Latest News

ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍, ജി. വേണുഗോപാലും ഡോ. വാണി ജയറാമും അവതരിപ്പിക്കുന്ന ഗാനമേള! ദുക്റാന തിരുനാൾ കൊടിയേറ്റം ജൂൺ 25 ന്; ഗംഭീരമാക്കാൻ മാഞ്ചസ്റ്റർ ഒരുങ്ങുന്നു

2017-06-09 02:04:34am |
ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെയും, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോൻസായുടെയും സംയുക്ത തിരുനാൾ യു കെയിലെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാഞ്ചസ്റ്ററിൽ ഈ വർഷവും ഭക്തി പുരസരം ആഘോഷിക്കുന്നു. ജൂൺ 25 ന് കൊടിയേറുന്നതോടെ ഒരാഴ്ച നീണ്ട് നില്കുന്ന തിരുനാളിന് തുടക്കം കുറിക്കും. തുടർന്ന് ഒരാഴ്ചക്കാലം മാഞ്ചസ്റ്റർ ആഘോഷ ലഹരിയിലേക്ക് പ്രവേശിക്കും. കൊടിയേറ്റത്തെ തുടർന്ന് എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് ദിവ്യബലിയും മദ്ധ്യസ്ഥ പ്രാർത്ഥനകളും ഉണ്ടായിരിക്കും. 
 
പ്രധാന തിരുനാൾ ദിനമായ ജൂലൈ ഒന്നിന് തിരുന്നാൾ തിരുക്കർമ്മങ്ങൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികനാകും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ ദേവാലയങ്ങളിലൊന്നായ വിഥിൻഷോ സെന്റ്  ആന്റണീസ് ദേവാലയത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.
മലയാളത്തിലെ പ്രശസ്ത സിനിമാ പിന്നണി ഗായകനായ ജി.വേണുഗോപാൽ നേതൃത്വം കൊടുക്കുന്ന ഗാനമേളയാണ് ഇത്തവണത്തെ തിരുനാളിന്റെ മുഖ്യ ആകർഷണം. വേണുഗോപാലിനൊപ്പം ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം 
ഡോ. വാണി ജയറാമും മറ്റ് ഗായകരും ലൈവ് ഓർക്കസ്ട്രയോടൊപ്പം ഗാനമേളയിൽ അണിനിരക്കും.
 
ഈ മാസം 25 ന് ഞായറാഴ്ചയാണ് ഒരാഴ്ച നീളുന്ന മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന് കൊടിയേറുന്നത്. ഇടവക വികാരി റവ.ഡോ.ലോനപ്പൻ അറങ്ങാശ്ശേരിയാണ് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള കൊടിയേറ്റുന്നത്. തുടർന്ന് പ്രസുദേന്തി വാഴ്ചയും മദ്ധ്യസ്ഥ പ്രാർത്ഥനയും, വി കുർബാനയും നടക്കും. കുർബാനയ്ക്ക് ശേഷം ഉത്പന്ന ലേലവും ഉണ്ടായിരിക്കും.
 
ജൂൺ 26 തിങ്കളാഴ്ച തിരുക്കർമങ്ങൾക്ക് റവ.ഫാ.തോമസ് തൈക്കൂട്ടത്തിൽ, 27 ചൊവ്വാഴ്ച റവ.ഫാ.നിക്കോളാസ് കേൺ, 28 ബുധനാഴ്ച  മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുര, 29 വ്യാഴാഴ്ച റവ.ഫാ. ജിനോ അരീക്കാട്ട്, 30 വെള്ളിയാഴ്ച മോൺസിഞ്ഞോർ ഡോ.തോമസ് പാറയടിയിൽ എന്നിവർ കാർമ്മിരാകും.
 
