Latest News

സ്റ്റീവനേജിൽ ദുക്രാന തിരുന്നാള്‍ വിശ്വാസ പ്രഘോഷണമായി

2017-07-08 02:49:41am | അപ്പച്ചന്‍ കണ്ണഞ്ചിറ
സ്റ്റീവനേജ്: വെസ്റ്റമിൻസ്റ്റർ അതിരൂപതയിലെ സീറോ മലബാര്‍ കുർബ്ബാന കേന്ദ്രമായ സ്റ്റീവനേജിൽ ആഘോഷിക്കപ്പെട്ട ദുക്രാന തിരുന്നാള്‍ തങ്ങളുടെ സഭാ പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായില്‍ നിന്നും ആര്‍ജ്ജിച്ച വിശ്വാസവും, പാരമ്പര്യവും, പൈതൃകവും വിളിച്ചോതുന്ന  ആല്മീയോത്സവമായി.സ്റ്റീവനേജ് കേരളാ കാത്തലിക്ക് കമ്മ്യുണിറ്റിയുടെ  നേതൃത്വത്തിൽ നടത്തപ്പെട്ട തിരുന്നാളിന് സൗത്വാർക്ക് അതിരൂപതയിലെ സീറോ മലബാർ ചാപ്ലയിൻ ഫാ.ഹാൻസ് എം.എസ്.ടി. മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും തിരുന്നാൾ സന്ദേശം നൽകുകയും ചെയ്തു. 
 
ആഘോഷപൂര്‍വ്വമായ ദുക്റാന തിരുന്നാള്‍ കുർബ്ബാന ഏവർക്കും ദൈവീക അനുഗ്രഹസ്പർശ അനുഭവം പകർന്നു. തിരുന്നാളിന്  പ്രാരംഭമായി സഭാ പിതാവായ വിശുദ്ധ തോമാശ്ലീഹായുടെ രൂപം ബലിവേദിക്കരികെ പ്രതിഷ്‌ഠിച്ചു കൊണ്ടാണ് തിരുക്കർമ്മങ്ങൾക്ക് തുടക്കം കുറിച്ചത്.  
 
'കത്തോലിക്കാ മക്കള്‍ തങ്ങളുടെ ഭക്തിയും, വിശ്വാസവും തീക്ഷണമായി കാത്തു പരിപാലിക്കുവാന്‍ ഇന്നും സാധിക്കുന്നത്  സഭാ പൈതൃകത്തിന്റെ ഉറവിടമായ മാർത്തോമ്മാശ്ലീഹ തലമുറയിലൂടെ പകർന്നു നൽകിയ ദൈവീക പദ്ധതികളുടെയും ഈശ്വര സ്നേഹത്തിന്റെയും അനന്ത രക്ഷയുടെയും പൂർണ്ണത നിറഞ്ഞ പരിശീലനം ഒന്ന് കൊണ്ട് മാത്രമാണ്.ഉച്ചയ്സ്തരം വിശ്വാസം പ്രഘോഷിക്കുവാനും, സഭയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ വിശ്വാസം ഊട്ടി ഉറപ്പിച്ചു കൊണ്ട് സ്വജീവനെ വരെ ഗൗനിക്കാതെ ദൈവീക ദൗത്വം ഏറ്റെടുക്കുകയും ചെയ്ത ശിഷ്യ ഗണങ്ങളിൽ പ്രമുഖനാണ് തോമാശ്ലീഹാ. യേശുവിന്റെ ഉയിർപ്പ്,പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണം തുടങ്ങിയ സഭയുടെ ഏറ്റവും വലിയ വിശ്വാസ സത്യങ്ങൾക്കു പൂർണ്ണ ബോധ്യത്തോടെ നേർ സാക്ഷിയാകുവാൻ കഴിയുകയും ചെയ്ത മാർത്തോമ്മാ ശ്ലീഹ ഭാരതത്തിനു വലിയ ദൈവീക കൃപയാണ് പകർന്നു നൽകിയത് 'എന്ന് ചാപ്ലയിൻ ഹാൻസ് അച്ചൻ തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.
കുട്ടികളുൾക്കൊള്ളുന്ന ക്വയർ ഗ്രൂപ്പ് ഗാന ശുശ്രുക്ഷകള്‍ക്ക് മികവുറ്റ നേതൃത്വമാണ് നല്‍കിയത്.തോമാശ്ലീഹായുടെ രൂപം വഹിച്ചു കൊണ്ട് നടത്തിയ പ്രദക്ഷിണത്തിനു ശേഷം,പരിശുദ്ധ ശ്ലീവായുടെ സമാപന ആശീര്‍വ്വാദത്തോടെ  തിരുക്കര്‍മ്മങ്ങള്‍ അവസാനിച്ചു.