സി.പി.എം. ഏരിയാ സെക്രട്ടറി... എന്നു പരിചയപ്പെടുത്തിയായിരുന്നു തുടക്കം. താന്‍ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ വണ്ടിയിലേക്കു തള്ളിക്കയറ്റിയെന്നും തെറിപറഞ്ഞെന്നും പരാതിയുണ്ടല്ലോ എന്നും കുറ്റപ്പെടുത്തിയപ്പോള്‍ അതേപ്പറ്റി അറിയില്ലെന്നും താനിപ്പോള്‍ ഒരു പ്രശ്‌നത്തില്‍ നില്‍ക്കുകയാണെന്നും അമൃത് രംഗന്‍ മറുപടി നല്‍കി.

അവന്‍ എസ്.എഫ്.ഐ. ജില്ലാ ഭാരവാഹിയാണെന്നു പറഞ്ഞിട്ടും താന്‍ മോശമായി പെരുമാറിയെന്നു സക്കീര്‍ കുറ്റെപ്പെടുത്തി. ലീഡര്‍ഷിപ്പില്‍ നില്‍ക്കുന്നയാളോട് മര്യാദയോടെ പെരുമാറണമെന്നു സക്കീര്‍ പറഞ്ഞപ്പോള്‍ തനിക്ക് എല്ലാ പിള്ളേരും ഒരുപോലെയാണെന്ന് എസ്.ഐ തിരിച്ചടിച്ചു. താന്‍ മാന്യമായിട്ടു സംസാരിക്കണമായിരുന്നുവെന്നു സക്കീര്‍. മാന്യമായിട്ടു തന്നെയാണ് സംസാരിച്ചതെന്നും രാഷ്ട്രീയക്കാര്‍ പറയുന്നതുപോലെ ജോലി ചെയ്യാന്‍ തന്നെ കിട്ടില്ലെന്നും എസ്.ഐയുടെ മറുപടി.

തനിക്കെന്താ കൊമ്പുണ്ടോ എന്നു ചോദിച്ച സക്കീറിനോട്, എനിക്കു കൊമ്പില്ലെന്നും തനിക്കുണ്ടോ എന്നും തിരിച്ചടി. രാഷ്ട്രീയക്കാരോട് താന്‍ മോശമായിട്ടാണ് സംസാരിക്കുന്നത്. കളമശേരിയിലെ ആദ്യത്തെ എസ്.ഐയല്ല താനെന്നും കളമശേരിയുടെ രാഷ്ട്രീയവും അവിടത്തെ നിലപാടും അറിഞ്ഞു പെരുമാറണമെന്നും ഏരിയാ സെക്രട്ടറി ഭീഷണിസ്വരത്തില്‍ പറയുന്നുണ്ട്. താന്‍ നേരേ വാ നേരേ പോ എന്ന നിലപാടുള്ളയാളാണെന്നായിരുന്നു ഇതിന് എസ്.ഐയുടെ മറുപടി. ''ഒരുപാര്‍ട്ടിയോടും എനിക്കു കൂറില്ല. ഇവിടെ ഇരിക്കാമെന്നാരോടും ഞാന്‍ വാക്കുകൊടുത്തിട്ടുമില്ല.

കളമശേരി ആരുടെയാണെങ്കിലും എനിക്കു പ്രശ്‌നമില്ല. രാഷ്ട്രീയ നിലപാട് നോക്കി ജോലി ചെയ്യാന്‍ കഴിയില്ല. ഞാന്‍ മാന്യമായിട്ടു തന്നെയാണ് ഇടപെടുന്നത്. ചെയ്യാനുള്ളത് ചെയ്‌തോ. കുട്ടികള്‍ തമ്മിലടിച്ചു ചോരയൊലിപ്പിക്കുമ്പോള്‍ നോക്കിനില്‍ക്കാന്‍ കഴിയില്ല. കളമശേരിയില്‍ നേരത്തേ പലരും എസ്.ഐയായി വന്നിട്ടുണ്ടാകും. അതാണ് അവരും ഞാനും തമ്മിലുള്ള വ്യത്യാസം. യൂണിഫോമിട്ടു ചാകാനും ഞാന്‍ തയാറാണ്. ഞങ്ങള്‍ ചത്തു പണിയെടുത്തിട്ടും അവര്‍ പറയുന്നതാണ് നിങ്ങള്‍ക്കു വിശ്വാസമെങ്കില്‍ അത് വിശ്വസിക്കാം'' എന്നും അമൃത് രംഗന്‍ പ്രതികരിച്ചു. സി.പി.എം. പ്രാദേശിക നേതാവിന്റെ ഭീഷണിയെപ്പറ്റി പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ഡി.ജി.പിക്കു പരാതി നല്‍കി.