പ്രധാന തിരുനാൾ ദിനമായ ജൂലൈ ഒന്നിന് രാവിലെ 10ന് മാഞ്ചസ്റ്റർ തിരുനാളിൽ ആദ്യമായി മുഖ്യകാർമ്മികനായി പങ്കെടുക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിനേയും മറ്റ് വൈദിക ശ്രേഷ്ടരേയും പരമ്പരാഗത രീതിയിൽ ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ 
അത്യാഘോഷപൂർവ്വമായ പൊന്തിഫിക്കൽ കുർബാനയ്ക്ക് തുടക്കമാകും. യു കെ യുടെ നാനാഭാഗങ്ങളിൽ നിന്നുമായി നിരവധി വൈദികർ ദിവ്യബലിയിൽ 
സഹകാർമ്മി കരാകും.
 
ദിവ്യബലിയെ തുടർന്ന് ഭക്തിനിർഭരമായ തിരുനാൾ പ്രദക്ഷിണം നടക്കും. പൊൻ - വെള്ളി കുരിശുകളുടേയും, മുത്തുക്കുടകളുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ മാർ തോമാശ്ശീഹായുടെയും, വി.അൽഫോൻസായുടെയും തിരുസ്വരൂപങ്ങൾ വഹിച്ച് കൊണ്ട് നഗര വീഥിയിലൂടെ നടക്കുന്ന തിരുനാൾ പ്രദക്ഷിണം വിശ്വാസ ചൈതന്യം നിറഞ്ഞ് നിലക്കുന്നതാണ്. പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം സമാപന ആശീർവാദവും, പാച്ചോർ നേർച്ച വിതരവും, സ്നേഹവിരുന്നും ഉണ്ടായിരിക്കും. ദേവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം കഴുന്ന് എടുക്കുന്നതിനും, അടിമ വയ്ക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
 
തുടർന്ന് ഫോറം സെൻററിൽ ജി.വേണുഗോപാൽ നയിക്കുന്ന ഗാനമേള ആരംഭിക്കും. സ്റ്റാർ സിങ്ങർ ഫെയിം ഡോ. വാണി ജയറാമും മറ്റ് ഗായകരും വേണുഗോപാലിനൊപ്പം ഗാനമേളയിൽ പങ്കെടുക്കും. പ്രമുഖ മ്യൂസിക് ബാൻറായ റെയിൻബോ രാഗാസ് ആണ് ലൈവ് ഓർക്കസ്ട്ര ഒരുക്കുന്നത്. മൂന്ന് മണിക്കൂറിൽ  അധികം നീണ്ട് നില്ക്കുന്ന സംഗീത സന്ധ്യ കാണികളുടെ കാതുകൾക്ക്  ഇമ്പമേകും.
 
ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചയാണ് മാഞ്ചസ്റ്റർ തിരുനാൾ കൊണ്ടാടുന്നത്.  യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച മാഞ്ചസ്റ്ററിലെ തിരുനാളിന് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് നാനാജാതി മതസ്ഥരാണ് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വർഷവും എത്തിച്ചേരുന്നത്. ഇന്ന് യുകെയിൽ പല സ്ഥലങ്ങളിലും തിരുനാളാഘോഷങ്ങൾ നടക്കുന്നുണ്ടെങ്കിലും മാഞ്ചസ്റ്റർ തിരുനാൾ വിത്യസ്തമാകുന്നത് അതുകൊണ്ടാണ്.
 
ഇടവക വികാരി ഡോ.ലോനപ്പൻ അറങ്ങാശ്ശേരിയുടെ നേതൃത്വത്തിൽ ട്രസ്റ്റിമാർ, ജനറൽ കൺവീനർ എന്നിവർ മേൽനോട്ടം വഹിക്കുന്ന വിവിധ കമ്മിറ്റികൾ തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു. തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും വികാരി റവ.ഡോ.ലോനപ്പൻ അറങ്ങാശ്ശേരി സ്വാഗതം ചെയ്യുന്നു.
 
 
തിരുനാളിന്റെ വിജയത്തിനായി പുറത്തിറക്കിയ പ്രെമോ വീഡിയോകൾ കാണാം:-