Latest News

മാഞ്ചസ്റ്റർ സെൻറ്.മേരീസ് ക്നാനായ ചാപ്ലിയൻസിയിൽ തിരുനാളിന് കൊടിയേറി; ആഘോഷപൂർവ്വമായ തിരുനാളിന് ഇനി നാല് ദിനം കൂടി

2017-10-04 01:36:59am | അലക്‌സ് വര്‍ഗീസ്‌

മാഞ്ചസ്റ്റർ: യു കെയിലെ പ്രഥമ കനാനായ ചാപ്ലിൻയസിയിലെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് കൊടിയേറി. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് വിഥിൻഷോയിലെ സെന്റ്. എലിസബത്ത് ദേവാലയത്തിലാണ് ഭക്തിപൂർവ്വമായ ദിവ്യബലിക്കും, ലദീഞ്ഞിനും ശേഷമായിരുന്നു ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് കൊടിയേറിയത്. ഇടവക വികാരിയും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വികാരി ജനറാളുമായ മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുരയിൽ ആണ് കൊടിയേറ്റം നടത്തിയത്. ദേവാലയത്തിൽ ഉണ്ടായിരുന്ന  നൂറ് കണക്കിന് വിശ്വാസികൾ തിരുനാളിന്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥകൾ നടത്തുകയും  തുടർന്ന് തിരുനാൾ ഏറ്റ് നടത്തുന്ന പ്രസുദേന്തിമാരെ വാഴിക്കലും നടന്നു.

പ്രധാന തിരുനാൾ അടുത്ത ശനിയാഴ്ച ഒക്ടോബർ 7 ന് ആയിരിക്കും നടക്കുക.  വിഥിൻഷോ സെന്റ്.ആൻറണീസ് ദേവാലയത്തിൽ നടക്കുന്ന പ്രധാന തിരുനാളിന് യു.കെ. കെ.സി.എ യുടെ വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള നിരവധി വിശ്വാസികൾ സംബന്ധിക്കും. യു കെ കെ സി എ സെൻട്രൽ കമ്മിറ്റിയുടെയും, മാഞ്ചസ്റ്റർ തിരുനാൾ കമ്മിറ്റിയുടെയും, കൂടാരയോഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തിരുനാൾ ഭക്തിപൂർവ്വമായി ആഘോഷിക്കുവാൻ പ്രവർത്തിച്ച് വരുന്നു.

വത്തിക്കാൻ സ്ഥാനപതി മാർ കുര്യൻ വയലുങ്കൽ, ഗ്രേറ്റ് ബ്രിട്ടൻ രൂപതാ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷ്രൂസ്ബറി രൂപതാ ബിഷപ്പ് മാർക്ക് ഡേവിസ്  എന്നിവർ തിരുനാളിന്റെ വിവിധ കർമ്മങ്ങൾക്ക് നേതൃത്വം നല്കും. അഭിവന്ദ്യ പിതാക്കൻമാരെ മുത്തുക്കുടകളുടെയും വാദ്യമേളങ്ങളോടെയും ദേവാലയത്തിനുള്ളിലേക്ക് വിശ്വാസ സമൂഹം സ്വീകരിച്ചാനയിക്കുന്നതോടെ ആരംഭിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ പിതാക്കൻമാരോടൊപ്പം നിരവധി വൈദികരും സഹകാർമികരാകും. തുടർന്ന് മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് കൊണ്ടുള്ള  പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തിൽ പൊന്നിൻ കുരിശും, വെള്ളിക്കുരിശും, കൊടികളും, വിവിധ വർണ്ണത്തിലുള്ള മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശ്വാസി സമൂഹം വിഥിൻഷോയുടെ നഗരവീഥികളിലൂടെ നടന്ന് നീങ്ങും. യുകെയിലെ പ്രമുഖ ചെണ്ട മേളക്കാരായ വാറിംഗ്ടൺ  മേളവും, ഐറിഷ് ബാൻറും പ്രദക്ഷിണത്തിന് താളക്കൊഴുപ്പേകും.

പ്രദക്ഷിണം തിരികെ ദേവാലയത്തിൽ പ്രവേശിശേഷം ലദീഞ്ഞ്, വാഴ്‌വ് എന്നിവയും ഉണ്ടായിരിക്കും. കഴുന്ന് എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. ദേവാലയത്തിലെ ശുശ്രൂഷകൾക്കും ആഘോഷങ്ങൾക്കും ശേഷം വിഥിൻഷോ ഫോറം സെന്ററിൽ അഭിവന്ദ്യ പിതാക്കൻമാർക്ക് സ്വീകരണവും കലാസന്ധ്യയും അരങ്ങേറും. മാഞ്ചസ്റ്ററിൽ ക്നാനായ ചാപ്ലയൻസിയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുനാളിൽ പങ്കെടുത്ത് മാതാവിന്റെ പ്രത്യേക അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും ഇടവക കമ്മിറ്റിക്ക് വേണ്ടി വികാരി ഫാ. സജി മലയിൽ പുത്തൻപുരയിൽ സ്വാഗതം ചെയ്യുന്നു.