വണ്ടാലക്കുന്നേല്‍ അച്ചന്‍ നട്ടു, ഈസ്റ്റ് ആംഗ്ലിയ രൂപത നനച്ചു; ദൈവം വാല്‍സിംഹാമിനെ പുതുചരിത്രമായി വളര്‍ത്തി; ചരിത്രനിയോഗത്തിന് കാരണമായതിന്റെ നിര്‍വൃതിയില്‍ കാനന്‍ ഫാ. മാത്യു ജോര്‍ജ്

2017-07-13 07:25:07am | ഫാ. ബിജു കുന്നയ്ക്കാട്ട്

വാല്‍സിംഹാം: പതിനാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈസ്റ്റ് ആംഗ്ലിയ രൂപതയില്‍ ദൈവീക സേവനത്തിനും പഠനത്തിനുമായി വന്ന റവ. ഫാ. മാത്യു ജോര്‍ജ് വണ്ടാലക്കുന്നേലിന്റെ മനസ്സില്‍ ദൈവം നല്‍കിയ ഉള്‍ക്കാഴ്ചയുടെ വിത്ത് മുളച്ചു വളര്‍ന്ന് വടവൃക്ഷമായതിന്റെ ധന്യതയിലാണ് യുകെ മലയാളികള്‍. കേരളത്തില്‍ മാതൃഭക്തി പല രീതിയില്‍ പരിശീലിച്ചു വന്ന ക്രൈസ്തവര്‍ യുകെയിലേക്ക് കുടിയേറിയപ്പോള്‍ ഈ മാതൃഭക്തിയും മാതൃവാത്സല്യവും നഷ്ടമാകാതിരിക്കുവാന്‍ പരി. മാതാവ് തന്നെ മാത്യു അച്ചനിലൂടെ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് വിശ്വസിക്കുകയാണ് യുകെ മലയാളികള്‍. ഇത് ദൈവപരിപാലനയില്‍ പിറന്ന ആശയമായിരുന്നു എന്നതിന്റെ തെളിവാണ് ആദ്യവര്‍ഷം ഏതാനും കുടുംബങ്ങള്‍ മാത്രം വന്നു ചേര്‍ന്ന ഈ തീര്‍ത്ഥാടനത്തിന് ഇപ്പോള്‍ എല്ലാ വര്‍ഷവും ഏഴായിരത്തിലേറെ പേര്‍ സംബന്ധിക്കാനെത്തുന്നത്.

കഴിഞ്ഞ പതിനാറ് വര്‍ഷത്തിലേറെയായി ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ബഹു. മാത്യു ജോര്‍ജ് അച്ചന്‍ കോട്ടയം ജില്ലയിലെ പാലാ രൂപതയില്‍ പെട്ട പൂവത്തോട് ഇടവകയില്‍ വണ്ടാലക്കുന്നേല്‍ ജോസഫ് ജോര്‍ജ് – മേരി ജോര്‍ജ് ദമ്പതികളുടെ ഒന്‍പതു മക്കളില്‍ ആറാമനായി ജനിച്ചു. ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ അദ്ദേഹത്തിന്റെ വിശിഷ്ട സേവനങ്ങളെ മാനിച്ച് 2016 ല്‍ രൂപത അദ്ദേഹത്തെ കാനന്‍ പദവിയിലേക്കുയര്‍ത്തി. രൂപതയുടെ ഔദ്യോഗിക ഭരണ നിര്‍വ്വഹണത്തില്‍ രൂപതാ മെത്രാന്റെ ഉപദേശകനായി വര്‍ത്തിക്കുന്നവരാണ് കാനന്‍ പദവിയിലുള്ളവര്‍.

2016 ല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഔദ്യോഗികമായി സ്ഥാപിതമാകുന്നത് വരെ ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ പിതാവായും അദ്ദേഹം വര്‍ത്തിച്ചിരുന്നു. ഇത്തവണ രൂപതാധ്യക്ഷനൊപ്പം വാല്‍സിംഹാമിലെ അള്‍ത്താരയില്‍ വണ്ടാലക്കുന്നേലച്ചനും സഹകാര്‍മ്മികനായി പങ്ക് ചേരും. വരും നാളുകളിലും അനേകായിരങ്ങള്‍ക്ക് ആശ്വാസവും സന്തോഷവും പകരുന്ന രീതിയില്‍ ദൈവജനനിയുടെ കൃപകള്‍ ഇടതടവില്ലാതെ വര്‍ഷിക്കുന്ന അനുഗ്രഹ വേദിയായി ഈ തീര്‍ത്ഥാടനം മാറട്ടെയെന്ന് വണ്ടാലക്കുന്നേലച്ചന്‍ ആശംസിക്കുന്നു. ‘ഞാന്‍ നട്ടു, അപ്പോളോസ് നനച്ചു, എന്നാല്‍ ദൈവമാണ് വളര്‍ത്തിയത്’ (1 കോറിന്തോസ് 3:6) എന്ന തിരുവചനം പോലെ വണ്ടാലക്കുന്നേല്‍ അച്ചന്‍ നട്ട് ഈസ്റ്റ് ആംഗ്ലിയ രൂപത നനച്ചു ദൈവം വടവൃക്ഷം പോലെ വളര്‍ത്തിയ ഈ വാല്‍സിംഹാം തീര്‍ത്ഥാടനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.