Latest News

വട്ടായി അച്ചൻ നയിക്കുന്ന ലണ്ടൻ കൺവെൻഷൻ ഒക്ടോ.29 നു; പരിശുദ്ധാല്മ നിറവിനായി ഉണർവ്വോടെ വിശ്വാസികൾ

2017-09-02 03:19:38am |
"എന്തെന്നാൽ ഭീരുത്വത്തിന്റെ ആല്മാവിനെയല്ല ദൈവം നമ്മൾക്ക് നൽകിയത്; ശക്തിയുടെയും, സ്നേഹത്തിന്റെയും, ആൽമ നിയന്ത്രണത്തിന്റെയും ആല്മാവിനെയാണ്".
തിമോ-2:1-7 .  
 
വിവേചനാശക്തിയുടെ ഉറവിടവും, സത്യ-നന്മകളിൽ സധൈര്യം മുന്നേറുവാനുള്ള ആല്മ ശക്തിയുമായ   പരിശുദ്ധാല്മാവിന്റെ കൃപക്കായി ലോക പ്രശസ്ത തിരുവചന പ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായി അച്ചൻ നയിക്കുന്ന അഭിഷേകാഗ്നി കൺവെൻഷനുകൾക്കായി സഭാ മക്കൾ ആത്‌മീയ ഒരുക്കത്തിൽ. കൺവെൻഷന്റെ അനുഗ്രഹ സാഫല്യങ്ങൾക്കും, ആദ്ധ്യാൽമിക വളർച്ചക്കായും അഭിവന്ദ്യനായ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേരിട്ടുള്ള നേതൃത്വത്തിൽ നടത്തപ്പെടുന്ന കൺവെൻഷനുകളുടെ ഒരുക്കങ്ങൾ ആവേശപൂർവ്വം മുന്നേറിക്കൊണ്ടിരിക്കുകയാണ്.
 
യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം  ദൈവീക അടയാളങ്ങൾക്കായുള്ള കാത്തിരിപ്പിൽ പരിശുദ്ധ അമ്മയും ശിഷ്യരും ധ്യാനത്തിൽ മുഴുകിയിരിക്കവേ,വാഗ്ദത്ത പരിശുദ്ധാൽമാവിനെ അവരിലേക്കു അഭിഷേകം ചെയ്തപ്പോൾ ഉണ്ടായ  അത്ഭുത ശക്തിയുടെ അലയടികൾ ബ്രിട്ടണിൽ മുഴങ്ങുവാനും, രൂപതയിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന മദ്ധ്യയ്സ്ഥ പ്രാർത്ഥനകൾക്കുള്ള  ഉത്തരങ്ങൾ ഓരോ കുടുംബങ്ങളുടെയും അകത്തളങ്ങളിൽ വരെയെത്തി പൂർണ്ണതയോടെ നിറയുവാനുമായി, ആല്മീയവും മാനസികവുമായി ഒരുങ്ങികൊണ്ടു ധ്യാനങ്ങളിൽ പങ്കാളികളാകുവാൻ അഭിവന്ദ്യ അദ്ധ്യക്ഷൻ  മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ഏവരോടും  സാദരം അഭ്യർത്ഥിച്ചു കൊള്ളുന്നു. 
 
പരിശുദ്ധാല്മ അനുഗ്രഹ ദാനങ്ങളുടെ അനർഗ്ഗളമായ പ്രവാഹത്തിന്  സാക്ഷ്യം വഹിക്കുവാൻ വേദിയാവുക ലണ്ടനിലെ പ്രമുഖവും പ്രശസ്തവുമായ അല്ലിയൻസ് പാർക്കാവും. ലണ്ടൻ റീജിയണൽ കൺവെൻഷൻ ഒക്ടോബർ 29 നു ഞായറാഴ്ച രാവിലെ 10:00 മണി മുതൽ വൈകുന്നേരം 6:00 വരെ ആണ് ക്രമീകരിച്ചിരിക്കുന്നത്.  
 
പരിശുദ്ധാല്മ അഭിഷേകത്തിനും,തിരുവചന പ്രഘോഷങ്ങൾക്കുമായി ടെലിവിഷൻ, റേഡിയോ, പ്രസിദ്ധീകരണ, കൺവെൻഷൻ ഇതര മാദ്ധ്യമങ്ങളിലൂടെ സുവിശേഷവത്കരണം നടത്തുന്ന ലോക പ്രശസ്തരായ വചന പ്രഘോഷകരിൽ ശ്രദ്ധേയനും, കേരളത്തിലെ നവീകരണ ശുശ്രുഷകളുടെ സിരാ കേന്ദ്രമായ അട്ടപ്പാടിയിലെ സെഹിയോൻ റിട്രീറ്റ് സെന്ററിന്റെ സ്ഥാപക ഡയറക്ടറും,സീറോ മലബാർ സഭയുടെ പാലക്കാട്  രൂപതയിൽ നിന്നുള്ള തിരുവചനങ്ങളുടെ ഇഷ്‌ട തോഴനുമായ സേവ്യർ ഖാൻ വട്ടായിലച്ചൻ ആണ് ലണ്ടൻ റീജിയണൽ അഭിഷേകാഗ്നി കൺവെൻഷൻ നയിക്കുന്നത് എന്നതിനാൽ തന്നെ ആവേശപൂർവ്വം പ്രതീക്ഷയോടുള്ള കാത്തിരിപ്പിലാണ് വിശ്വാസി സമൂഹം.
 
ആഗോള തലത്തിൽ ലക്ഷക്കണക്കിന് സ്ഥിരം കാഴ്ചക്കാരെ വിശ്വാസത്തിലേക്ക് ആകൃഷ്‌ടരാക്കുന്ന സേവ്യർ ഖാൻ അച്ചന്റെ ഏറ്റവും വലിയ ആദ്ധ്യാൽമിക സംരംഭമായ 'അഭിഷേകാഗ്നി കൺവെൻഷൻ' മലയാളി സമൂഹത്തിൽ ലോകത്താകമാനമായി ഇതിനോടകം കോടിക്കണക്കിന് പങ്കാളികൾ സാക്ഷീകരിച്ചിട്ടുണ്ടത്രെ.
 
 ജനതകളുടെയും ജനങ്ങളുടെയും ദേശങ്ങളുടെയും ആല്മീയ ഉണർവ്വിനായി നടത്തപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനുകൾ യു കെ യുടെ മണ്ണിലും അനുഗ്രഹങ്ങൾക്കും, നവീകരണത്തിനുമിടയാവും. അതിനായുള്ള അടങ്ങാത്ത അഭിലാഷവുമായി രൂപതാ മക്കൾ വട്ടായി അച്ചനെയും,ശുശ്രുഷകളെയും പ്രതീക്ഷകളോടെയുള്ള കാത്തിരിപ്പിലാണ്. 
 
വികാരി ജനറാൾ ഫാ.തോമസ് പാറയടി, ലണ്ടൻ കൺവെൻഷന്റെ കൺവീനർ ഫാ.ജോസ് അന്ത്യാംകുളം, ലണ്ടൻ റീജണൽ കോർഡിനേറ്റർ ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ചാപ്ലയിൻ ഫാ.ഹാൻസ് എന്നിവർ ലണ്ടൻ കൺവെൻഷനിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.