കര്‍ഷകപുത്രനായി ജനനം, സ്‌കൂളില്‍ പോയത്‌ ചെരുപ്പിടാതെ... ചന്തയില്‍ മാങ്ങ വിറ്റ് പഠനത്തിനുള്ള പണം കണ്ടെത്തി; ഒടുവില്‍ രാജ്യത്തിന്റെ അഭിമാനം, കൈലാസവടിവ്‌ ശിവന്‍

2019-09-09 03:31:21am |

കോളജിലെത്തും വരെ കൈലാസവടിവ്‌ ശിവന്‍ ചെരുപ്പില്ലാതെയാണു വളര്‍ന്നത്‌. കര്‍ഷക പുത്രനായി ജനിച്ച ശിവനിന്നു രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതിക സ്‌ഥാപനമായ ഐ.എസ്‌.ആര്‍.ഒയുടെ തലവന്‍. മംഗള്‍യാനിലും ചന്ദ്രയാനിലും മുദ്രപതിപ്പിച്ച ശാസ്‌ത്രജ്‌ഞന്‍.

കന്യാകുമാരി ജില്ലയിലെ കര്‍ഷക ദമ്പതികളായ കൈലാസവടിവ്‌ നാടാരുടെയും ചെല്ലമ്മാളിന്റെയും മകനായി 1957 ലാണു ജനനം. മേല ശര്‍ക്കര്‍വില്ലൈ സര്‍ക്കാര്‍ സ്‌കൂളിലാണു പഠനം തുടങ്ങിയത്‌. എട്ടാം ക്ലാസിലെത്തിയപ്പോള്‍ തുടര്‍പഠനം വെല്ലുവിളിയായി. മൂത്ത സഹോദരന്‍ പണമില്ല എന്ന ഒരൊറ്റ കാരണത്താല്‍ പഠിത്തം നിര്‍ത്തേണ്ടിവന്നയാളാണ്‌.

ശാസ്‌ത്രജ്‌ഞനിലേക്കുള്ള പാതയിലെ ആദ്യ വെല്ലുവിളി. പഠനത്തിനു പണം കണ്ടെത്താനായി അദ്ദേഹം തൊട്ടടുത്തുള്ള ചന്തയില്‍ മാങ്ങ വില്‍ക്കാന്‍ പോയി. പഠനത്തിനൊപ്പം ജോലിയും ചെയ്‌ത്‌ അദ്ദേഹം ഇന്റര്‍മീഡിയറ്റ്‌ പഠനം പൂര്‍ത്തിയാക്കി.

നാഗര്‍കോവിലിലെ ഹിന്ദു കോളജില്‍ ഗണിതശാസ്‌ത്രത്തിനു ചേര്‍ന്നപ്പോഴായിരുന്നു ആദ്യമായി ചെരിപ്പിട്ടത്‌. കൈലാസവടിവ്‌ നാടാരുടെ കുടുംബത്തിലെ ആദ്യ ബിരുദധാരിയും അദ്ദേഹമായി.

തുടര്‍ന്ന്‌ പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പ്‌ അപ്പോഴേക്കും ശിവന്‍ സംഘടിപ്പിച്ചു കഴിഞ്ഞിരുന്നു. മദ്രാസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയില്‍ ഏയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങ്‌ നേടി. മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍ കലാം ഇതേ കോഴ്‌സ്‌ ഇതേ കോളജിലെ നാലാം ബാച്ചില്‍ പഠിച്ചതാണ്‌. ശിവന്‍ ഇരുപത്തൊമ്പതാം ബാച്ചിലും.

ബോംബെ ഐ.ഐ.ടിയില്‍നിന്നു ഡോക്‌ടറേറ്റെടുത്തശേഷം 1982-ലാണ്‌ ഐ.എസ്‌.ആര്‍.ഒയില്‍ ചേര്‍ന്നത്‌. ഇന്ത്യയുടെ ഏറ്റവും വിശ്വസ്‌തമായ ബഹിരാകാശ റോക്കറ്റ്‌ എന്ന വിശേഷണമുള്ള പി.എസ്‌.എല്‍.വി. വികസിപ്പിച്ചത്‌ അദ്ദേഹമടങ്ങുന്ന സംഘമാണ്‌. ജി.എസ്‌.എല്‍.വിയുടെയും ഭാഗമായി. ട്രാജക്‌ടറി സിമുലേഷന്‍ സോഫ്‌റ്റ്‌വേറായ സിതാരയ്‌ക്കായും പ്രവര്‍ത്തിച്ചു. ഐ.എസ്‌.ആര്‍.ഓയുടെ എല്ലാ ലോഞ്ച്‌ വാഹനങ്ങളുടെയും റിയല്‍ ടൈം, നോണ്‍ റിയല്‍ ടൈം ട്രജക്‌ടറി സിമുലേഷനുകള്‍ക്കും ഉപയോഗിക്കുന്നത്‌ ഈ സോഫ്‌റ്റ്‌വേറാണ്‌.

ശിശുവിനെപ്പോലെയാണു വിക്രമിനെ കൈകാര്യം ചെയ്യേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. വിക്രമിനു തിരിച്ചടിയേറ്റപ്പോള്‍ ആ കണ്ണ്‌ നിറയാന്‍ കാരണവും ആ അടുപ്പമായിരുന്നു.