Latest News

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ കുടുംബം ഒന്നാകെ മാതൃസന്നിധിയിലേക്ക്; രൂപതയുടെ നേതൃത്വത്തില്‍ ആദ്യ വാല്‍സിങ്ഹാം തീര്‍ഥാടനത്തിന് മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും

2017-03-19 05:58:33am | ഫാ. ബിജു കുന്നയ്ക്കാട്ട്

വാല്‍സിങാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്നറിയപ്പെടുന്ന പുണ്യപുരാതനവും ചരിത്രപ്രസിദ്ധവുമായ വാല്‍സിങാമിലേക്ക് ഈ വര്‍ഷം ജൂലൈ 16 ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ കുടുംബങ്ങളൊന്നാകെ വന്നെത്തും. കഴിഞ്ഞ പത്തു വര്‍ഷമായി ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ വൈദികരും അല്‍മായ വിശ്വാസികളും പ്രധാന നേതൃത്വം നല്‍കി നടത്തിയിരുന്ന ഈ തീര്‍ഥാടനം ഈ വര്‍ഷം മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത പ്രധാന നേതൃത്വം നല്‍കുന്നു എന്ന പ്രത്യേകതയുമുണ്ട്.

എല്ലാ വര്‍ഷവും ആയിരങ്ങള്‍ പങ്കെടുക്കുന്ന വാല്‍സിങാം തീര്‍ഥാടനം  പരിശുദ്ധ മാതാവിനോടുള്ള നന്ദി പ്രകാശനം കൂടി ആയാണ് രൂപത ഏറ്റെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 28നാണ് ഗ്രേറ്റ്  ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചതും രൂപതയുടെ ആദ്യ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കലിനെ നിയമിച്ചതും.

1061ല്‍ വാല്‍സിങാമില്‍ കുലീനയായ ഒരു സ്ത്രീക്ക് പരിശുദ്ധ മറിയം ദര്‍ശനം നല്‍കുകയും നസ്രത്തിലെ തിരുക്കുടുംബ ഭവനത്തിന്റെ മാതൃകയില്‍ ഒരു വീട് നിര്‍മിച്ച് ദൈവദൂതന്‍ നസ്രത്തിലെ ഭവനത്തില്‍  വച്ചു നല്‍കിയ മംഗള വാര്‍ത്താ സംഭവത്തെ ആദരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പരിശുദ്ധ മാതാവിന്റെ നിര്‍ദേശം അനുസരിച്ച് ഭവനം നിര്‍മിക്കുകയും സിംഹാസസ്ഥയായ മറിയത്തിന്റെ മടിയില്‍ ഉണ്ണിയേശു ഇരിക്കുന്ന മാതൃകയില്‍ ഒരു ശില്പം നിര്‍മിക്കുകയും ചെയ്തു. അക്കാലം മുതല്‍ നോര്‍ത്തേണ്‍ യൂറോപ്പിലെ ഏറ്റവും വിഖ്യാതമായ മരിയന്‍ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് വാല്‍സിങാം.

ഈ വര്‍ഷം നടക്കുന്ന തീര്‍ഥാടനത്തില്‍ ഫാ. സോജി ഓലിക്കലും സംഘവും നേതൃത്വം നല്‍കുന്ന മരിയന്‍ പ്രഭാഷണം, മാതാവിന് അടിമ വയ്ക്കല്‍, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കുന്ന പൊന്തിഫിക്കല്‍ കുര്‍ബാന എന്നിവ ഉണ്ടായിരിക്കും. മാതൃഭക്തിയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ സീറോ മലബാര്‍ വിശ്വാസികളും മറ്റു ക്രൈസ്തവസഭകളിലെ അംഗങ്ങളും ഏറെ താല്‍പ്പര്യത്തോടെയാണ് എല്ലാ വര്‍ഷവും തീര്‍ഥാടനത്തില്‍ പങ്കുചേരുന്നത്.

കുറവിലങ്ങാട്ടു മുത്തിയമ്മയും കൊരട്ടി മുത്തിയും വല്ലാര്‍പാടത്തമ്മയും പാറേല്‍ മാതാവുമൊക്കെയായി നിരവധി പേരുകളില്‍ കേരള ക്രൈസ്തവരുടെ മനസില്‍ പ്രത്യേക സ്ഥാനമുള്ള പരിശുദ്ധ മറിയത്തെ ഇവിടെ വാല്‍സിങാം മാതാവായി വിശ്വാസികള്‍ നെഞ്ചിലേറ്റുന്നു. എല്ലാം വിശ്വാസികളെയും തീര്‍ഥാനത്തിന് ക്ഷണിച്ചു കൊണ്ടുള്ള രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ വീഡിയോ ചുവടെ: