Latest News

"തിരുസ്സഭാ പരിജ്ഞാനം ഇല്ലാതെ ക്രൈസ്തവ വിശ്വാസം അപൂർണ്ണം;അപ്പസ്തോലിക് അധികാരങ്ങൾ ദൈവഹിതം" ഫാ.അരുൺ കലമറ്റം.

2017-07-29 03:10:13am | അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടൻ: "തിരുസ്സഭാ പരിജ്ഞാനം ഇല്ലാതെ ക്രൈസ്തവ വിശ്വാസവും സഭാ സ്നേഹവും അപൂർണ്ണവും, അപ്പസ്തോലിക് അധികാരങ്ങൾ ദൈവ ഹിതത്തിൽ നല്കപ്പെട്ടവയാണെന്നുള്ള ബോദ്ധ്യം ഓരോ സഭാമക്കളും ഗൗരവമായി മനസ്സിലാക്കണമെന്നും" അരുൺ അച്ചൻ.ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സുവിശേഷവൽക്കരണ ദൗത്യത്തിന്റെ ഭാഗമായി യു കെ യിൽ എട്ടു റീജിയണുകളിലായി തിരുവചന ശുശ്രുഷകൾ നടത്തപ്പെടുന്നതിൽ,ലണ്ടൻ റീജിയണിലെ അഭിഷേകാഗ്നി കൺവെൻഷന്റെ വിജയത്തിനായി വൈദികരുടെയും,വോളണ്ടിയേഴ്സ്സിന്റെയും സംയുക്ത യോഗത്തിൽ ദിവ്യ ബലിയും ഒരുക്ക ധ്യാനവും നയിക്കുകയായിരുന്നു ഫാ.അരുൺ. 
 
തിരുസ്സഭയുടെ അപ്പസ്തോലിക അധികാര ഘടനയും, വിവിധ തലങ്ങളും, മെത്രാന്മാരുടെ പങ്ക് അടക്കം തിരുസ്സഭയെ പറ്റിയുള്ള അടിസ്ഥാന പരിജ്ഞാനം വോളണ്ടിയേഴ്സ്സിന് ഫാ.അരുൺ പകർന്നു നൽകുകയായിരുന്നു. വോളണ്ടിയേഴ്‌സിൽ സഭാ ജ്ഞാനവും സ്നേഹവും വിശ്വാസവും വളർത്തുന്നത്തിനുതകുന്ന ധ്യാന ചിന്തകൾ പങ്കു വെച്ച ഫാ.അരുൺ പാലക്കാട് രൂപതാംഗവും റോമിലെ ദൈവശാസ്ത്ര ഗവേഷണ വിദ്യാർഥിയും, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥങ്ങളിൽ അഗാധമായ പാണ്ഡിത്യവുമുള്ള ഉജ്ജ്വല വാഗ്മികൂടിയാണ്. 
 
അഭിഷേകാഗ്നി കൺവെൻഷന്റെ വിജയത്തിനും, തയ്യാറെടുപ്പിനുമായി ലണ്ടനിലെ വാൽത്തംസ്റ്റോ ഔർ ലേഡി ആൻഡ് സെന്റ് ജോർജ്ജ് ദേവാലയത്തിൽ വെസ്റ്റ്മിൻസ്റ്റർ, ബ്രൻഡ് വുഡ്,സതക് രൂപതകളുടെ പരിധിയിലുള്ള മൂന്നു ചാപ്ലിൻസികളുടെ കീഴിലുള്ള കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നെത്തിയ  വോളണ്ടിയേഴ്സ്സിനായിട്ടാണ് ഒരുക്ക ധ്യാനം സംഘടിപ്പിച്ചത്. ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരി ജനറാൾ റവ.ഡോ.തോമസ് പാറയടി, ചാപ്ലൈന്മാരായ ഫാ.ജോസ് അന്ത്യാംകുളം,ഫാ.സെബാസ്റ്റ്യൻ ചാമക്കാല,ഫാ. ഹാൻസ്, ഡീക്കൻ ജോയ്‌സ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
 
സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും, അനേകായിരങ്ങൾക്ക് വിശ്വാസവും,നിത്യ രക്ഷയുടെ മാർഗ്ഗവും തന്റെ ജീവിത ദൗത്യമായി പകർന്നു നൽകിപ്പോരുന്ന അനുഗ്രഹീത തിരുവചന പ്രഘോഷകനായ ഫാ.സേവ്യർ ഖാൻ വട്ടായിൽ ആണ് അഭിഷേകാഗ്നി ശുശ്രുഷകൾ നയിക്കുക.അഭിഷേകാഗ്നി റീജിയണൽ കൺവെൻഷനുകളുടെ സമാപന ശുശ്രുഷയാണ് ലണ്ടനിൽ നടത്തപ്പെടുന്നത്. 
  
ദിവ്യബലിക്ക് ആമുഖമായി ആതിഥേയ ദേവാലയത്തിന്റെ ചാപ്ലയിനും ലണ്ടൻ റീജിയണൽ അഭിഷേകാഗ്നി കൺവെൻഷൻ കോർഡിനേറ്ററുമായ ഫാ.ജോസ് അന്ത്യാംകുളം ഏവരെയും സ്വാഗതം ചെയ്തു കൊണ്ട്  കൺവെൻഷന്റെ വിജയത്തിനുള്ള ഏവരുടെയും നിർലോഭമായ സഹകരണവും,പ്രാർത്ഥനയും അഭ്യർത്ഥിച്ചു.  ഒക്ടോബർ മാസം 29  നു ഞായറാഴ്ച രാവിലെ 10:00 നു ആരംഭിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ വൈകുന്നേരം 6:00 മണിയോടെ സമാപിക്കും.
 
ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ ശ്രേഷ്‌ഠ അജപാലന ശുശ്രുഷയുടെ ഭാഗമായി യു കെ യിലുടനീളം വിശ്വാസ ദീപ്തമാവുന്നതിനും വ്യക്തിഗത നവീകരണത്തിനും അതിലൂടെ കുടുംബവും കൂട്ടായ്മ്മകളും ആദ്ധ്യാൽമിക നവോദ്ധാനത്തിലേക്കു നയിക്കപ്പെടുന്നതിനും രൂപത ആല്മീയമായി ശക്തിപ്പെടുന്നതിനും ഉദ്ദേശിച്ചാണ് തിരുവചന ശുശ്രുഷ സംഘടിപ്പിക്കുന്നത്.
 
എല്ലാ കാതുകളിലും തിരുവചനം എത്തിക്കുന്നതിനും, മനസ്സുകളിൽ അവ ആഴത്തിൽ പതിക്കുന്നതിനും, ജീവിത യാത്രയിൽ രക്ഷയുടെ അമൂല്യ മാർഗ്ഗ ദീപമായി തിരുവചനങ്ങളാൽ നയിക്കപ്പെടുന്നതിനും, പരിശുദ്ധാരൂപിയുടെ അനുഗ്രഹ സ്പർശം പ്രാപിക്കുന്നതിലേക്ക്  ദൈവ നാമത്തിൽ ഏവരെയും 'അഭിഷേകാഗ്നി 2017 ' കൺവെൻഷനിലേക്ക്  ക്ഷണിച്ചു കൊള്ളുന്നതായി സംഘാടക സമിതി അറിയിച്ചു.
 
വിശുദ്ധ ബലിക്ക് ശേഷം അഭിഷേഗ്നി കൺവെൻഷന്റെ നടത്തിപ്പിനായി വോളണ്ടിയേഴ്സ് കമ്മിറ്റിക്കു രൂപം നൽകുകയും ഉണ്ടായി. ലണ്ടൻ റീജിയണൽ അഭിഷേകാഗ്നി കൺവെൻഷൻ : ഒക്ടോബർ 29  ഞായറാഴ്ച രാവിലെ 10:00 മുതൽ ആരംഭിക്കുന്നതാണ്.