Latest News

സ്റ്റോക്ക് - ഓൺ - ട്രെന്റിൽ വി.തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷങ്ങൾ പ്രൗഢഗംഭീരമായി

2017-07-07 02:28:06am | അലക്‌സ് വര്‍ഗീസ്‌
സ്റ്റോക്ക് ഓൺ ട്രെന്റ്:-  സ്റ്റോക്ക് ഓൺ ട്രെന്റ് സീറോ മലബാർ മാസ് സെൻററിന്റെ മദ്ധ്യസ്ഥനും, ഭാരതത്തിന്റെ അപ്പസ്തോലനുമായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ  പൂർവ്വാധികം ഭക്തിയായി ആഘോഷിച്ചു.ഉച്ചകഴിഞ്ഞ്‌ 2.15 ന് എത്തിച്ചേർന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിനെ ഇടവക വികാരി റവ.ഫാ. ജെയ്സൺ കരിപ്പായിയും ഇടവകാംഗങ്ങളും ചേർന്ന് ഹൃദ്യമായ സ്വീകരണം നല്കി. തുടർന്ന് കൊടിയേറ്റം നടന്നു. മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികനായി ആഘോഷപൂർവമായ പൊന്തിഫിക്കൽ ദിവ്യബലി ആരംഭിച്ചു. ഫാ.ജയ്സൺ കരിപ്പായി, ഫാ.അരുൺ കലമറ്റത്തിൽ, ഫാ.ഫാൻസ്വാ പത്തിൽ തുടങ്ങിയവർ സഹകാർമികരായിരുന്നു.
 
ദിവ്യബലിക്ക് ശേഷം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുട്ടികൾക്കായി വി. ഡൊമിനിക് സാവിയോയുടെ പേരിൽ പുതിയതായി രൂപീകരിച്ച സംഘടനയായ "സാവിയോ ഫ്രണ്ട്സ് ഗ്രേറ്റ് ബ്രിട്ടന്റെ " രൂപതാതല ഉദ്ഘാടനം അഭിവന്ദ്യ പിതാവ് നിർവ്വഹിച്ചു. "പാപത്തേക്കാൾ മരണം " എന്ന ഡൊമിനിക്  സാവിയോയുടെ പ്രസിദ്ധമായ ആപ്ത വാക്യം ആണ് സംഘടനയുടെ ആപ്ത വാക്യവും ദർശനവും.      
ലദീഞ്ഞിനെ തുടർന്ന് പൊൻ, വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിശുദ്ധന്റ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടന്നു. നൂറ് കണക്കിനാളുകൾ ഭക്തിപൂർവ്വം പ്രദക്ഷിണത്തിൽ പങ്ക് ചേർന്നു.
 
പ്രദക്ഷിണത്തിൽ സി.വൈ.എം ന്റെ ബാന്റ്, സ്കോട്ടീഷ് ബാന്റ് എന്നിവ അകമ്പടിയേകി.   പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം സമാപനാശീർവാദത്തോടെ ദേവാലയത്തിലെ തിരുക്കർമ്മങ്ങൾ അവസാനിച്ചു. കഴുന്ന്, അടിമ വയ്ക്കുന്നതിനും നേർച്ചയുന്നതിനും അവസരമുണ്ടായിരുന്നു. പാച്ചോർ നേർച്ച ഭക്തജനങ്ങൾക്ക് ആശീർവദിച്ച് വിതരണം ചെയ്തു. സി. വൈ.എം ന്റെ സ്റ്റാൾവഴി യുവതീ യുവാക്കൾ സ്വയം പാകം ചെയ്ത് കൊണ്ട് വന്ന പലഹാരങ്ങൾ സ്റ്റാൾ വഴി വില്പന നടത്തി. 
 
തുടർന്ന് പൊതുസമ്മേളനവും സൺഡേ സ്കൂൾ വിദ്യാർത്ഥികളുടെയും, കുടുംബ യൂണിറ്റുകളുടെയും സംയുക്ത വാർഷികാഘോഷവും  നടന്നു. റവ.ഫാ.ജയ്സൺ കരിപ്പായി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തിരുനാൾ കമ്മിറ്റി കൺവീനർ സിറിൾ മാഞ്ഞൂരാൻ സ്വാഗതം ആശംസിച്ചു.   വാർഷികാഘോഷങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. റവ.ഫാ.അരുൺ കലമറ്റത്തിൽ, സി.ലിൻസി, റോയി ഫ്രാൻസീസ് എന്നിവർ ആശംസകൾ നേർന്നു. സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ തോമസ് വർഗ്ഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഫാമിലി യൂണിറ്റ് ഓർഗനൈസർ സിബി പൊടിപാറ,  വിമൻസ് ഫോറം പ്രസിഡന്റ് ലിജിൻ ബിജു,  സാവിയോ ഫ്രണ്ട്സ് ആനിമേറ്റർ ജോസ് വർഗ്ഗീസ്, പ്രതിനിധി മോൻസി ബേബി, തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു.കൈക്കാരൻ സുദീപ് അബ്രഹാം നന്ദി പറഞ്ഞു.
 
വെൽക്കം ഡാൻസോട് കൂടി കലാപരിപാടികൾ ആരംഭിച്ചു    കുട്ടികളുടെയും മുതിർന്നവരുടേയും ഡാൻസ്, സ്കിറ്റ്, പാട്ട് എന്നീ  കലാപരിപാടികൾ ഉണ്ടായിരുന്നു. എല്ലാ ക്ലാസുകളിലെയും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചവർക്കും, 100% ഹാജർ വാങ്ങി വിജയിച്ചവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മാനദാനത്തിന് ശേഷം സ്നേഹവിരുന്നോടെ തിരുനാളാഘോഷങ്ങൾ സമാപിച്ചു.
കോ ഓപ്പറേറ്റീവ് അക്കാദമി ഹാളിൽ നടന്ന തിരുനാളും, വാർഷിക ആഘോഷങ്ങളും വൻപിച്ച വിജയമാക്കിയ ഏവർക്കും വികാരി റവ.ഫാ.ജയ്സൺ കരിപ്പായി, കൺവീനർ സിറിൾ മാഞ്ഞൂരാൻ എന്നിവർ നന്ദി രേഖപ്പെടുത്തി.