സെൻട്രൽ മാഞ്ചസ്റ്ററിൽ തിരുനാളാഘോഷത്തിന് കൊടിയേറി; പ്രധാന തിരുന്നാൾ ഞായറാഴ്ച

2017-07-07 02:11:16am | അലക്‌സ് വര്‍ഗീസ്‌
സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ട് നില്ക്കുന്ന, ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടേയും, ഭാരതത്തിലെ പ്രഥമ വിശുദ്ധ വി.അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാളാഘോഷങ്ങൾക്ക് കൊടിയേറി. തിങ്കളാഴ്ച ദിവ്യബലിയും, ലദീഞ്ഞിനും ശേഷം ഇടവക വികാരി  റവ.ഫാ.തോമസ് തൈക്കൂട്ടത്തിൽ പതാക ഉയർത്തി.നൂറ് കണക്കിന് ഇടവകാംഗങ്ങൾ ദിവ്യബലിയിലും കൊടിയേറ്റത്തിലും ഭക്തിപൂർവ്വം പങ്കു ചേർന്നു.
 
തുടർന്നുള്ള  എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും, നൊവേനയും നടന്ന് വരികയാണ്. ഇന്ന് (വ്യാഴം) വൈകുന്നേരം 6.30ന് വി.കുർബാനക്ക് റവ.ഫാ.ജിനോ അരീക്കാട്ട് കാർമ്മികത്വം വഹിക്കും.
നാളെ (വെള്ളി) വൈകുന്നേരം 7 മണിക്ക് ദിവ്യബലി അർപ്പിക്കുന്നത് റവ.ഫാ.ജോൺ പുന്നോലിൽ ആണ്.
ശനിയാഴ്ച രാവിലെ 10ന് റവ.ഡോ.ലോനപ്പൻ അറങ്ങാശ്ശേരിയാണ് ദിവ്യബലിക്കും, നൊവേനക്കും കാർമ്മികനാകുന്നത്.
 
പ്രധാന തിരുനാൾ ദിവസമായ ഞായറാഴ്ച വൈകുന്നേരം 3 ന് തിരക്കർമ്മങ്ങൾ ആരംഭിക്കും. സീറോ മലബാർ സെന്ററിൽ നിന്നും പ്രദക്ഷിണമായി ബഹുമാനപ്പെട്ട വൈദികരൊന്നിച്ച്  ഇടവകാംഗങ്ങൾ  ദേവാലയത്തിൽ പ്രവേശിച്ച ശേഷം തിരുസ്വരൂപ പ്രതിഷ്ടയും തുടർന്ന്   അത്യാഘോഷ പൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയും ആരംഭിക്കും. വെസ്റ്റ് മിനിസ്റ്റർ സീറോ മലബാർ ചാപ്ലയിനും പ്രശസ്ത ഗായകനും കൂടിയായ റവ.ഫാ.സെബാസ്റ്റ്യൻ ചാമക്കാലയാണ് തിരുനാളിന് മുഖ്യകാർമ്മികനാകുന്നത്. മറ്റ് വൈദികർ സഹകാർമ്മികരാകും. ദിവ്യബലിക്ക് ശേഷം ലദീഞ്ഞും സമാപനാശീർവാദവും നടക്കും.
തുടർന്ന് കുഞ്ഞുങ്ങളെ അടിമ വയ്ക്കുന്നതിനും, കഴുന്ന് എടുക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. മാതൃദീപ്തിയുടേയും, സീറോ മലബാർ യൂത്ത് ലീഗിന്റെയും സ്റ്റാളുകൾ ഉണ്ടായിരിക്കും.
 
തുടർന്ന് സീറോ മലബാർ സെന്ററിൽ ഇടവകാംഗങ്ങളുടെയും കുടുംബ യോഗങ്ങളുടെയും നേതൃത്വത്തിലുള്ള കലാസന്ധ്യ ആരംഭിക്കും.. ന്യത്തനൃത്യങ്ങൾ, സ്കിറ്റുകൾ, പാട്ടുകൾ എന്നിങ്ങനെ വിവിധ കലാപരിപാടികൾ  ഉണ്ടായിരിക്കും. സ്നേഹവിരുന്നോടെ തിരുനാളാഘോഷങ്ങൾക്ക് സമാപനം കുറിക്കും. തിരുനാളാഘോഷങ്ങളിൽ പങ്ക് ചേർന്ന് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരേയും ഇടവക വികാരി റവ.ഫാ.തോമസ് തൈക്കൂട്ടത്തിലും, തിരുനാൾ കൺവീനർ അനിൽ അധികാരവും സ്വാഗതം ചെയ്യുന്നു.
 
കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:-
ഹാൻസ് ജോസഫ് - 07951222331
വർഗ്ഗീസ് കോട്ടയ്ക്കൽ - 07812365564
 
ദേവാലയത്തിന്റെ വിലാസം:-
ST.  JOSEPH CHURCH,
PORTLAND CRESCENT,
LONGSIGHT,
MANCHE STER ,
MI3 OBU.