വെസ്റ്റ്മിൻസ്റ്റർ ചാപ്ലൈൻസിയിലെ മാതൃഭക്തർ മരിയോത്സവത്തിലേക്ക്; ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രഥമ വാല്‍ത്സിങ്ങാം തീർത്ഥാടനം ഞായറാഴ്ച.

2017-07-14 03:02:02am | അപ്പച്ചന്‍ കണ്ണഞ്ചിറ
വാല്‍ത്സിങ്ങാം:പരിശുദ്ധ അമ്മ ഗബ്രിയേൽ മാലാഖയിലൂടെ മംഗള വാർത്ത ശ്രവിച്ച 'ഭവനം' യു കെ യിലേക്ക് അത്ഭുതകരമായി പകർത്തി സൃഷ്ടിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന പ്രമുഖ മരിയൻ പുണ്യ കേന്ദ്രവും,യു കെ യിലെ 'നസ്രത്ത്' എന്നറിയപ്പെടുകയും ചെയ്യുന്ന വാല്‍ത്സിങ്ങാമിൽ   ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ സ്ഥാപനത്തിന് ശേഷം സംഘടിപ്പിക്കുന്ന പ്രഥമ തീര്‍ത്ഥാടനത്തിൽ ഭാഗഭാക്കാകുവാൻ വെസ്റ്റ്മിൻസ്റ്റർ ചാപ്ലൈൻസിയുടെ കീഴിലുള്ള മരിയൻഭക്തരും.ദേശീയ തലത്തിൽ മാതൃ ഭക്തർ ഒത്തു കൂടുന്ന മരിയൻ പ്രഘോഷണ ദിന ആഘോഷത്തിൽ വെസ്റ്റ്മിൻസ്റ്റർ അതിരൂപതയുടെ പരിധിയിൽ ഫാ.സെബാസ്റ്റ്യൻ ചാമക്കാലയുടെ ചാപ്ലൈൻസിയുടെ കീഴിലുള്ള മലയാളം കുർബ്ബാന കേന്ദ്രങ്ങളിലെ മാതൃ ഭക്തർ 6 കോച്ചുകളിലും നിരവധി കാറുകളിലുമായി മാതൃ സന്നിധിയിൽ എത്തി തീർത്ഥാടനത്തിൽ പങ്കാളികളാവും.
 
യു കെ യിൽ രൂപതയുടെ സ്ഥാപനത്തിലൂടെ കൈവന്ന അജപാലന ശ്രേഷ്ട പങ്കാളിത്തം കൊണ്ടും,മാതൃ ഭക്തജന വൻ പങ്കാളിത്തം കൊണ്ടും, ആത്മീയ ഉത്സവ പകിട്ടുകൊണ്ടും, പ്രമുഖ മരിയൻ പുണ്യ കേന്ദ്രത്തിൽ സഡ്ഡ്‌ബറി കാത്തലിക് കമ്മ്യുണിറ്റി കൂട്ടായ്മ്മ ഏറ്റെടുത്ത് നടത്തുന്ന വാല്‍ത്സിങ്ങാം മഹാ തീർത്ഥാടനം മലയാളി മരിയൻ ചരിത്ര താളിൽ  ആത്മീയ നവ ചരിത്രം കുറിക്കും. 
 
ഈസ്റ്റ് ആന്ഗ്ലിയായിലെ കാനൻ ഫാ.മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേൽ പത്തു വർഷങ്ങൾക്കു മുമ്പേ മലയാളി മാതൃഭക്തർക്കായി രൂപം കൊടുത്തു നേതൃത്വം നൽകി ആതിഥേയരായ ഈസ്റ്റ് ആംഗ്ലിയായിലെ മരിയൻ ഭക്തരെ മുന്നിട്ടിറക്കി ആരംഭിച്ച വാല്‍ത്സിങ്ങാം തീർത്ഥാടനം ക്രമേണ യു കെ യിലെ മുഴുവൻ മാതൃഭക്തരും ഹൃദയത്തിൽ ഏറ്റെടുക്കുകയും ആയിരങ്ങളുടെ സംഗമ വേദിയും അഭയ കേന്ദ്രവും ആയി മാറുകയുമായിരുന്നു.
 
ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാർ ചാപ്ലയിൻ ഫാ.ടെറിൻ മുല്ലക്കരയുടെ നേതൃത്വത്തിൽ  ഏറ്റവും മികച്ച സംഘാടകത്വം പുറത്തെടുക്കുവാനുള്ള ഈ വർഷത്തെ സഡ്ബറിയിലെ പ്രാർത്ഥനാ നിരതരായ ഏഴു കുടുംബങ്ങളുടെ കൂട്ടായ ശ്രമം അവരുടെ തീക്ഷ്ണമായ മരിയൻ ഭക്തിയിൽ തീർത്ഥാടകർക്കായി വാല്‍ത്സിങ്ങാമിൽ അനുഗ്രഹങ്ങളുടെ വിളനിലം തീർക്കും. 
 
കത്തോലിക്കരുടെ അധീനതയിലുള്ള വാല്‍ത്സിങ്ങാം സ്ലിപ്പര്‍ ചാപ്പലില്‍ ജൂലൈ 16 നു ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ യു കെ യിലെ അനുഗ്രഹീത വചന പ്രഘോഷകനായ സോജി ഓലിക്കൽ അച്ചൻ നടത്തുന്ന മരിയൻ പ്രഘോഷണം ആല്മീയ നിറവ് പകരും.പതിനൊന്നര മുതൽ രണ്ടു മണി വരെ കുട്ടികളെ അടിമ വെക്കുന്നതിനും,ഭക്ഷണത്തിനുമായുള്ള ഇടവേള ആയിരിക്കും.തുടർന്ന് നടക്കുന്ന മരിയൻ റാലിയിൽ മാതൃ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും  സമർപ്പിച്ച്,'ആവേ മരിയാ' സ്തുതിപ്പുകളുമായി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും,വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ  നടത്തുന്ന തീര്‍ത്ഥാടനം മരിയ പ്രഘോഷണ സന്നിധേയത്തേ മാതൃ ഭക്തിസാന്ദ്രമാക്കും.     
 
തീർത്ഥാടനത്തിൽ മുഖ്യ കാർമ്മികനും,സംഘാടകനുമായി സീറോ മലബാർ സഭയുടെ യു കെ യിലെ അജപാലക ശ്രേഷ്‌ഠൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അനുഗ്രഹീത സാന്നിദ്ധ്യം ഈ മരിയോത്സവത്തിനു ആത്മീയ ശോഭ പകരും.ആഘോഷമായ തിരുന്നാൾ സമൂഹ ബലിയിൽ സഹ കാർമ്മികത്വം വഹിക്കുവാനായി യു കെ യുടെ  നാനാ ഭാഗങ്ങളിൽ നിന്നായി അജപാലന ശുശ്രുഷ ചെയ്യുന്ന മുഴുവൻ വൈദികരുടെയും നീണ്ട നിര തന്നെ ഉണ്ടാവും.
 
പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും പ്രാപിക്കുവാൻ ഏറ്റവും അനുഗ്രഹീതമായ മരിയൻ പുണ്യ കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന തീർത്ഥാടനത്തിലേക്ക് വെസ്റ്റ്മിൻസ്റ്റർ അതിരൂപതയിലെ സ്റ്റീവനേജ്, വെംബ്ലി,എഡ്‌മണ്ടൻ, എൻഫീൽഡ്,വാറ്റ്‌ഫോർഡ്, ഹെയ്‌സ് അടക്കമുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നായി കോച്ചുകളിലും കാറുകളിലുമായി നിരവധി  മാതൃ ഭക്തർ മരിയോത്സവത്തിൽ പങ്കു ചേരും. വെസ്റ്റ്മിൻസ്റ്റർ അതിരൂപതയിലെ സീറോ മലബാർ ചാപ്ലയിൻ കൂടിയായ ഫാ.സെബാസ്ററ്യൻ ചാമക്കാലയാണ് ആഘോഷമായ തീർത്ഥാടന സമൂഹ ബലിയിൽ ഗാന ശുശ്രുഷ നയിക്കുക.