Latest News

എം.എം.സി.എ ഒരുക്കുന്ന മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ ഓണാലോഷം

2017-09-09 03:14:39am |
മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം നാളെ ശനിയാഴ്ച (9/8/17) രാവിലെ 10.30 മുതൽ   ടിമ്പർലി മെത്തഡിസ്റ്റ് ചർച്ച് ഹാളിൽ വച്ച് നടക്കും. രാവിലെ അസോസിയേഷൻ അംഗങ്ങൾ പൂക്കളമിട്ട് ആഘോഷങ്ങൾ തുടക്കം കുറിക്കും. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടേയും ഇൻഡോർ മത്സരങ്ങൾ നടക്കും. ഇൻഡോർ മത്സരങ്ങൾക്ക് ശേഷം കൃത്യം 11.30 ന് എം.എം.സി.എ ട്രോഫിക്ക് വേണ്ടിയും, അലീഷാ ജിനോ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുമുള്ള അത്യന്തം ആവേശകരമായ പുരുഷ വനിതാ വടംവലി മത്സരം നടക്കും.
 
ഉച്ചക്ക് കേരളീയ ശൈലിയിൽ 22 തരം വിഭവങ്ങൾ നാടൻ വാഴയിലയിൽ ഒരുക്കിയുള്ള ഒന്നാന്തരം ഓണസദ്യ. ഓണസദ്യക്ക് ശേഷം അസോസിയേഷന്റെ വാർഷിക പൊതുയോഗം ആരംഭിക്കും. തുടർന്ന് 2017-19 വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുക്കും.
 
 തന്റെ പ്രജകളെ വർഷത്തിലൊരിക്കൽ കാണുവാനും അവർക്ക് ദർശനം കൊടുക്കുവാനും മാവേലി മന്നൻ എഴുന്നെള്ളും. മാവേലി തമ്പുരാന് മാഞ്ചസ്റ്റർ മലയാളികൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉജ്ജ്വല സ്വീകരണം നല്കും. തുടർന്ന് സെക്രട്ടറി അലക്സ് വർഗ്ഗീസ് സ്വാഗതം  ആശംസിക്കും. എം.എം.സി.എ പ്രസിഡന്റ് ജോബി മാത്യു ഓണാഘോഷം ഉദ്ഘാടനം ചെയ്യും. മുൻ പ്രസിഡന്റുമാരായ റെജി മടത്തിലേട്ട്, ഉതുപ്പ്.കെ.കെ, മനോജ് സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ട്രഷറർ സിബി മാത്യു നന്ദി പ്രകാശിപ്പിക്കും.
 
പൊതുയോഗശേഷം കൾച്ചറൽ കോഡിനേറ്റർമാരായ ജനീഷ് കുരുവിള, സുമ ലിജോ എന്നിവർ അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. തിരുവാതിര, ഓണപ്പാട്ട്, ഫാഷൻ പരേഡ്, കോമഡി സകിറ്റ്, വിവിധ നൃത്തരൂപങ്ങൾ എന്നിവ വേദിയിൽ അവതരിപ്പിക്കും. വൈകുന്നേരം 6 മണിയോടു കൂടി ഓണാഘോഷ പരിപാടികൾക്ക് സമാപനം കുറിക്കും.
 
എം.എം.സി.എ യുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്ത്  മാവേലി വാണ മലയാള നാടിന്റെ നന്മയും, പൊന്നോണത്തിന്റെ മധുര സ്മരണകളും ഒരിക്കൽ കൂടി മനസിലേറ്റാൻ, ആഹ്ളാദിച്ചുല്ലസിക്കുവാൻ എല്ലാവരേയും   ടീം എം.എം.സി.എ യ്ക്ക് വേണ്ടി സെക്രട്ടറി അലക്സ് വർഗ്ഗീസ് സ്വാഗതം ചെയ്യുന്നു.