Latest News

ലണ്ടൻ റീജണൽ ബൈബിൾ കലോത്സവം സെന്റ് ജോൺ ബോസ്‌കോ കോളേജിൽ

2017-09-30 02:04:00am | അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സംഘടിപ്പിക്കുന്ന ഒന്നാമത് രൂപതാ ബൈബിൾ കലോത്സവത്തിന്റെ മുന്നോടിയായുള്ള റീജണൽ മത്സരങ്ങളിൽ ലണ്ടൻ മേഘലാ മത്സരങ്ങൾ നാളെ നടത്തപ്പെടും.ലണ്ടനിലെ സെന്റ് ജോൺ ബോസ്‌കോ കോളേജാണ് കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്.വ്യത്യസ്ത സ്റ്റേജുകളിലായി വിവിധയിനം മത്സരങ്ങൾ ഒരേ സമയം നടത്തുവാനുള്ള സൗകര്യവും,സജ്ജീകരങ്ങളും മത്സര വേദിക്കുണ്ട്.

വിശുദ്ധ ഗ്രൻഥം പകർന്നു നൽകിയ വിശ്വാസ സത്യങ്ങളുടെ അറിവും,തിരുവചനങ്ങളും, ബൈബിൾ ഉപമകളും കലാപരമായി പ്രഘോഷിക്കുവാൻ ഉള്ള പാഠവവും അരങ്ങത്തെത്തിക്കുവാൻ ഉള്ള സുവർണ്ണാവസരമാണ് കുട്ടികൾക്കും,യുവജനങ്ങൾക്കും പ്രഥമ ബൈബിൾ കലോത്സവത്തിലൂടെ ലഭിക്കുക.

ലണ്ടൻ റീജണിലെ വെസ്റ്റ്മിൻസ്റ്റർ, ബ്രെൻഡ്‌വുഡ്, സൗത്താർക്ക് ചാപ്ലിൻസികളുടെ പരിധിയിൽ വരുന്ന ഓരോ കുർബ്ബാന കേന്ദ്രങ്ങളിലും നടത്തപ്പെട്ട പ്രാഥമിക മത്സരങ്ങളിലെ വിജയികളാണ് റീജണൽ മത്സരങ്ങളിൽ മാറ്റുരക്കുക.റീജണൽ മത്സരങ്ങളിലെ വിജയികൾ നവംബർ 4 നു നടത്തപ്പെടുന്ന അഖില രൂപതാ ബൈബിൾ കലോത്സവ ഫിനാലയിൽ മാറ്റുരക്കുവാൻ അർഹരാവും.

ലണ്ടൻ റീജണൽ ബൈബിൾ കലോത്സവം നാളെ ശനിയാഴ്ച രാവിലെ 9:00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5:00 മണിയോടെ പൂർത്തീകരിക്കുവാനുമുള്ള ക്രമീകരണങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരിക്കുന്നത്.

കലോത്സവത്തിന്റെ വിജയത്തിനായുള്ള ഏവരുടെയും നിസ്സീമമായ സഹകരണവും,  പ്രോത്സാഹനവും അഭ്യർത്ഥിക്കുന്നതോടൊപ്പം അത്യന്തം വാശിയേറിയ മികവുറ്റ മത്സരങ്ങൾക്ക് നേർ സാക്ഷികളാകുവാൻ  ഏവരെയും സെയിന്റ് ജോൺ ബോസ്‌കോ കോളേജിലെ കലോത്സവ വേദിയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നതായി വികാരി ജനറാൾ ഫാ.തോമസ് പാറയടി,ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യൻ ചാമക്കാലായിൽ, ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാൻസ് പുതുക്കുളങ്ങര എന്നിവർ  അറിയിച്ചു.

ബൈബിൾ കലോത്സവ വേദിയുടെ വിലാസം:

സെയിന്റ് ജോൺ ബോസ്‌കോ കോളേജ്,പാർഖാം സ്ട്രീറ്റ്, ബാറ്റർ സീ, എസ് ഡബ്ല്യൂ 11  3 ഡി ഒ